Monday, June 9, 2014

"യതീംഖാന എനിക്കൊരു ബാപ്പയെ തന്നു; ജീവിതവും"


ഓമശ്ശേരി: പറയാനൊരു പേരില്ലാതെ, സ്വന്തമായൊരു മേല്‍വിലാസമില്ലാതെ ഒരു ജീവിതം. മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായ ഫൈസലിന് ആ അവസ്ഥയെക്കുറിച്ച് നന്നായറിയാം. കാരണം, ഭാഗ്യം മുക്കം യതീംഖാനയുടെ രൂപത്തില്‍ ഫൈസലിനെ തേടിയെത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ജീവിതം ഫൈസലിന് ഒരു സ്വപ്‌നമായി ശേഷിച്ചേനെ.... 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ ഉപേക്ഷിക്കപ്പെട്ട് മുക്കം യതീംഖാനയിലെത്തിയ അദ്ദേഹത്തിന് വീടും തറവാടും കുടുംബവും എല്ലാം ആ ചുമര്‍ക്കെട്ടുകള്‍ക്കുള്ളിലാണ്. പിതാവിന്റെ പേരെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ ഫൈസല്‍ പറയും മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ അമരക്കാരന്‍ വി. മോയിമോന്‍ ഹാജിയാണെന്ന്. കാരണം ഓര്‍മ്മവെച്ച നാള്‍തൊട്ട് കാണാന്‍ തുടങ്ങിയതാണ് മോയിമോന്‍ ഹാജിയെ. അനാഥനാണെന്ന യാഥാര്‍ത്ഥ്യം അറിയുന്നതുവരെയും അതിന് ശേഷവും ആ സ്ഥാനത്തുനിന്ന് ഹാജിയെ മാറ്റാന്‍ഫൈസല്‍ തയ്യാറായിട്ടില്ല. അത്രത്തോളം സ്‌നേഹവും പരിഗണനയും മോയിമോന്‍ ഹാജിയില്‍ നിന്ന് ഫൈസലിന് കിട്ടിയിട്ടുണ്ട്. അനാഥനാണെന്ന തോന്നല്‍ അറിയിക്കാതെ സ്വന്തം കുട്ടികളെ പോലെ കണ്ടാണ് യതീംഖാനയില്‍ നിന്ന് ഓരോ കുട്ടിയേയും പറഞ്ഞയക്കുന്നത്.
യതീംഖാനയില്‍ പഠിച്ച ശേഷം ഓര്‍ഫനേജിന്റെ മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാനുള്ള അവസരവും ഫൈസലിന് ലഭിച്ചത് അതുകൊണ്ടാണ്. ജീവിക്കാന്‍ മാര്‍ഗം കണ്ടെത്തി കൊടുത്തതിലൂടെയും തീരുന്നില്ല ഓര്‍ഫനേജ് ഫൈസലിന് നല്‍കിയ സൗഭാഗ്യങ്ങള്‍.


1998ല്‍ വീടും 2003ല്‍ ജീവിത പങ്കാളിയെയും നല്‍കിയതിലൂടെ ഒരു മനുഷ്യായുസില്‍ വേണ്ടതെല്ലാം കരസ്ഥമാക്കാന്‍ അദ്ദേഹത്തിനായി. ഏതോ ദിശയിലേക്ക് പോകുമായിരുന്ന തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കിയ ആ മാതൃകാ സ്ഥാപനത്തെക്കുറിച്ച് കേള്‍ക്കുന്ന അപവാദ പ്രചരണങ്ങള്‍ ഫൈസലില്‍ ഞെട്ടലിനപ്പുറം അത്ഭുതമാണ് ജനിപ്പിക്കുന്നത്. ഒരാശ്രയവുമില്ലാത്ത അനേകം കുട്ടികള്‍ക്ക് അത്താണിയായി വര്‍ത്തിക്കുന്ന മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ യതീംഖാനയൊന്ന് സന്ദര്‍ശിക്കണമെന്ന് ഫൈസല്‍ പറയുന്നു.


