Friday, September 9, 2011

ചരിത്രം തേങ്ങിയ പടിയിറക്കം

kasaragod.com, cm abdulla moulavi, sadik uduma padinhar, chembirika


സി എം അബ്ദുല്ല മൗലവിയുടെ നിരന്തര ചിന്തയുടെ നെരിപ്പോടില്‍ നിന്ന് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി എന്ന പ്രമാണിയുടെയും ധനാഢ്യന്റെയും മഹാമനസ്‌കതയുടെ നിറവില്‍ വിരിഞ്ഞ വിജ്ഞാന കുസുമങ്ങളുടെ ഒരു പൂങ്കാവനമാണ് സഅദിയ്യ.

1971 ഏപ്രില്‍ 22 ന്റെ പുലരി സി. എം എന്ന വിദ്യാഭ്യാസ വിചീക്ഷകന്റെ ജീവിതത്തില്‍ സ്വപ്‌ന സാഫല്യത്തിന്റെ പുലരിയായിരുന്നു. വെല്ലൂരിലെ ബാഖിയാത്തിലെ പഠന നാളുകളിലും പിന്നീട് തിരിച്ചു വന്ന് അധ്യാപനത്തിന്റെ നാള്‍വഴികളിലും ആ മസ്തിഷ്‌ക്കത്തില്‍ മനനം ചെയ്ത്കൊണ്ടിരുന്ന മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ കാല്‍വെയ്പ്പ്. അന്നായിരുന്നു സഅദിയ്യയുടെ തുടക്കം.

സി എം അബ്ദുല്ല മൗലവിയുടെ പിതാവും, വലിയ ഖാസിയുമായിരുന്ന സി മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ അധ്യക്ഷതയില്‍ കടവത്ത് മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ (കുഞ്ഞിപ്പ ഹാജി) ഉദ്ഘാടനം ചെയ്ത ചടങ്ങ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, കെ എസ് അബ്ദുല്ല സാഹിബ്, സി എച്ച് കലന്തര്‍ സാഹിബ്, കല്ലട്ട്ര അബ്ബാസ് ഹാജി തുടങ്ങിയ പ്രമുഖരുടെ നിറസാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു.

കേവലം ഒരു മതവിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കിയെടുക്കലായിരുന്നില്ല അദ്ദേഹത്തിന്റെ ഉദ്ദേശ്യം. കാലപ്രവാഹത്തിന്റെ ഭ്രമണപഥങ്ങള്‍ മുന്‍കൂട്ടി വായിച്ചെടുത്ത് അതിനനുസൃതമായിട്ടുള്ള ഒരു പഠന രീതിയായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ഒരേ സിലബസില്‍ മത പഠന വിഷയവും, അതേസമയം ഭൗതിക വിഷയങ്ങളും കോര്‍ത്തിണക്കിയിട്ടുള്ള സമഗ്രമായ പാഠ്യപദ്ധതി. ഉത്ഘാടന ചടങ്ങില്‍ സ്വാഗതം പറഞ്ഞ സി എം അബ്ദുല്ല മൌലവി തന്നെ തന്റെ സ്വാഗത പ്രസംഗത്തില്‍ ആ സമന്വയ സിലബസ്സിന്റെ രൂപ രെഖ അവതരിപ്പിക്കുകയും ചെയ്തു.

അദ്ദേഹം തയ്യറാക്കിയ സിലബസിന്റെ ഘടന ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മതവിഷയങ്ങള്‍ക്ക് പുറമെ സയന്‍സും, ചരിത്രവും, ഇംഗ്ലീഷും, ഉറുദുവുമെല്ലാം സമന്വയിപ്പിച്ച ഒരു സമഗ്രമായ ' കരിക്കുലം ' അതിന്റെ ഘടനമാത്രം കണ്ടാല്‍ മതി ആ ദീര്‍ഘ വീക്ഷണത്തിന്റെയും, തീക്ഷണമായ ഉള്‍ക്കാഴ്ചയുടെയും ആഴം അളക്കാന്‍.

ഉത്ഘാടന ചടങ്ങ് കഴിഞ്ഞപ്പോള്‍ സി എം ഉസ്താദ് സ്വാകാര്യമായി കല്ലട്ട്ര ഹാജിയോട് പറഞ്ഞു. " എല്ലവരുമുണ്ടല്ലോ, നമുക്ക് ഇപ്പൊള്‍ തന്നെ ഒരു ഭരണ സമിതി (കമ്മിറ്റി) രൂപികരിക്കാം ." എന്നാല്‍ അദ്ധേഹം അതിന്` സമ്മതിച്ചില്ല. ഇപ്പോള്‍ വേണ്ട. ഇതിന്നു സാമ്പത്തികമായി ഒരു അടിത്തറ പാകട്ടെ, അതിനു ശേഷം സമുചിതമായ കമ്മിറ്റി ആകാം". കാലം പിന്നെയും ചലിച്ചു, മുന്നോട്ട്. കാലത്തിന്റെ കൈവരികളിലൂടെ സഅദിയ്യ വളര്‍ന്നു.



രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ സി എം അബ്ദുല്ല മൗലവിയുടെ സംഭവബഹുലമായ ജീവിതത്തില്‍ മറ്റൊരു നിയോഗമുണ്ടായി. കീഴൂര്‍ കേന്ദ്രമാക്കിയുള്ള അനേക മഹല്ലുകളില്‍ സംയുക്ത ഖാസിയായിരുന്ന അദ്ദേഹത്തിന്റെ വന്ദ്യപിതാവ് സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ 1973 നവംബര്‍ 30 ന് വെള്ളിയാഴ്ച (ഹിജ്‌റ 1393) ഉച്ചയ്ക്ക് വഫാത്തായി. ആ സമയത്ത് സി എം അബ്ദുല്ല മൗലവി ഹജ്ജ് കര്‍മ്മത്തിനുള്ള യാത്രയില്‍ മക്കത്തായിരുന്നു. ടെലഗ്രാം വഴിയായിരുന്നു ആ ദു:ഖവാര്‍ത്തയറിഞ്ഞത്. ഹജ്ജ് കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് ഒന്നര മാസത്തിനു ശേഷമാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.



