Friday, September 9, 2011

ജ്ഞാന തപസ്യയുടെ നാള്‍വഴികള്‍ (ഭാഗം 5)

`സഅദിയ്യ` എന്ന വിജ്ഞാന സൗധത്തിന്റെ പടിയിറങ്ങിയതിനു ശേഷം ഒരു ചെറിയ കാലയളവ്. പക്ഷെ, പ്രൗഡമായ മൗനത്തിന്റെ ശീതളിമയില്‍ എപ്പോഴും ലയിച്ചിരിക്കുന്ന ചെമ്പരിക്ക ഖാസി ഹൗസിലെ ചുവരുകള്‍ക്കുള്ളില്‍ വിശ്രമിക്കാന്‍ കഴിഞ്ഞിരുന്നില്ല സി. എം അബ്ദുല്ല മൌലവിക്ക്.

ഒരു വലിയ പണ്ഡിതമഹാ പരമ്പരയുടെ ഒരു കണ്ണി എന്ന നിലയിലും ഒട്ടനവധി മഹല്ലുകളുടെ ഖാളി എന്ന നിലയിലും പ്രഭാഷകനും, ഗ്രന്ഥകാരനും എന്ന നിലയിലും ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല, ഉത്തരകേരളത്തിന്റെ ആത്മീയ തണലായിരുന്നു അദ്ദേഹം. സമസ്തയുടെ ശബ്ദമായിരുന്നു ആ പണ്ഡിത പ്രതിഭ. അതുകൊണ്ട് തന്നെ, ചെയ്ത് തീര്‍ക്കേണ്ട കര്‍മ്മങ്ങള്‍ക്ക് ഒരു ദിവസത്തിലെ ഇരുപത്തിനാല് മണിക്കൂര്‍ പര്യാപ്തമല്ല എന്ന അവസ്ഥയായിരുന്നു ആ മഹത് ജീവിതത്തില്‍ പ്രകടമായിരുന്നത്.

ഓരോ ദിവസവും പ്രഭാത സൂര്യന്റെ പ്രഥമ രേണുക്കള്‍ ഭൂമിയെ തലോടാനെത്തുന്നതിന് മുമ്പേ കര്‍മ്മ നിരതമാവുന്നതായിരുന്നു ആ മനസ്സും ശരീരവും. നൂറ്റാണ്ടുകളായി ഒരു വലിയ നാടിന്റെ നെറുകയില്‍ ആത്മീയമായ ഔന്നിത്യത്തിന്റെ പ്രകാശം വിതറി നിന്ന സൂഫി വര്യന്‍മാരുടെയും മഹാ പണ്ഡിതരുടെയും പരമ്പരയിലെ ഒരു കണ്ണിയായതിലുള്ള ഉത്തരവാദിത്വ ബോധവും മഹത്വവും പ്രകടമാകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നീക്കങ്ങളും.

ഉത്തര കേരളത്തിന്റെ ആത്മീയ ചലനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് , കാലപ്രവാഹത്തിന്റെ രാജപാതയിലൂടെ തനിക്ക് മുമ്പേ നടന്ന് പോയ തന്റെ പിതാമഹന്‍മാരുടെ ഗുണങ്ങള്‍ സമ്മേളിച്ച വ്യക്തിപ്രഭാവമായിരുന്നു സി.എം അബ്ദുല്ല മൗലവി. പോക്കര്‍ഷായുടെ ആത്മീയ പ്രകാശവും അബ്ദുല്ലാഹില്‍ ജംഹരിയുടെ പ്രസംഗ പാടവവും സി. മുഹമ്മദ് മുസ്ല്യാരുടെ നേതൃത്വപാടവവും ഗംഭീര പ്രൗഡിയും പാണ്ഢിത്യവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ സി. എം അബ്ദുല്ല മൗലവി എന്ന പേര് കേരള മുസ്ലിം ചരിത്രത്തിന്റെ താളുകളിലെ തങ്കത്തിളക്കമുള്ള അക്ഷരങ്ങളായി.