അനേകം യതീം കുട്ടികളെ വിദ്യാസമ്പന്നരാക്കി അവര്‍ക്ക് ജീവിതം നേടിക്കൊടുത്ത മുക്കം യതീംഖാനയെ തകര്‍ക്കാനുള്ള നിഗൂഢനീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍ധനരും നിരാലംബരുമായ കുട്ടികളെ സംരക്ഷിക്കാന്‍ നിലകൊള്ളുന്ന യതീംഖാനകളെ തകര്‍ക്കാനുള്ള ശ്രമത്തിന് ആരും കൂട്ടുനില്‍ക്കരുതെന്നും സ്വന്തം ജീവിതത്തെ സാക്ഷിയാക്കി ഫൈസല്‍ പറയുന്നു. നാസദയാണ് ഫൈസലിന്റെ ഭാര്യ. മുഹമ്മദ് ഇര്‍ഫാന്‍ (10), ആയിശ മഹ്‌സ (7), ഹിന മെഹ്‌റിന്‍ (രണ്ടര) എന്നിവര്‍ മക്കളാണ്.

സമസ്‌തയുടെ ഗുരുത്വമാണ്‌ തന്റെ ശക്തി : നൌഷാദ്‌ ബാഖവി ചിറയിന്‍കീഴ്‌

മനാമ: മഹാന്മാരായ പണ്‌ഢിതരും സയ്യിദരുമടങ്ങുന്ന സമസ്‌തയാണ്‌ തന്റെ ശക്തിയെന്നും ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദടക്കമുള്ളവരുടെ ഗുരുത്വവും പൊരുത്തവുമാണ്‌ തന്നെ മുന്നോട്ടു നയിക്കുന്നതെന്നും അതു കൊണ്ടു തന്നെ സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക്‌ തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ നൌഷാദ്‌ ബാഖവി ചിറയിന്‍ കീഴ്‌ പറഞ്ഞു.

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത്‌ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ശത്രുക്കളുടെ സൂക്ഷമ നിരീക്ഷണങ്ങളില്‍ അലിഞ്ഞു പോകുന്നവരല്ല തന്റെ ഗുരുനാഥ•ാര്‍. ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദിന്റെ സാമീപ്യം താന്‍ അനുഭവിച്ചതാണ്‌. മഹാന്റെ സാമീപ്യം അനുഭവിച്ചവര്‍ ജീവിതത്തില്‍ വലിയ ഭാഗ്യം ലഭിച്ചവരാണ്‌. ശൈഖുനാ കോയക്കുട്ടി ഉസ്‌താദിന്റെയും എളിയമയാര്‍ന്ന ജീവിതം അനുഭവിക്കാന്‍ തനിക്ക്‌ കുവൈത്തില്‍ വെച്ച്‌ ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. അവരുടെ സൂക്ഷമതയും വിനയവും നമുക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്തതാണെന്നും എന്നാല്‍ അവരുടെ ഗുരുത്വവും പൊരുത്തവും നേടുക വഴി നമുക്ക്‌ ജീവിത വിജയം നേടാം എന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സമസ്‌ത ബഹ്‌റൈന്‍ പ്രസി.സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയതങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌, ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ്‌ ഹാജി, കോ–ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി, മൂസ മൌലവി വണ്ടൂര്‍, ഖാസിം റഹ്‌ മാനി, ശഹീര്‍കാട്ടാമ്പള്ളി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി, മുസ്ഥഫ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Sunday, June 8, 2014

ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് അഞ്ചുവര്‍ഷം: മലപ്പുറത്ത് ആത്മീയ സദസ്സ്


മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ഇന്ന് അഞ്ച് 
വര്‍ഷം പൂര്‍ത്തിയാകുന്നു. ഹിജ്‌റ വര്‍ഷം 1430 ശഅ്ബാന്‍ ഒമ്പതിന് വിട പറഞ്ഞ 
തങ്ങളെ അനുസ്മരിച്ച് ഇന്ന് 4 മണിക്ക് മലപ്പുറത്ത് ആത്മീയ സദസ്സ് സംഘടിപ്പിക്കും. മൂന്ന് 
മണിക്ക് പാണക്കാട് മഖാമില്‍ നടക്കുന്ന കൂട്ട സിയാറത്തിന് കോഴിക്കാട് ഖാസി പാണക്കാട് 
നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മലപ്പുറം ശിഹാബ് 
തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് 
ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 
പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച മുദരിസിനുള്ള ശിഹാബ് 
തങ്ങള്‍ സ്മാരക അവാര്‍ഡ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമ്മാനിക്കും. പി.കെ 
അബ്ദുല്‍ ഗഫൂര്‍ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തും.
മൗലിദ് സദസ്സ്, ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന എന്നിവയോടെ നടക്കുന്ന ആത്മീയ 
സദസ്സിന് പി കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ 
ഫൈസി, ഹാജി കെ മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, കാളാവ് സൈതലവി 
മുസ്‌ലിയാര്‍, അലവി ഫൈസി കൊളപ്പറമ്പ് നേതൃത്വം നല്‍കും. മികച്ച മുദരിസിനുള്ള 
ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ മേല്‍മുറി ആലത്തൂര്‍ പടി മുദരിസ് സി.കെ 
അബ്ദുറഹ്മാന്‍ ഫൈസിയെ ചടങ്ങില്‍ ആദരിക്കും.

Tuesday, May 20, 2014

ജാമിഅ മില്ലിയ സര്‍വ്വകലാശാലക്ക് കാസര്‍ഗോഡ് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു

കാസര്‍ഗോഡ് : ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍വ്വകലാശാല ജാമിഅ മില്ലിയ ഇസ്ലാമിയക്ക് ജില്ലയില്‍ പഠനകേന്ദ്രം അനുവദിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സി (എം.ഐ.സി) ലാണ് ജാമിഅ മില്ലിയ പഠനകേന്ദ്രം (സെന്റര്‍ ഓഫ് ഡിഷ്റ്റന്‍സ് ആന്‍ഡ് ഓപ്പണ്‍ ലേണിങ്) അനുവദിച്ചത്. എം ഐ സി ക്യാമ്പസില്‍ തന്നെ ജാമിഅ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വ്വകലാശാലയുടെ പരീക്ഷ കേന്ദ്രവും ഉണ്ടായിരിക്കും.
എം.എ ഇംഗ്ലീഷ്, എം.എ സോഷ്യോളജി, ബാച്‌ലര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പഠനകേന്ദ്രത്തിന് അനുവദിച്ചത്.
കേരളത്തില്‍ നിന്ന് ലഭിച്ച 50 ല്‍ പരം അപേക്ഷകളില്‍ നിന്ന് മൂന്നിടങ്ങളിലാണ് പഠനകേന്ദ്രങ്ങള്‍ അനുവദിച്ചത്. ഇസ്ലാമിക് കോളേജ് തളിക്കുളം തൃശ്ശൂര്‍, സി.ഐ.സി മര്‍ക്കസുത്തര്‍ബിയത്തുല്‍ ഇസ്ലാമിയ വളാഞ്ചേരി മലപ്പുറം എന്നിവിടങ്ങളാണ് സംസ്ഥാനത്തെ മറ്റു പഠനകേന്ദ്രങ്ങള്‍. പ്രവേശന നടപടികള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പഠനകേന്ദ്രങ്ങളിലും www.jmi.ac.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
ന്യൂ ഡല്‍ഹി ജാമിഅ മില്ലിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. എസ്.എ.എം പാഷ, ജാമിഅ മില്ലിയ ഡിഷ്റ്റന്‍സ് എജ്യുക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ ചട്ടഞ്ചാലിലെ എം.ഐ.സി ക്യാമ്പസ് സന്ദര്‍ശിച്ച് അക്കാദമിക് കരാറിലേര്‍പ്പെട്ടു. എം.ഐ.സി പ്രസിഡന്റ് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, അഡ്വ. സി.എന്‍ ഇബ്രാഹിം, ഡോ. സലീം നദ്‌വി എന്നിവര്‍ സംബന്ധിച്ചു.