അപ്പോഴേക്കും പുതിയ ഖാസിക്ക് വേണ്ടിയുള്ള ചിന്തയിലായിരുന്നു എല്ലാവരും. വലിയ ഖാസിയുടെ മകനും, ഒരു പണ്ഡിത മഹാ പരമ്പരയുടെ കണ്ണിയുമായ സി എം അബ്ദുല്ല മൗലവിയെത്തന്നെ അടുത്ത ഖാസിയാക്കണമെന്ന് മഹാഭൂരിഭാഗവും അഭിപ്രായപ്പെട്ടു. പക്ഷേ, ചിലര്‍ക്ക് വിഭിന്നമായ അഭിപ്രായവുമുണ്ടായിരുന്നു. നാട്ടിലെ പ്രായമുള്ള പണ്ഡിതരായ കീഴൂര്‍ ഖത്തീബ് മുഹമ്മദ് മുസ്ല്യാര്‍, മേല്‍പ്പറമ്പ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കടവത്ത് മുദരിസ് മുഹമ്മദ് ഹാജി (കുഞ്ഞിപ്പ ഹാജി) എന്നിവരെ ഖാസിയാക്കണമെന്ന അഭിപ്രായവുമുണ്ടായി. മേല്‍പ്പറമ്പ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ തനിക്ക് ആ പദവി വേണ്ടെന്ന് പറഞ്ഞ് ആദ്യമേ ഒഴിഞ്ഞു.



പക്ഷെ, സി.എം അബ്ദുല്ല മൗലവിക്ക് ഖാസിയെന്ന ഭാരിച്ച പദവി വേണ്ട എന്നായിരുന്നു താല്‍പ്പര്യം.അതിനു വേണ്ടി അദ്ധേഹം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. "അല്ലാഹുവേ, എന്റെ പിതാവ് ഇഹലോക വാസം വെടിയുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ വിദേശത്തോ മറ്റു ദൂര ദിക്കിലോ ആക്കേണമേ" എന്നു ദുആ ചെയ്യുമായിരുന്നു എന്ന് അദ്ധേഹത്തിന്റെ ആത്മകഥയിലൂടെ അദ്ധേഹം സാക്ഷ്യപ്പെടുത്തുന്നു. ആ പ്രാര്‍ഥനക്ക് ഉത്തരം കിട്ടി, പക്ഷെ ഖാസി സ്ഥാനം വിട്ടു മാറിയില്ല. മഹാഭൂരിപക്ഷത്തിന്റെ നിര്‍ബന്ധത്തിനൊടുവില്‍ അദ്ദേഹം തന്നെ ഖാസിയായി ചുമതലയേറ്റു. 1974 സെപ്റ്റംബര്‍ 14 ന് തിങ്കളാഴ്ച പതിനാല് മഹല്ലുകളുടെ ഖാസിയായി അദ്ദേഹം അവരോധിക്കപ്പെട്ടു. പിന്നീട് തുടരെത്തുടരെ ഒട്ടനേകം മഹല്ലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.



തിരക്കേറിയ ആ ജീവിതത്തില്‍ നിയോഗങ്ങളുടെ പുതിയ അധ്യായങ്ങള്‍. ' ഖളാഇന്റെ ' രാപ്പകലുകള്‍... നാടിന്റെ നാഡിമിടിപ്പിന് ഉത്തരമേകുന്ന ശറഅ് വിധികളുടെ വിന്യാസങ്ങള്‍..! സഅദിയ്യയുടെ പുരോഗമനത്തിന് വേണ്ടിയുള്ള യാത്രകള്‍. അതോടൊപ്പം തന്നെ സഅദിയ്യ എന്ന വിജ്ഞാന സൗധം വിജയരഥത്തിലേറി എട്ട് സംവത്സരങ്ങളുടെ വഴിദൂരം പിന്നിട്ടു.

അതിനിടെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെന്ന നന്‍മയുടെ വടവൃക്ഷം സഅദിയ്യയുടെ നിലനില്‍പ്പിനുവേണ്ട സാമ്പത്തിക അടിത്തറ പാകിയിരുന്നു. കാസര്‍കോട് ടൗണിലെ ഫിര്‍ദൗസ് ബസാര്‍ ലോഡ്ജ് കോപ്ലക്‌സ്, ദേളിയില്‍ ഒരു സ്ഥലം എന്നിവ വിലയ്ക്കു വാങ്ങി എഴുതുകയും ചെയ്തു. ആദ്യം ഒരു വര്‍ഷം മാത്രം എന്ന് പറഞ്ഞിരുന്നുവെങ്കിലും ഒമ്പതോളം വര്‍ഷങ്ങള്‍ കുട്ടികളുടെ ചെലവുകള്‍ നിര്‍വ്വഹിച്ചുപോന്നു.

ഇത്രയുമായപ്പോള്‍ മുമ്പ് സി.എം ഉസ്താദ് നിര്‍ദ്ദേശിച്ചു കൊണ്ടിരുന്ന പോലെ സഅദിയ്യയെ ഒരു കഴിവുള്ള ഏജന്‍സിക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ ഏകകണ്ഠമായ തീരുമാനമായി. കാസര്‍കോട് ജില്ല പിറവിയെടുക്കുന്നതിന്` മുമ്പുള്ള ആ കാലത്ത് സഅദിയ്യയെ അന്നത്തെ അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സമസ്ത കമ്മിറ്റിക്ക് ഏല്‍പ്പിക്കാന്‍ ധാരണയായി.

ഇനിയുള്ള വരികള്‍ സഹൃദരായ വായനക്കാര്‍ സസൂക്ഷ്മം വായിക്കണം, മുന്‍വിധികളില്ലാതെ. പലരും പാടിപ്പതിഞ്ഞ വായ്‌മൊഴികള്‍ മാത്രം കേട്ട് ചരിത്ര സത്യങ്ങള്‍ക്ക് നേരെ അറിഞ്ഞോ അറിയാതെയോ കണ്ണടച്ചുപോകുന്ന സാധാരണക്കാരുടെ തിരിച്ചറിവിലേക്കുള്ള ഒരു സത്യവിവരണം മാത്രമാണ്. സത്യം സത്യമായി ജനങ്ങള്‍ അറിയണമെന്ന നിസ്വാര്‍ത്ഥമായ ഒരു സദ്ദുദ്ദേശ്യം മാത്രം.