പ്രശ്‌നങ്ങളുടെയും തര്‍ക്കങ്ങളുടെയും ഊരാക്കുടുക്കുകളില്‍പ്പെട്ട് ഉഴലുന്നവരുടെ അവസാന പ്രതീക്ഷയായിരുന്നു ഖാസി ഹൗസിലെ നീതിന്യായ പീഠം. വിട്ടൊഴിയാത്ത വിഷമപ്രശ്‌നങ്ങളുടെ വേവലാതികളുമായി, പ്രശ്‌നപരിഹാരങ്ങള്‍ക്കു വേണ്ടി ദിനംപ്രതി എത്തിച്ചേരുന്നവരുടെ നിറസാന്നിധ്യം കൊണ്ട് ഒരു കോടതി മുറിക്ക് സമാനമാകുമായിരുന്നു ചെമ്പരിക്ക ഖാസി ഹൗസ്. എത്രയെത്ര ബിസിനസ് തര്‍ക്കങ്ങള്‍, കുടുംബ വഴക്കുകള്‍, സ്വത്ത് തര്‍ക്കങ്ങള്‍, ദാമ്പത്യ പിണക്കങ്ങള്‍...!! ഖാസി ഹൗസിലെ നന്മയുടെ ആ സൂര്യപ്രഭയേറ്റ് പടലപിണക്കങ്ങളുടെ മഞ്ഞുരുകി പോകാന്‍ അധികസമയം വേണ്ടി വരാറില്ല.

സി. എം അബ്ദുല്ല മൗലവിയുടെ മുഖചൈതന്യത്തില്‍ കണ്ണുകള്‍ നട്ട് വിനയത്തോടെ അവതരിപ്പിക്കപ്പെടുന്ന പരാതികളും പരിഭവങ്ങളും . വാദപ്രതിവാദങ്ങളുടെ ശബ്ദ കോലാഹലങ്ങളില്ല. ആക്രോശങ്ങളും അട്ടഹാസങ്ങളുമില്ല. ഒടുവില്‍ പരാതിക്കാരുടെ സങ്കടമഴ പെയ്ത് തോരുമ്പോള്‍ ഇളം വെയിലിന്റെ പിറവി പോലെ ഒരു പുഞ്ചിരി . ഒരു നോക്ക്, ഒരു വാക്ക്, ഒരുവരിയില്‍ തീരുന്ന ഒരുത്തരം. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പരിഹാരം.

വിദ്വേഷത്തിന്റെ തീക്കനലുകളെരിയുന്ന മനസ്സുമായി, പകയുടെ നെരിപ്പോടെരിയുന്ന നെഞ്ചുമായി ഒന്നിച്ചുകൂടിയവര്‍ ഒടുവില്‍ സ്‌നേഹത്തിന്റെ മധുരം പുരട്ടിയ വാക്കുകള്‍ കൈമാറി, പുഞ്ചിരിയോടെ പരസ്പരം കരങ്ങള്‍ കവര്‍ന്ന് യാത്ര പറഞ്ഞ എത്രയെത്ര സ്‌നേഹത്തിന്റെ നറുമണം ചൊരിഞ്ഞെത്തിയ പ്രഭാതങ്ങളാണ് ചെമ്പരിക്ക ഖാസി ഹൗസിന്റെ പുമുഖപ്പടിയില്‍ പൊട്ടി വിടര്‍ന്നത്..!!




കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 15 ന്റെ രാത്രിയില്‍, ചതിയുടെ മുഖം മൂടിയണിഞ്ഞെത്തിയ നന്മയുടെ ശത്രുക്കള്‍ ആ ജീവിത വിളക്ക് ഊതിക്കെടുത്തിയപ്പോള്‍ മുസ്ലിം കേരളത്തിന് സംഭവിച്ച മഹാനഷ്ടത്തിന്റെ ആഴം ഭീകരമാകുന്നതും അതുകൊണ്ടുതന്നെയാണ്. നൂറ്റാണ്ടുകളുടെ ഒരു മഹാ പാരമ്പര്യം സംഭാവന ചെയ്ത ഇതുപോലൊരു ആത്മീയ പാണ്ഡിത്യത്തിന്റെ വടവൃക്ഷം ഇനി എങ്ങിനെയാണ്, എപ്പോഴാണ് നമ്മുടെ നാടിന് നന്മയുടെ തണലായെത്തുക..?