Tuesday, May 6, 2014

ശഹീദ് ടിപ്പു സുല്‍ത്താന്റെ വീര ചരമതിനു വയസ്സ് 215


                                            
നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനിടെ ടിപ്പു ബ്രിട്ടീഷുകാരോട് പോരാടി മരിക്കുകയായിരുന്നു... ടിപ്പുവിനോടുള്ള കടുത്ത വിരോധംമൂലം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ കൊട്ടാരവും മറ്റ് കെട്ടിടങ്ങളും തകര്‍ത്തുകളഞ്ഞു. ഒഴിവുകാല വസതിയും ആയുധപ്പുരയും മാത്രമാണ് ഇന്നും ബാക്കിയുള്ള ചരിത്രസ്മാരകങ്ങള്‍. .മാത്രമല്ല ഇന്ത്യയിലെ തങ്ങളുടെ ശക്തമായ ശത്രുവിനെ പേരില്‍ കള്ള കഥകള്‍ മെനഞ്ഞു. 
>ഇന്നത്തെ ചരിത്ര താളുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ സന്തിയില്ല സമരം ചെയ്ത ഭരണാധികാരി അല്ലെങ്ങില്‍ തന്ത്രഞാനായ യോദ്ധാവിന്റെ മുഖം നല്‍കുന്നതിനു പകരം മത ഭ്രാന്തന്‍ എന്ന് മുദ്രകുത്തി കൊണ്ടിരിക്കുന്ന ഹിന്ദു തീവ്രവാദികള്‍ അറിയാന്‍ ചില കാര്യങ്ങള്‍....