സി. എം അബ്ദുല്ല മൌലവി കൂടി അംഗമായിരുന്ന സമസ്തയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റ് അന്ന് ഒരു അറബിക് കോളേജ് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയായിരുന്നു. അന്ന് കാസര്‍കോട് ജില്ല രൂപീകരിക്കുന്നതിന് മുമ്പുള്ള അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഉണ്ടായിരുന്നത്.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സഅദിയ്യ ഏറ്റെടുക്കാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബും, സി എം അബ്ദുല്ല മൗലവിയും ആവശ്യപ്പെട്ടു. ആദ്യം അവര്‍ വൈമനസ്യം കാണിച്ചുവെങ്കിലും ഒടുവില്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ഇക്കാലമത്രയും സഅദിയ്യയില്‍ പഠിപ്പിച്ചുവന്നിരുന്നത് സി. എം ഉസ്താദ് രൂപകല്‍പ്പന ചെയ്ത, മതവിഷയങ്ങളും ഭൗതിക വിഷയങ്ങളും കോര്‍ത്തിണക്കിയ സമന്വയ വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായ സിലബസായിരുന്നു. അത് നല്ല വിജയവും കൂടിയായിരുന്നു.

ഒമ്പതോളം വര്‍ഷങ്ങളുടെ കഠിനപ്രയത്‌നത്തിലൂടെ വളര്‍ത്തി വലുതാക്കിയ സഅദിയ്യ എന്ന വിജ്ഞാന സൗധം സമസ്ത കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന ആ സുദിനം 1979 ജൂണ്‍ 25 ന് ആയിരുന്നു. സമസ്തയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ .കെ അബൂബക്കര്‍ മുസ്ലിയാരുടെ മഹത് സാന്നിധ്യം കൊണ്ട് പ്രശോഭിതമായ ആ കൈമാറ്റ ചടങ്ങ് നടന്നത് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ കാഞ്ഞങ്ങാട്ടുള്ള ' നൂര്‍ മഹല്‍ ' എന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു. 16.09.1979 ന് ക്ലാസ് ഉത്ഘാടനം ചെയ്തത് സമസ്തയുടെ സ്റ്റേറ്റ് പ്രസിഡണ്ട് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍ അവര്‍കള്‍ ആയിരുന്നു.

ചുരുക്കത്തില്‍, കുലീനനും ദാനധര്‍മ്മിഷ്ഠനും പ്രമാണിയുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സഹായത്തോടെ സമസ്താംഗവും മഹാപണ്ഡിത പരമ്പരയുടെ കണ്ണിയുമായ സി.എം അബ്ദുല്ല മൗലവി 1971 ല്‍ സ്ഥാപിച്ച്, എട്ടോളം വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ വളര്‍ത്തിയെടുത്ത് 1979 ല്‍ സമസ്ത സ്റ്റേറ്റ് സെക്രട്ടറി ബഹുമാനപ്പെട്ട ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ സാന്നിധ്യത്തില്‍ സമസ്ത ഏറ്റുവാങ്ങുകയും, സമസ്ത സ്റ്റേറ്റ് പ്രസിഡണ്ട് വന്ദ്യരായ കണ്ണിയത്ത് ഉസ്താദ് ക്ലാസ് ഉദ്ഘാടനം ചെയ്തതുമായ സ്ഥാപനമാണ് സഅദിയ്യ.

ആ സമയത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി തൃക്കരിപ്പൂരിലെ കൈക്കോട്ടുകടവ് എം. എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും, പ്രസിഡണ്ട് ഉള്ളാല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങളും ആയിരുന്നു. . അവരാണ് സഅദിയ്യയുടെ മേലാധികാരികളായി വന്നത്. അത് വരെയുള്ള എട്ടൊമ്പതോളം വര്‍ഷക്കാലം അവരൊന്നും സ-അദിയ്യയുടെ ഭാഗത്ത് പോലും ഉണ്ടായിരുന്നില്ല. സമസ്തയുടെ കരങ്ങളിലേല്‍പ്പിച്ച് സി .എം ഉസ്താദ് വിദേശയാത്രാര്‍ത്ഥം യു .എ .ഇ യിലേക്ക് പോയി. പിന്നെ സഊദ്യ അറേബ്യയില്‍ കൂടി സന്ദര്‍ശനം നടത്തി ഹജ്ജ് കര്‍മ്മം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷമാണ് തിരിച്ചെത്തിയത്.

മടങ്ങിയെത്തിയപ്പോഴേക്കും സഅദിയ്യയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങളില്‍ പലതും അദ്ദേഹത്തിന്റെ മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഹേതുവായി. തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹം ഒരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരം പോലെ നടത്തിക്കൊണ്ട് വന്ന സമന്വയത്തിന്റെ സിലബസ് അപ്പാടെ മാറ്റി പുതിയ സിലബസില്‍ ക്ലാസുകള്‍ തുടങ്ങിയിരിക്കുന്നു. പുതിയ പ്രിന്‍സിപ്പാള്‍ ചാര്‍ജെടുത്തിരുന്നു.

ഇതില്‍ സിലബസിനെ മാറ്റിമറിച്ചതായിരുന്നു അദ്ദേഹത്തിനെ അങ്ങേയറ്റം വേദനിപ്പിച്ചത്. എത്രയോ കാലങ്ങള്‍ക്കു മുമ്പേ മതപഠന രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിക്കപ്പെടാന്‍ തന്നെ പര്യാപ്തമായ സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയായിരുന്നു സഅദിയ്യ 1971 ല്‍ സ്ഥാപിക്കപ്പെട്ടത് തന്നെ. പിന്നെ ഒരുപാട് ദുര്‍ഘടപാതകളിലൂടെ എട്ടോളം വര്‍ഷങ്ങള്‍ അതിനെ അതിജീവിപ്പിക്കുമ്പോഴും ഈയൊരു സ്വപ്‌നം തന്നെയായിരുന്നു ആ ആത്മാവിന്റെ ശക്തി. ആ സിലബസാണ് ഇപ്പോള്‍ മാറ്റിമറിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവിന് കാത്തുനില്‍ക്കാതെ, ഇത്രയും കാലം സഅദിയ്യയുടെ എല്ലാമായിരുന്ന സി എം ഉസ്താദിനോട് ഒരു വാക്കു പോലും ഉരിയാടാതെ.....