പണ്ഡിതരെയും, പ്രാസംഗികരെയും ഗ്രന്ഥകാരന്‍മാരെയും നേതൃത്വപാടവമുള്ളവരെയും ഏത് കാലഘട്ടത്തിലായാലും ദീനിന്റെ വളര്‍ച്ചയ്ക്ക്, മതബോധമുള്ള ഒരു തലമുറയുടെ ഉയര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പക്ഷെ, ഈ സര്‍വ്വ ഗുണങ്ങളും ഒരാളില്‍ സമ്മേളിക്കുന്ന അത്ഭുത പ്രതിഭാസത്തിന് ചരിത്രം അപൂര്‍വ്വമായി മാത്രമേ സാക്ഷ്യം വഹിക്കാറുള്ളു. അങ്ങനെയൊരു അപൂര്‍വ്വതയായിരുന്നു സി. എം. അബ്ദുല്ല മൗലവി , അഥവാ ചെമ്പിരിക്ക ഖാളിയാര്‍ച്ച. ആത്മീയ പാരമ്പ്യമുള്ള ഒരു തലമുറയില്‍ ഭൂജാതനായി എന്ന് മാത്രമല്ല, പാണ്ഡിത്യവും, നേതൃപാടവവും, പ്രസംഗ വൈഭവവും ഗ്രന്ഥരചനാ പാടവവും ഒത്തിണങ്ങിയ ഒരു മഹത് വ്യക്തിത്വത്തിന്റെ ആള്‍രൂപമായിരുന്നു സി. എം

എഴുത്തിന്റെയും വായനയുടെയും തോഴനായിരുന്നു സി . എം ഉസ്താദ് . മലയാളത്തിലും ഉറുദുവിലും ഇംഗ്ലീഷിലും അറബിയിലും അദ്ദേഹം രചിച്ചിട്ടുള്ള ഒട്ടനവധി സൃഷ്ടികളില്‍ നിന്ന് വിവിധ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം മാത്രമല്ല, ഇംഗ്ലീഷ് അടക്കമുള്ള ഭാഷകള്‍ സരളമായി കൈകാര്യം ചെയ്യാനുള്ള നൈപുണ്യവും നമുക്ക് മനസ്സിലാക്കാം. ഗൗരവകരമായ വിഷയങ്ങളാണ് എഴുതുന്നതെങ്കില്‍ പോലും ലളിതസുന്ദരമായിരുന്നു ആ രചനയുടെ ശൈലി. ഭാഷാപ്രയോഗങ്ങളുടെ ജടിലത ഇല്ലാത്ത എഴുത്തിന്റെ രീതി. ഒരു കുളിര്‍ക്കാറ്റ് മെല്ലെ ഒഴുക്കിപരക്കുന്നത് പോലെ സുഗമവും സുഖകരവുമായി ഒഴുകിയൊലിക്കുന്ന വരികള്‍. ' എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും ' എന്ന അദ്ദേഹത്തിന്റെ ആത്മകഥാ പുസ്തകം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഒരു കൊച്ചുകുട്ടിക്ക് പോലും എളുപ്പത്തില്‍ വായിച്ച് രസിച്ച് പോകാന്‍ പറ്റുന്ന ആഖ്യാന രീതി.

പക്ഷെ, ആ ജ്ഞാന സമ്പുഷ്ടതയുടെ വിലപ്പെട്ട എത്രയോ എഴുത്തുകുത്തുകള്‍ സമാഹരിച്ച് വെക്കപ്പെടാതെ, കാലപ്രയാണത്തിനിടയില്‍ വിനഷ്ടമായി പോയതിന്റെ വേദന കൂടി നാം ഇപ്പോള്‍ അനുഭവിക്കുന്നു.