"മത ബ്രന്തനായ" ടിപ്പുവിന്റെ സൈന്യത്തില്‍ 5 ശതമാനം മാത്രമേ മുസ്ലിം സൈനികന്മാര്‍ ഉണ്ടായിരുന്നു ഭാക്കിയുള്ള 95 ശതമാനം സൈനികരും മറ്റു മതക്കാരായിരുന്നു.. 95 ശതമാനം ഹിന്ദുക്കളെയും വെച്ച് ടിപ്പുവിന് എങ്ങനെ മത ഭ്രാന്ത് കാണിക്കാന്‍ പറ്റും എന്ന് എത്ര ചിന്ധിച്ചിട്ടും പിടി കിട്ടുന്നില്ല...മാത്രമല്ല മൈസൂര്‍ രാജ്യത്തില്‍ ആണെങ്ങില്‍ മുസ്ലിം സമൂഹത്തിന്റെ ജന സംഖ്യ ഇരുപത് ശതമാനം മാത്രമാണ് ഭാക്കി 80 ശതമാനം ഹിന്ദുക്കള്‍ പ്രജകളായി ഉണ്ട്തനും... അദ്ധേഹത്തിന്റെ എല്ലാ നേതാകന്മാരും ദീവന്മാരും ഹിന്ദുക്കള്‍ തന്നേയ് ആയിരുന്നു..പൂര്‍ണയ്യ,കൃഷ്ണയ്യ ,കൃഷ്ണ റാവു അങ്ങനെ പ്രധാന എല്ലാ നേതാക്കളും ഹിന്ദുക്കള്‍ ആയിരുന്നു....ബ്രിടീഷ് കാരന്റെ ഹുങ്കിന് നേര്‍ക്ക്‌ ശക്തമായി പോരാടിയ ഭരണാധികാരി അവരുടെ അതിനിവേഷത്തിനു എതിരെ പല നൂതന യുദ്ധോപകരണങ്ങളും വെച്ച് പ്രതികരിച്ച ഭരണതികരിയും ശകതനായ പടയാളിയും ആയിരുന്നു ശഹീദ് ടിപ്പു സുല്‍ത്താന്‍.... ഹിന്ദു തീവ്ര വാദികള്‍ ഇന്ന് ചരിത്ര താളുകളില്‍ തിരുകി കയറ്റിയ പല രാജാക്കന്മാരും ഒന്നിനും കൊള്ളാത്ത ,കഴിവ് കേട്ട , ബ്രിടീഷ് സാമ്രാജ്യത്തിനു ദാസ വേല ചെയ്തു കൊടുത്ത രാജാക്കന്മാര്‍ ആയിരുന്നു....ബ്രിടീഷ് കാര്‍ കണ്ണുരുട്ടിയാല്‍ പേടിച്ചു പോകുന്ന രാജാക്കന്മാര്‍ അന്ന് പല സ്ഥലങ്ങളിലെയും...
കേരളചരിത്ര രചയിതാക്കളില്‍ അതികവും കേരളത്തിലെ മ്യ്സ്പ്പ്ര്‍ ഭരണത്തെ കുറിച്ച് പറയുന്ന സംഗതി അത് മത ബ്രന്തിന്റെയും അമ്പലദ്വംസനതിന്റെയും അസഹിഷ്ണുതയുടെയും കാലമായിരുന്നു എന്നാണു ഈ പല്ലവി ഇന്നും ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നു കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാര്‍ത്ഥമായ പിന്തുണ തങ്ങള്‍ക്കു ലഭിക്കണമെന്ന് ഉധേഷതോട് കൂടി ഇന്ഗ്ലീഷ് കമ്പനി ഉധ്യോഗസ്തര്‍ മനപൂര്‍വം പടച്ചു വിട്ട കള്ളാ കഥകള്‍ അതേപടി വിശ്വസിക്കാനിടയതാണ് ഇ ആരോപണം തലമുറകളായി ആവര്‍ത്തിക്കാന്‍ കാരണം .ഇന്ത്യയിലെ തങ്ങളുടെ ശക്തമായ ശത്രുവിനെ മത ബ്രന്തനായി ചിത്രികക്കാന്‍ അവര്‍ക്ക് പ്രതേക താല്പര്യം ഉണ്ടായിരുന്നുതാനും... .