സമന്വയ വിദ്യാഭ്യാസമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം അസ്തമിച്ചറിഞ്ഞ് ആ മനസ്സ് വല്ലാതെ വ്യാകുലപ്പെട്ടു. അതോടൊപ്പം സഅദിയ്യയുടെ സുപ്രധാന കാര്യങ്ങളുടെ തീരുമാനത്തില്‍പ്പോലും പങ്കെടുപ്പിക്കാതെ സി.എം എന്ന സ്ഥാപകന്റെ അസ്ഥിത്വം പോലും ചോദ്യം ചെയ്യുന്ന ബന്ധപ്പെട്ടവരുടെ സമീപനവും അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. ഒമ്പത് വര്‍ഷങ്ങളോളം നിലവിലുണ്ടായിരുന്ന ഒരു സിലബസ് മാറ്റി നടപ്പാക്കുമ്പോള്‍ പോലും, സി.എമ്മിനെ മാറ്റിനിര്‍ത്തിയ ബന്ധപ്പെട്ടവരുടെ സി.എം വിരുദ്ധ നിലപാട് മറ്റുള്ള സാധാരണകാര്യങ്ങളില്‍ പോലും എത്രത്തോളം പ്രകടമായിരുന്നിരിക്കുമെന്ന് വായനക്കാരുടെ സാമാന്യ ബുദ്ധികൊണ്ട് പോലും ഊഹിക്കാവുന്നതാണ്.

സത്യത്തില്‍ സമസ്ത ഏറ്റെടുത്തതുകൊണ്ട് സിലബസ് മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. സമസ്ത ഒരിക്കലും അതിനെതിരായിരുന്നില്ല. സമന്വയ വിദ്യാഭ്യാസത്തിന്റെ ആ സിലബസ് സമസ്തയുടെ സ്ഥാപനങ്ങളില്‍ തന്നെ നിലവിലുണ്ട്. മലപ്പുറം ചെമ്മാടുള്ള ദാറുല്‍ ഹുദാ അക്കാദമി തന്നെ ഒരു ഉദാഹരണം. സി. എം ഉസ്താദിനെ അറിയിച്ചുകൊണ്ട് തന്നെ ഇങ്ങനെയൊരു മാറ്റം വരുത്തിയിരുന്നുവെങ്കില്‍, ഒരുപക്ഷേ ആ ഹൃദയം അത്രയും വേദനിക്കില്ലായിരുന്നിരിക്കാം.

തന്റെ ഏറ്റവും വലിയ സ്വപ്‌നം പാതി വഴിയില്‍ വെച്ച് അന്യമായിപ്പോയ തളര്‍ച്ചയില്‍ അദ്ദേഹം വീട്ടില്‍ മൂകനായിരുന്നു. അന്ന് പ്രിന്‍സിപ്പാളായി നിയമിക്കപ്പെട്ടിരുന്ന കെ. സി. ജമാലുദ്ദീന്‍ മുസ്ലിയാര്‍ എന്ന നല്ല മനുഷ്യന്‍ സി .എമ്മിനെ വീട്ടില്‍ വന്ന് കണ്ട് സഅദിയ്യയില്‍ തുടരണമെന്ന് ശക്തമായി ആവശ്യപ്പെടുകയുണ്ടായി. ഇതുവരെ സ്ഥാപനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച താങ്കള്‍ എന്റെ വരവോട് കൂടി നീക്കപ്പെട്ടു എന്ന സ്ഥിതി വിശേഷം ഉണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വിനയാന്വിതനും നല്ല പണ്ഡിതനുമായിരുന്ന കെ. സി ജമാലുദ്ധീന്‍ മുസ്ല്യാരുടെ നിര്‍ബന്ധനത്തിന് വഴങ്ങിയാണ് അദ്ദേഹം സഅദിയ്യയില്‍ റീ ജോയിന്‍ ചെയ്യുന്നത്. തിരിച്ച് ചെന്നപ്പോള്‍ സി. എം അബ്ദുല്ല മൌലവിയെ വൈസ് പ്രിന്‍സിപ്പാള്‍ ആക്കിക്കൊണ്ടുള്ള 'അപ്പൊയിന്റ്മെന്റ് ഓര്‍ഡര്‍ കിട്ടി. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും എല്ലാ തലങ്ങളിലും സി. എമ്മിന്റെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെടുന്ന ഒരു അവസ്ഥാവിശേഷം നിലനിന്നു പോന്നിരുന്നു.

ഇവിടെ ഒരു കാര്യം ഓര്‍ക്കുക. സഅദിയ്യയെ സമസ്ത ഏറ്റെടുക്കുന്ന സമയത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് കൊണ്ടുമാത്രം സഅദിയ്യയുടെ തലപ്പത്തെത്തിയ എം. എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെയും സംഘത്തിന്റേയും സി. എം നിഷേധ നിലപാടുകളും ആ സ്ഥാപകനോട് കാണിച്ച അന്യായങ്ങളുമായിരുന്നു സി. എം ഉസ്താദിനെ സഅദിയ്യയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. പിന്നീട് സമസ്ത പിളര്‍ന്നപ്പോള്‍ എന്നന്നേക്കുമായി സഅദിയ്യയുടെ പടിയിറങ്ങി വരാന്‍ ഒരു നിമിത്തമായി എന്നു മാത്രം. പക്ഷേ പൊതുജനങ്ങളുടെ മനസില്‍ ആശയക്കുഴപ്പങ്ങളുടെ മാറാല തീര്‍ക്കാന്‍ ' സമസ്ത പിളര്‍ന്നപ്പോള്‍ സി. എം ഇറങ്ങിപ്പോയി ' എന്ന പല്ലവി ഒരു വായ്പ്പാട്ടുപോലെ വ്യാപകമാക്കിയെടുക്കുന്നതില്‍ ഒരു കൂട്ടം ആളുകള്‍ വിജയിച്ചു എന്നതാണ് സത്യം.