>ടിപ്പു സുൽത്താൻ !നാട്ടുരാജാക്കന്മാർ ബ്രിട്ടന്‌ ദാസ്യവേല ചെയ്തു ഉറക്കം നടിച്ചപ്പോൾ ഉണർന്നിരുന്നു പോരാടിയ ഇന്ത്യൻ യോദ്ധാവ് . ബ്രിട്ടീഷുകാരൻ ഇന്ത്യയിൽ ഏതെങ്കിലും ഒരു രാജാവിനെ ഇത്രമാത്രം ഭയപ്പെട്ടു എങ്കിൽ അത് ടിപ്പുവിനേ മാത്രമായിരുന്നു അതുകൊണ്ട് തന്നെയാണ് തോൽവി അണയും എന്ന ഘട്ടത്തിൽ ബ്രിട്ടീഷുകാരോട് എതിർക്കാൻ പല നാട്ടു രാജ്യങ്ങലും അവസാനത്തെ സൈനിക സഹായത്തിനായി ടിപ്പുവിന്റെ മുന്നിലെതിയിരുന്നത്‌ അതിൽ കേരള വീര സിംഹം പഴശി രാജ വരെ ടിപ്പുവിന്റെ സഹായം അഭ്യർഥിച്ചു എന്ന് ചരിത്രം പറയുമ്പോൾ നമുക്ക് മനസിലാക്കാം ടിപ്പു എത്ര മാത്രം ശക്തൻ ആയിരുന്നു എന്ന് . മറ്റൊന്ന് ഫ്രഞ്ച് ഭരണധികാരിയായ നെപോളിയനും ആയുള്ള ടിപ്പുവിന്റെ അഗാധമായ ഹൃദയ ബന്ധം ആണ് അത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി ഇന്ത്യയെ മോചിപ്പിക്കാൻ ഉള്ള ഫ്രഞ്ച് ചക്രവർത്തിയുടെ നീക്കത്തിൽ വരെ എത്തി എന്നോർക്കുമ്പോൾ എത്രമാത്രം ടിപ്പുവിന്റെ വ്യാപ്തി എന്ന് നമുക്ക് ഊഹിക്കവുന്നതേ ഉള്ളൂ. നെപ്പോളിയന്റെ വാട്ടെർലൂ പതനത്തിലൂടെ ആ നീക്കം ഇല്ലാതായില്ല എന്നിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു . വെടിമരുന്ന് , മിസൈൽ , തോക്ക് തുടങ്ങിയ ആ കാലത്തേ ഏറ്റവും നവീനമായ ആയുധ ശേഷി ടിപ്പുവിന്റെ സൈന്യതിനുണ്ടായിരുന്നു .അതോടൊപ്പം തന്നെ പഴശിയുടെ ആവശ്യപ്രകാരം സഹ്യനിലൂടെ ടിപ്പു കേരളം കടന്നു എങ്കിൽ ഭാഗികമയെങ്കിലും ഇന്ത്യ മോചനം നേടിയേനെ. അവിടെ ടിപ്പുവിന്റെ മരണം കൊണ്ട് വിധി മറ്റൊരു ചരിത്രം നിര്മിക്കുകയായിരുന്നു. 
പക്ഷെ ബ്രിട്ടീഷുകാരൻ ചെയ്ത നെറികേടിന്റെ മറ്റൊരു പതിപ്പ് ഇന്ത്യയിലെ സവർണ്ണ ചരിത്രകാരന്മാരും ടിപ്പുവിനോട്
ചെയ്തു കാരണം മറ്റൊന്നും ആയിരുന്നില്ല ദളിതനെ മനുശ്യനായി കാണാനുള്ള ആദ്യ ഭരണ നീക്കം അദ്ധേഹത്തിൽ നിന്നും ഉടലെടുത്തു എന്നതായിരുന്നു. മറ്റൊന്ന് ബ്രിട്ടീഷുകാരന് ദാസ്യവേല ചെയ്തവന് ദാസ്യവേല നഷ്ടപ്പെടും എന്ന ഭയവും .എന്ത് തന്നെ ആയാലും ചരിത്രം പുന സംപ്രേഷണം ചെയ്യുകയാണ് ഇന്ത്യയെ മോചിപ്പിക്കാൻ ജീവൻ നല്കിയ യഥാർത്ഥ പോരാളികളെ ഓർത്തുകൊണ്ട്‌ അവരിൽ പ്രഥമ സ്ഥാനീയന്റെ വേർപാടിന് 215 വയസ്സ്.അഭിമാനിക്കാം നമുക്ക് ഷഹീദ് ടിപ്പു ബ്രിട്ടീശുകാരന് ശരീരം നൽകി നാഥന്റെ മുൻപിൽ അണഞ്ഞതോർത്ത്‌ .

Saturday, April 19, 2014

മഹത് സ്മൃതികൾ-4 സൗമ്യനായൊരു മഹാപണ്ഡിതൻ

മഹത് സ്മൃതി/ 
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ 
                     വടക്കൻ കേരളത്തിൽ നിറഞ്ഞു നിന്ന ഒരു പേരായിരുന്നു സി. എം. ഉസ്താദ് എന്നത്. മാതൃകാപരമായ ജീവിതം കൊണ്ടും ആകർഷകമായ സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടും നേടിയെടുത്തതായിരുന്നു അദ്ദേഹമത്. സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കപ്പുറം ആ നാടിൻറെ ആത്മീയ നായകൻ കൂടിയായിരുന്നു സി. എം. ഉസ്താദ്. സൗമ്യതയുടെ ആ മുഖവും ഭാവവും ജനമനസ്സുകളെ കീഴടക്കുന്നതും ആശ്വാസത്തിന്റെ സ്പർശനമേകുന്നതുമായിരുന്നു. കാസർക്കോട്ടെ മതസദസ്സുകളിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വവും ജില്ലയിലെ ഏത് മത പരിപാടികളിലും സി.എം. ഉസ്താദ് ഉണ്ടാകുമായിരുന്നു. പ്രായവും ക്ഷീണവും നോക്കാതെ വല്ലാത്ത എളിമയും ആദരവും കാണിച്ചിരുന്നു. ഉസ്താദിന്റെ പങ്കാളിത്തമില്ലാത്ത ഒരു മതസദസ്സ് അവിടത്തുകാർക്ക്‌ ഓർക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഉസ്താദും അവിടത്തെ മുസ്ലിംകളും തമ്മിലുള്ള ബന്ധത്തിൻറെ ആഴം ഇത്രമാത്രമായിരുന്നു.
                  മത പണ്ഡിതൻ,ഖാസി, ഗ്രന്ഥകർത്താവ്, സ്ഥാപന മേധാവി, സംഘാടകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗോളശാസ്ത്ര പണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധിയാർജിച്ച ;മഹാനവർകൾ 1960 കാലഘട്ടത്തിൽ തന്നെ സമന്വയ വിട്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിയുകയും തൽ വിഷയകമായ അനവധി ചിന്തകൾ കൊണ്ടുനടക്കുകയും ചെയ്ത ആളായിരുന്നുവെന്നത് ആരെയും ചിന്തിപ്പിക്കേണ്ട കാര്യമാണ്. അങ്ങനെയാണ് 1970 സഅദിയ്യ കോളേജും പിന്നീട് മലബാർ ഇസ്ലാമിക് കോംപ്ലക്സും സ്ഥാപിക്കുന്നത്. കാസർകോട്ടെയും ദക്ഷിണ കർണാടകയിലെയും മിക്ക മഹല്ലുകലുടെയും ഖാസിയായിക്കൊണ്ട് അവിടത്തെ ജനങ്ങളെ ആത്മീയമായും സാംസ്കാരികമായും അദ്ദേഹം നയിച്ചു. വിനയവും മിതത്വവുമായിരുന്നു എന്നും ഉസ്താദിൽ പ്രകടമായിരുന്ന ഭാവങ്ങൾ. അതു തന്നെയായിരുന്നു ഉസ്താദ് തൻറെ ജീവിതത്തിൽ ഉയർത്തിക്കാട്ടിയ സന്ദേശവും.
                  സി എം ഉസ്താദിന്റെ സ്ഥാപനത്തിൽ പോകാൻ അവസരമുണ്ടായിട്ടുണ്ട്. മത-ഭൗതിക വിദ്യാഭ്യാസ മേഖലയിൽ ഉസ്താദ് കാഴ്ചവെച്ച സംഭാവനകളെ വിളിച്ചറിയിക്കുന്നതാണ് അവിടത്തെ ഓരോ സംരംഭങ്ങളും.
             പാണക്കാടുമായി നല്ല ബന്ധമാണ് ഉസ്താദ് നിലനിർത്തിയിരുന്നത്. മലബാർ ഇസ്ലാമിക് കോംപ്ലക്സിൻറെ സമ്മേളനത്തിന് ബാപ്പയെ ക്ഷണിക്കാൻ വരുമായിരുന്നു. നിബന്ധിക്കില്ല. വിഷമമുണ്ടെങ്കിൽ പാണക്കാട്ടു നിന്ന് ആരെയെങ്കിലും അയച്ചാൽ മതി എന്ന് പറയുമായിരുന്നു. കാസർകോട്ടെ ഒരു പ്രമുഖൻറെ മകളുടെ കല്യാണത്തിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബനാത്ത് വാല അടക്കമുള്ള നേതാക്കൾക്കൊപ്പം പങ്കെടുത്തത് ഓർക്കുന്നു. എവിടെവെച്ചു കണ്ടാലും വല്ലാത്ത സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. കുശലാന്വേഷണങ്ങൾ നടത്തുമായിരുന്നു. ഏതായാലും ആ പണ്ഡിതപ്രതിഭയുടെ വിയോഗം തീർത്ത വിടവ് അത്യന്തം വേദനിപ്പിക്കുന്നതാണ്.