സി.എം സഅദിയ്യയിലേക്ക് തിരിച്ചുവന്നതിനു ശേഷം അദ്ദേഹത്തിന്റെ സേവനം ഒരു പതിറ്റാണ്ടോളം തുടര്‍ന്നു. എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ കൈയ്യിലായിരുന്നു സഅദിയ്യയുടെ ചുക്കാന്‍. അദ്ദേഹത്തിന്റെ ഇംഗിതത്തിനനുസരിച്ചായിരുന്നു കാര്യങ്ങള്‍ മുന്നോട്ടു പോയിരുന്നത്.

സഅദിയ്യയുടെ സ്ഥാപകനെന്ന നിലയിലുള്ള പ്രാമുഖ്യം പലപ്പോഴും സി.എമ്മിന് നിഷേധിക്കപ്പെട്ടു. സമന്വയ വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ആശയം നടപ്പിലാക്കാന്‍ ചുരുക്കം ചിലര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് ശക്തിയായി മുന്നില്‍ നില്‍ക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും മൗനമായി സി. എം ഉസ്താദ് തന്റെ എല്ലാമെല്ലാമായ സഅദിയ്യയില്‍ സേവനം തുടര്‍ന്നു.

ഇന്നും നാം ശരിക്ക് മനസ്സിലാക്കിയിട്ടില്ലാത്ത സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ' എന്റെ കഥ, വിദ്യാഭ്യാസത്തിന്റേയും ' എന്ന പുസ്തകത്തിന്റെ നാല്‍പത്തിനാലാം പേജില്‍ നിന്ന് ആ അനശ്വര വാക്കുകള്‍ ഉറക്കെ സംസാരിക്കുകയാണ് നമ്മോട്, പിറവിയെടുക്കാനിരിക്കുന്ന പുത്തന്‍ തലമുറകളോട്, കാലത്തിന്റെ ശിരസ്സില്‍ ജന്‍മമെടുക്കാനിരിക്കുന്ന പുതിയ യുഗങ്ങളോട്... നമുക്ക് ആ വാക്കുകള്‍ കാതോര്‍ക്കാം....!- " ഒരു കമ്മിറ്റിയുടെ കീഴില്‍ ചില മതവിദ്യാഭ്യാസ സ്ഥാപനങ്ങളും കുറേ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കോമ്പൗണ്ടിനകത്ത് നിര്‍മ്മിക്കുക, അല്ലെങ്കില്‍ പല സ്ഥലത്തുമായി നിര്‍മ്മിക്കുക എന്നതല്ല സമന്വയ വിദ്യാഭ്യാസം കൊണ്ടുള്ള വിവക്ഷ. അതുകൊണ്ട് സമന്വയ വിദ്യാഭ്യാസം കൊണ്ടുള്ള പ്രയോജനം ലഭ്യമാകുകയില്ല. കാരണം ഈ സ്ഥാപനങ്ങളില്‍ മതപഠനം നേടുന്ന വിദ്യാര്‍ത്ഥികള്‍ അതു മാത്രം നേടും. ഭൗതിക വിദ്യാഭ്യാസം നേടുന്നവര്‍ അതുമാത്രം നേടും. അപ്പോള്‍ സമന്വയം എവിടെയാണ് ?. ഈ കമ്മിറ്റിയുടെ കീഴിലാണ് ഇവയെല്ലാം എന്നത് കൊണ്ടോ, ഒരു കോമ്പൗണ്ടിനകത്താണ് ഇവയൊക്കെ എന്നത് കൊണ്ടോ കാര്യമൊന്നുമില്ല. നേരെ മറിച്ച്, ഒരേ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മത-വിദ്യാഭ്യാസവും ലൗകീക വിദ്യാഭ്യാസവും ഒന്നിച്ച് പഠിപ്പിക്കണം. '

നോക്കൂ....എത്ര മഹത്വരവും പ്രായോഗികവുമാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആ മനസ്സില്‍ നാമ്പെടുത്ത ഈ വെളിച്ചം..!! കാലത്തിന്റെ ജ്വരം ബാധിച്ചുപോയ നമ്മുടെ തിരിച്ചറിവിന്റെ നയനങ്ങള്‍ ഇനിയെങ്കിലും തുറക്കപ്പെടട്ടെ . !!

പക്ഷേ, സി.എം ഉസ്താദ് തന്റെ അധ്യാപനം സഅദിയ്യയില്‍ തുടര്‍ന്നു. സി. എമ്മിനെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനും സഅദിയ്യയുടെ ഭരണകാര്യങ്ങളില്‍ നിന്ന് അകറ്റാനും കരുക്കങ്ങള്‍ നീങ്ങി. ഒരു ചെറിയ ഉദാഹരണം പറയാം: സഅദിയ്യയില്‍ പഠിപ്പിക്കുന്നവര്‍ സഅദിയ്യയുടെ കമ്മിറ്റിയില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് നിയമം പാസാക്കപ്പെട്ടു. ഇതിനുവേണ്ടി ഭരണഘടന തിരുത്തിയെഴുതപ്പെട്ടു. സി. എം ഉസ്താദിനെ സഅദിയ്യയുടെ ഭരണപരമായ കാര്യങ്ങളില്‍ നിന്ന് വിദൂരത്താക്കാനുള്ള ആയുധമായിരുന്നു ഇതെന്ന് വ്യക്തം. കാരണം ചിത്താരി കെ. പി ഹംസ മുസ്ല്യാരെ ജനറല്‍ സെക്രട്ടറിയാക്കാന്‍ വേണ്ടി പിന്നീട് വീണ്ടും ഈ നിയമം തിരിച്ച് ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്. സമസ്ത ഏറ്റെടുത്ത് തുടര്‍ന്ന് നടത്താന്‍ ആയിരുന്നു സഅദിയ്യ കൈമാറപ്പെട്ടതെങ്കിലും സഅദിയ്യയുടെ ആസ്തി ഏറ്റെടുത്ത് പുതിയ ഒരു കോളേജ് തുടങ്ങുന്നത് പോലെ രേഖകള്‍ ചമയ്ക്കപ്പെട്ടു. സഅദിയ്യയെ വളര്‍ത്തിയ ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളുടെ നിര്‍ണായക ഘട്ടത്തിലെ വേദനകളും കഷ്ടതകളും തമസ്‌ക്കരിപ്പെടാന്‍ ഒരു വിഭാഗം സാഹചര്യങ്ങളൊരുക്കി.