അവലംബം: എം ഐ സി സമ്മേളന സുവനീർ 2012 

മഹത് സ്മൃതികൾ-3 നവോത്ഥാനത്തിന്റെ ഉസ്താദ്

മഹത് സ്മൃതി/ 
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 
                വടക്കൻ കേരളത്തിലെ അതുല്യനായ പണ്ഡിത പ്രതിഭയായിരുന്നു സി എം ഉസ്താദ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ശിൽപികൂടിയായ അദ്ദേഹം വിജ്ഞാനത്തിൻറെ വ്യത്യസ്ഥ മേഖലകളിൽ തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗോളശാസ്ത്ര രംഗത്ത് അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം ആളില്ലാ എന്നു തന്നെ പറയേണ്ടിവരും. അദ്ദേഹത്തിൻറെ പാണ്ഡിത്യത്തിന്റെ അഗാധത ഞാൻ മനസ്സിലാക്കി എടുത്തത് അവരുടെ പ്രസംഗത്തിലൂടെയായിരുന്നു. ആയത്തുകളെ വിശദീകരിക്കുമ്പോൾ പദാനുപദം അർത്ഥം വ്യക്തമാക്കലോടെ അതിൻറെ പശ്ചാതല ചരിത്ര സംഭവങ്ങളും അദ്ദേഹം വിശദീകരിക്കുമായിരുന്നു. കാസർക്കോട് ജില്ലക്കാരനായതിനാൽ ഉസ്താദുമായി കൂടുതൽ ബന്ധപ്പെടാൻ സാധിച്ചില്ല.
              പാണ്ഡിത്യത്തിന്റെ നിറവിൽ ലാളിത്യം സൂക്ഷിച്ച മഹാമനീഷിയാണ്  അദ്ദേഹം. ജ്യേഷ്ട്ടൻ പങ്കെടുക്കേണ്ട (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ) മലബാർ ഇസ്ലാമിക് കോംപ്ലക്സിൻറെ 12മ് വാർഷിക സമ്മേളന ഉദ്ഘാടനത്തിന് പകരക്കാരനായി ഞാൻ ചെന്നപ്പോഴാണ് ഉസ്താദുമായി കൂടുതൽ സംവദിക്കാനുള്ള അവസരം ലഭിച്ചത്. അന്ന് ഈ സ്ഥാപനത്തെ അടുത്തറിയാനും അവിടത്തെ വിദ്യാഭ്യാസ സംരംഭങ്ങളെയും ഇസ്ലാമിക പ്രവർത്തനങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനും ഭാഗ്യമുണ്ടായി. മംഗലാപുരം ഭാഗത്തുള്ള ഒരുപാട് പരിപാടികളിൽ ഉസ്താദിനൊപ്പം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഈ വലിയ പാണ്ഡിത്യത്തിനുടമ തൻറെ കൃത്യന്തര ബാഹുല്യങ്ങൾക്കിടയിലും എല്ലാ പ്രവർത്തനങ്ങളിലും തൻറെ സ്വതസിദ്ധമായ വിനയം കാത്തുസൂക്ഷിച്ചു. ആരേയും പുഞ്ചിരിയുടെ വദനത്തോടെ മാത്രമേ അഭിമുഖീകരിക്കാരുണ്ടായിരുന്നുള്ളൂ. ജീവിതത്തിലുടനീളം അദ്ദേഹം ആരോടും വിദ്വേഷം വെച്ചതായോ അല്ലെങ്കിൽ ഒരാൾ അദ്ദേഹത്തോട് ദേശ്യപ്പെട്ടതായോ കേട്ട്കേൾവിയില്ലാ.
             അവസാനമായി ഉസ്താദുമായി വേദിപങ്കിട്ട വലിയ പരിപാടി മംഗലാപുരത്ത് നടന്ന ഉസ്താദിന്റെ തന്നെ ഖാസി സ്ഥാനാരോഹണമായിരുന്നു. അന്ന് അദ്ദേഹത്തിൻറെ പ്രസംഗത്തിലൂടെ തൻറെ ഭാഷാ നൈപുണ്യവും മനസ്സിലാക്കാൻ സാധിച്ചു. മംഗലാപുരം ഖാളിയായി അവരോധിക്കപ്പെട്ടതോട്കൂടെ തൻറെ പ്രവർത്തന മേഖല മംഗലാപുരം ഭാഗത്തേക്കും വ്യാപിച്ചു. വലിയ വലിയ പ്രവർത്തനങ്ങളാണ് പിന്നീട് അദ്ദേഹമിവിടെ കാഴ്ച വെച്ചിരുന്നത്.
              സമന്വയ വിദ്യാഭ്യാസമെന്ന ആശയം 1970കളിൽ തന്നെ അദ്ദേഹത്തിൻറെ തലയിലുദിച്ചു. അതിൻറെ സാക്ഷാത്കാരത്തിനായി കഠിനയത്നം ചെയ്തു. അതിനായി സഅദിയ്യ സ്ഥാപിച്ചു.ശമ്പളം വാങ്ങാതെ ജോലി ചെയ്ത അദ്ദേഹം ദീനിൻറെ ഉയർച്ചക്ക് വേണ്ടിയും കാസർക്കോടിന്റെ ആത്മീയ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടിയും തൻറെ ജീവിതം തന്നെ സമർപ്പിച്ചു. മത ഭൗതിക വിദ്യാഭ്യാസ ശാസ്ത്ര മേഖലയിലെല്ലാം ആ മഹാനുഭാവൻ ചെയ്ത സംഭാവനകൾ ഏറെ മഹത്തരമാണ്. അവ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു. ലോകം അതിനെ അറിയുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

അവലംബം: എം.ഐ. സി. സമ്മേളന സുവനീർ 2012