പക്ഷെ, സി.എം ഉസ്താദ് ഒരു പരാതിയുമില്ലാതെ മൗനമായി തന്റെ നിശ്ശബ്ദ സേവനം തുടര്‍ന്നു. സഹനത്തിന്റെ ഒരു പതിറ്റാണ്ട് പിന്നെയും കടന്നു പോയി. 1990 കളുടെ തുടക്കത്തില്‍ മുസ് ലിം കേരളത്തില്‍ അതിരൂക്ഷമായ പ്രശ്‌നങ്ങളുണ്ടായി. സമസ്തയ്‌ക്കെതിരെ പലരും വാളെടുത്തു. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. സമസ്തയെ ധിക്കരിച്ച് എറണാകുളം സമ്മേളനം നടത്തിയതിനും സംഘടന വിരുദ്ധ പ്രവര്‍ത്തനാങ്ങള്‍ക്കും മറ്റുമായി അച്ചടക്കലംഘനത്തിന് സമസ്തയില്‍ നിന്ന് ആറുപേരെ പുറത്താക്കി. ഇതില്‍ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാരും ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ മുസ്ലിം സഹോദരങ്ങള്‍ രണ്ട് വിഭാഗമായി വിഭജിക്കപ്പെട്ടു. സംഘട്ടനങ്ങളും കയ്യാങ്കളിയും നടമാടി. മനസ്സുകള്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ന്നു. ദൗര്‍ഭാഗ്യത്തിന് സഅദിയ്യയുടെ ചുക്കാന്‍ സമസ്തയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ കൈകളിലായിരുന്നു.

സി .എം ഉസ്താദ് വീണ്ടും ഒറ്റപ്പെട്ടു. മറുപക്ഷം ശക്തിയായി ആഞ്ഞടിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി സഅദിയ്യയെ ഞങ്ങളെയാണ് ഏല്‍പ്പിച്ചത് എന്ന് വാദിച്ച് കൊണ്ടായിരുന്നു ജനങ്ങളെ വിഡ്ഡികളാക്കിയത്...!!! ഇരുപതു വര്‍ഷത്തെ തന്റെ പാരമ്പര്യത്തെ ഇടക്ക് വന്നവര്‍ ചൊദ്യം ചെയ്ത കയ്പ്പ് നിറഞ്ഞ നാളുകള്‍.

അവസാനം സി.എം അബ്ദുല്ല മുസ്ലിയാര്‍ താന്‍ നട്ടു നനച്ച് വളര്‍ത്തിയ ആ വിജ്ഞാന സൗധത്തിന്റെ പടിയിറങ്ങി, നിറകണ്ണുകളോടെ, പിടയുന്ന മനസ്സോടെ എന്നന്നേക്കുമായി..

സി.എം എന്ന സഹനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരൂപം എല്ലാ​ വേദനകളും നിശ്ശബ്ദമായി സ്വയം ഏറ്റ് വാങ്ങി. ആരുടെ കീഴിലാണെങ്കിലും അവിടെ പഠിപ്പിക്കുന്നത് അല്ലാഹുവിന്റെ ദീന്‍ തന്നെയാണല്ലോ എന്നെ സമാധാനമായിരുന്നു അദ്ധേഹത്തിന്.

സ-അദിയയ്യയോട് വിട പറഞ്ഞ ആ വിരഹദു:ഖത്തോടെ വീട്ടിലിരിക്കുമ്പോള്‍ ഒരു ദിവസം രാവിലെ ഒരു കൂട്ടം ആളുകള്‍ ചെമ്പിരിക്കയിലെ അദ്ധേഹത്തിന്റെ വീട്ടിലേക്ക് കയറി വന്നു. സി. എം ഉസ്താദിന് സ-അദിയ്യയുടെ പടിയിറങ്ങേണ്ടി വന്ന ആ അവസ്ഥാവിശേഷത്താല്‍ രോഷാകുലരായ അവര്‍ അദ്ധേഹത്തോട് പറഞ്ഞു: "അവര്‍ അന്യാമായി ആ സ്ഥാപനം കയ്യടക്കി കൊണ്ട് അതിക്രമം കാണിച്ചിരിക്കുകയാണ്. വരൂ, നമ്മുക്ക് പൊയി ഇപ്പോള്‍ തന്നെ അതു തിരിച്ച് പിടിക്കാം. ഞങ്ങള്‍ എന്തിനും തയ്യാറാണ്. താങ്കള്‍ ഞങ്ങളോടൊപ്പം വന്നാല്‍ മാത്രം മതി". പക്ഷെ സി. എം സമ്മതിച്ചില്ല. അന്യായമായി അവര്‍ കയ്യടക്കിയതാണെങ്കിലും നമ്മള്‍ അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും പറഞ്ഞ് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ അടങ്ങിയില്ല. ദീര്‍ഘ നേരം അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. ആളുകള്‍ പിന്‍മാറിയില്ല. അവസാനം സി. എം അബ്ദുല്ല മൌലവി ഒരു കാര്യം ചെയ്തു. അകത്തു പോയി കാറിന്റെ താക്കോല്‍ എടുത്ത് കൊണ്ട് വന്ന് അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു:

"ഇവിടെ ഇപ്പോള്‍ ഡ്രൈവര്‍ ഇല്ല, ഇതാ കാറിന്റെ താക്കോല്‍ , നിങ്ങളൊടോപ്പം ഞാന്‍ വരാം. പക്ഷെ, ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായതിന്റെ പേരില്‍ ആ സ്ഥാപനം അടച്ചിടേണ്ടിവന്നാല്‍ നാളെ അല്ലാഹുവിന്റെ കോടതിയില്‍ നിങ്ങളൂം ഞനും കൈ കെട്ടി നിന്ന് ഉത്തരം പറയേണ്ടി വരും. അതിന്` തയ്യാറാണോ..? " അതോടെ അവര്‍ അടങ്ങുകയും ആ ഉദ്യമം ഉപേക്ഷിക്കുകയും ചെയ്തു. അതായിരുന്നു സി.എം ഉസ്താദ്..!

പക്ഷെ, ചരിത്രത്തിലെ കറുത്ത നാളുകള്‍ അവിടെ അവസാനിച്ചില്ല. സ-അദിയ്യയുടെ ചരിത്രത്തില്‍ നിന്ന് സി.എം ഉസ്താദിന്റെ പേര്‌ വെട്ടിമാറ്റാനുള്ള ദുഖകരമായ ശ്രമങ്ങള്‍ നടന്നു, നടക്കുന്നു ഇപ്പോഴും. സ-അദിയ്യ യില്‍ നിന്നു പുറത്തിറങ്ങിയിരുന്ന സോവനീറുകളിലെല്ലാം സി. എം ഉസ്താദിന്റെ പേര്‌ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റുമായിരുന്നില്ല. നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പടച്ചുണ്ടാക്കിയ സ-അദിയ്യയുടെ ചരിത്രം 1979 മുതലാണ്‌ ആരംഭിക്കുന്നത്‌. അതിനു മുമ്പുണ്ടായിരുന്ന വിജയകരമായ ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് അവര്‍ പുല്ലു വിലയേ നല്കിയിരുന്നുള്ളൂ. എഴുത്തായ എഴുത്തുകളിലും പുസ്തകങ്ങാളായ പുസ്തകങ്ങളിലുമെല്ലാം സിം. എം ഉസ്താദിന്റെ പ്രവര്‍ത്തന കാലത്തെ തന്നെ ചോദ്യം ചെയ്യുന്ന പൊലെയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായി. 90 ന്‌ ശെഷമുള്ള സ-അദിയ്യയുടെ എഴുതപ്പെട്ട ചരിത്രങ്ങളോ പുസ്തകങ്ങളോ എടുത്ത് പരിശോധിച്ചാല്‍ സി എം എന്നൊരു വ്യക്തിയും സ-അദിയ്യയും തമ്മില്‍ ഒരു ബന്ധം പോലും ഉണ്ടായിരുന്നിലെന്നു തോന്നിപ്പോകും ..! ഈ പരാമര്‍ശങ്ങളില്‍ സംശയമുള്ളവര്‍ക്ക് സ-അദിയ്യ യുടെ വെബ് സൈറ്റ് പോയി നോക്കാം, അതിന്റെ സ്ഥാപകന്മാരുടെ കൂട്ടത്തില്‍ സി. എം ഉസ്താദിന്റെ പേര്‌ ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ പോലും കാണാന്‍ പറ്റില്ല. വാര്‍ഷികങ്ങളും ജൂബിലികളും കടന്നു പോയപ്പോഴും ആഘോഷങ്ങള്‍ കൊണ്ടാടിയപ്പോഴുമൊക്കെ ആ സ്ഥാപനത്തിന്` അസ്ഥിവാരമിട്ട ആ മനുഷ്യന്റെ പേര്‌ ഒരാവര്‍ത്തി ഉരിയാടാന്‍ ആരുടെയും ധിക്കാരം അനുവദിച്ചില്ല.

2003 -ല്‍ കാരവല്‍ പത്രത്തില്‍ രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച എം എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ സ-അദിയ്യ യെ കുറിച്ചുള്ള ലേഖനത്തിന്റെ കോപ്പി ഈ വിനീതന്റെ കയ്യിലുണ്ട്. സ-അദിയ്യയുടെ സംസ്ഥാപനത്തെ കുറിച്ച് അദ്ധേഹം നിരത്തുന്ന വാദഗതികള്‍ ഞെട്ടിക്കുന്നതാണ്.! അദ്ധേഹത്തിന്റെ വരികള്‍ നോക്കുക - " .........ആലിയയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും പിന്നീട് ഹാജി സാഹിബിന്റെ (കല്ലട്ട്ര) പഴയ വീട്ടില്‍ വെച്ച് പ്രസ്തുത രണ്ട് മുദരിസ്സുമാരെ (സി എം അദ്ബുല്ല മൌലവിയെയാണ്` ഉദ്ദേശം.!!) നിശ്ചയിച്ച് കൊണ്ട് 1971 ല്‍ ദര്‍സ് ആരംഭിക്കുകയും ....... ചെയ്തു". കല്ലട്ട്ര ഹാജി സാഹിബ് ഒരു അറബിക് കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ച് സ-അദിയ്യ രൂപികരിക്കുകയും അതില്‍ മുദരിസ്സായി സി.എം അബ്ദുല്ല മൌലവിയെ നിയമിക്കുകയും ചെയ്തു എന്ന നിസ്സാര വരിയില്‍ ചരിത്രത്തെ പൊളിച്ചെഴുതിയിരിക്കുന്നു..! ഇത്രയും സമര്‍ഥമായി, ഇത്രയും ക്രൂരമായി ചരിത്രങ്ങളെ വളച്ചൊടിക്കാനുള്ള വൈഭവത്തെ വെല്ലാന്‍ മാറ്റരുമുണ്ടാവില്ല...!! ലേഖകനെയും പിന്തുണക്കുന്നവരെയും തുറന്ന ചര്‍ച്ചക്കായി എം. എ യുടെ അടുത്തേക്ക് വെല്ലു വിളിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും വിശദീകരിക്കാനുണ്ടാവില്ലല്ലോ..

ഇനി സ-അദിയ്യ യുടെ വെബ് സൈറ്റില്‍ സ-അദിയ്യയുടെ പിറവിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണുക:

"Jamia Sa-adiya Arabiya, a religious and socio-cultural organization established in 1971 by late Janab Kallatra Abdul Khader Hajee in his house is a prodigious pharos in North Kerala. The dynamic leadership of Janab M.A.Abdul Khader Musliyar, an eminent scholar, has made Sa-adiya one of the biggest institutions meant for the socio-cultural development of the society" -

ഇവിടെയും സി എമ്മിന്റെ ഒരു നിഴലെങ്കിലും കാണാന്‍ കഴിയില്ല.

എത്രയെത്ര തെളിവുകള്‍ നിരത്തിയാലും സത്യത്തിനു നേരെ മുഖം തിരിക്കുന്നവര്‍ക്ക് വേണ്ടി കഴിഞ്ഞ ഭാഗത്തിലെ സ-അദിയ്യയുടെ സംസ്ഥാപന രംഗങ്ങള്‍ ഒന്നു കൂടി ആവര്‍ത്തിക്കാം :

[ .......ഇത് കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ അദ്ദേഹം ഒറ്റയ്ക്കായി. മുമ്പ് കൂടെ പ്രവര്‍ത്തിച്ചവരെയൊന്നും കാണാനില്ല. അവരെല്ലാം പലവഴിക്ക് പിരിഞ്ഞ് പോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം മൗനിയായി വീട്ടിലിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസില്‍ നിന്ന് ഈ സമരാവേശം വിട്ട് മാറിയില്ല.

ഒടുവില്‍ കല്ലട്രയെ തന്നെ സമീപിച്ചുനോക്കുവാന്‍ തീരുമാനിച്ചു. ഒരു കത്തെഴുതി അദ്ദേഹത്തിനെത്തിച്ചു. ഒരു പുതിയ അറബിക് കോളേജ് നമുക്ക് തുടങ്ങണം. അതിനുള്ള സഹായസഹകരണങ്ങള്‍ അങ്ങ് ചെയ്ത് തരണം. അല്ലാഹു അനുഗ്രഹിക്കും. അതായിരുന്നു കത്തിലെ ഉള്ളടക്കം. പക്ഷേ കത്തിന് പ്രതികരണമുണ്ടായില്ല.

ദിവസങ്ങള്‍ കടന്നുപോയി. എന്നിട്ടും സി . എമ്മിന്റെ മനസ്സിലെ കോളേജിനെക്കുറിച്ചുള്ള ചിന്ത കെട്ടടങ്ങിയില്ല. ഒരു ദിവസം അദ്ദേഹം കൂട്ടിന് ആരോരുമില്ലാതെ ഒറ്റയ്ക്ക് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വീട്ടിലേക്ക് തിരിച്ചു. വീണ്ടും കോളേജിന്റെ കാര്യം സംസാരിച്ചു. കുറേ നേരത്തേയ്ക്ക് അബ്ദുല്‍ഖാദര്‍ ഹാജി മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ സി .എം പിന്‍മാറിയില്ല. അദ്ദേഹം ദീര്‍ഘനേരം ആ വീട്ടില്‍ ഇരിപ്പുറപ്പിച്ചു. അത് ശരിക്കുമൊരു തപസ്സ് തന്നെയായിരുന്നു. ഒടുവില്‍ ഹാജി സാഹിബ് അകത്തേക്ക് പോയി വസ്ത്രം മാറി വന്നു. കാറില്‍ കയറാന്‍ പറഞ്ഞു. എവിടേക്കാണ് പോകുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയില്ല. വഴിക്ക് വെച്ച് ഹസന്‍കുട്ടി മുസ്ലിയാരെയും കല്ലട്ര അബ്ബാസ് ഹാജിയെയും കൂടെ കൂട്ടി. ആ യാത്ര ചെന്നവസാനിച്ചത് ചെമ്പരിക്കയില്‍ സി . എം അബ്ദുല്ല മൗലവിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ വന്ദ്യ പിതാവ് സി . മുഹമ്മദ് കുഞ്ഞി മുസ്ലിയാറിന്റെ (വലിയ ഖാസി) സന്നിധിയിലായിരുന്നു"

നിങ്ങളുടെ വരവിന്റെ ഉദ്ധേശം എന്തെന്ന് വലിയ ഖാസി ചോദിച്ചപ്പോള്‍ "നിങ്ങളുടെ മകന്‍ എന്തോ കാര്യം പറയാനുണ്ട്" എന്ന് കല്ലട്ട്ര ഹാജി സാഹിബ് അറിയിച്ചു.

അങ്ങനെ ഒരു കോളേജ് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ച ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച തുടര്‍ന്നു. ഒരു തീരുമാനത്തിലും എത്തിച്ചേര്‍ന്നില്ല.

ഒടുവില്‍ സി. എം അബ്ദുല്ല മൗലവി തന്റെ ആവനാഴിയിലെ അവസാനത്തെ ശരം തൊടുത്തുവിട്ടു. അദ്ദേഹ പറഞ്ഞു. " എന്നാല്‍ നിങ്ങള്‍ ഒരുപകാരം ചെയ്യുക. ഒരു പത്ത് കുട്ടികള്‍ക്ക് താമസിക്കുവാന്‍ ഉള്ള ഒരു ഇടം കണ്ടെത്തുക. അവര്‍ക്ക് ഭക്ഷണച്ചിലവും ഒപ്പിച്ച് തരിക. അവരെ പഠിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. ശമ്പളം വേണ്ട. ഫ്രീയായി പഠിപ്പിച്ചുകൊള്ളാം. '

ഇത് കുറിക്കു കൊണ്ടു. അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. ' ദാ എന്റെ പഴയപുര ഒഴിഞ്ഞു കിടക്കുകയാണ്. അതിലിപ്പോള്‍ ആരും താമസമില്ല. എല്ലാ വിധ സൗകര്യങ്ങളും അതിലുണ്ട്. അവിടെ കുട്ടികള്‍ക്ക് താമസിക്കാം. പിന്നെ ചിലവിന്റെ കാര്യമല്ലേ.. ഒരു കൊല്ലം വരെയുള്ള ചിലവുകള്‍ ഞാന്‍ തന്നെ വഹിക്കാം..'

എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ കോളേജ് തുടങ്ങാനുള്ള കളമൊരുങ്ങി. അതാണ് സഅദിയ്യ കോളേജ്...! ]

ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ ഏതാണ് സത്യവും മിഥ്യയും എന്ന്, അവര്‍ തിരിച്ചറിയട്ടെ ഏതാണ് കാപട്യമെന്ന്.

പക്ഷെ, സി.എം എന്ന നിഷ്കളങ്ക മനുഷ്യന്റെ ത്യാഗങ്ങളെ ചരിത്രത്തില്‍നിന്ന് നിഷ്കാസനം ചെയ്യാന്‍ ശ്രമിച്ച കൊടുംക്രൂരതക്ക് നാളെ അല്ലാഹുവിന്റെ കോടതിയില്‍ കൈ കെട്ടി നിന്ന് ഉത്തരം പറയേണ്ടി വരും... അവര്‍ ആരായിരുന്നാലും....!!
സാദിഖ് ഉദുമ പടിഞ്ഞാര്‍

No comments:

Post a Comment