ഗോളശാസ്ത്ര വിഷയത്തില്‍ " മാഗ്നറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡിക്ലിനേഷന്‍ " എന്ന പുസ്തകം ഇംഗ്ലീഷില്‍ രചിച്ച് പുതുതലമുറയ്ക്ക് മുമ്പില്‍ വിസ്മയപ്രപഞ്ചം തീര്‍ത്തു സി.എം ..! ധ്രുവങ്ങളുടെയും ദിശാദിക്കുകളുടെയും സങ്കീര്‍ണ്ണമായ വിഷയം വളരെ മനോഹരമായി ഇംഗ്ലീഷില്‍ എഴുതി ആധുനിക യുഗത്തിന്റെ മുന്നില്‍ വെച്ചപ്പോള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ച ആ പണ്ഡിത മനസ്സിന്റെ മഹാത്മ്യം നാം ഹൃദയം കൊണ്ട് തൊട്ടറിയുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദങ്ങള്‍ നേടിയിട്ടും ഒരു വാക്യം പോലും ഇംഗ്ലീഷില്‍ തെറ്റില്ലാതെ മുഴുപിപ്പിക്കാന്‍ കഴിയാത്ത അഭ്യസ്തവിദ്യരുടെ ജാടവേഷങ്ങള്‍ക്ക് മുന്നില്‍ നിഷ്‌കളങ്കമായ അറിവിന്റെ അക്ഷയഖനിയായി മാറി സി.എം. ഉസ്താദ് . ഈ ഒരൊറ്റ ഉദാഹരണം മതി, ആ പാണ്ഡിത്യത്തിന്റെ പത്തരമാറ്റിനെ അല്‍പ്പമെങ്കിലും നമുക്ക് തിരിച്ചറിയാന്‍ .

കാവ്യശില്‍പ്പങ്ങളെ മനസ്സിന്‍ നിലവറയിലൊളിപ്പിച്ച് വെച്ച ഒരു കവി കൂടിയായിരുന്നു സി. എം അബ്ദുല്ല മൗലവി . മഹാഭൂരിഭാഗം ആളുകള്‍ക്കും ഇത് ഒരു പുതിയ അറിവായിരിക്കും.അദ്ദേഹത്തിന്റെ അനുഗ്രഹീത കരങ്ങളാല്‍ ഒരു പിടി കാവ്യശകലങ്ങള്‍ വിരചിതമായിട്ടുണ്ട്. അല്ലാമ ഇക്ബാലിന്റെ കവിതകളിലെ വാക്യങ്ങള്‍ പലപ്പോഴും യാത്രയ്ക്കിടയില്‍ അദ്ദേഹം ഉരുവിടാറുണ്ടായിരുന്നുവെന്ന് അടുപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്ബാലിന്റെ കാവ്യശകലങ്ങളെ സ്‌നേഹിക്കുന്ന ഒരാള്‍ക്കൂടിയായിരുന്നു സി.എം.

മാപ്പിള സാഹിത്യത്തിന്റെ സര്‍വ്വസൗന്ദര്യങ്ങളെയും വരികളില്‍ ആവാഹിച്ച് ഒരു പിടി സൃഷ്ടികള്‍ മാല രൂപത്തില്‍ രചിച്ചിട്ടുണ്ട് അദ്ദേഹം. 'ഫത്ഹുല്‍ കന്‍സ്' എന്ന പേരിലുള്ള അറബിമലയാള കവിതയും സ്വപിതാവിന്റെ പേരിലുള്ള മൗലിദും, മംഗലാപുരം ഖാസിയായതില്‍ ശേഷം മംഗലാപുരത്തെ പ്രഥമ ഖാസി മുസബ്‌നു മാലിക്കില്‍ ഖുറൈശിയുടെ പേരില്‍ രചിച്ച ' അല്‍ ഫത്ഹുല്‍ ജൈശി' എന്ന രചനയുമൊക്കെ അവയില്‍ ചിലതാണ്.

ആ പണ്ഡിത മനസ്സിനുള്ളിലെ കാവ്യസൗന്ദര്യം ഈ കൃതികളില്‍ നിന്നും നമുക്ക് ഒപ്പിയെടുക്കാം.

ചെമ്പരിക്ക മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനെക്കുറിച്ച് ' ചെമ്പരിക്ക മാല' എന്ന പേരില്‍ ഒരു അറബി മലയാള കാവ്യം മാലരൂപത്തില്‍ ആ തൂലികത്തുമ്പില്‍ നിന്ന് ജന്മം കൊണ്ടിട്ടുണ്ട്. ആ വരികളിലൂടെ കണ്ണോടിച്ചാല്‍ സി . എം എന്ന പണ്ഡിത പ്രതിഭയുടെ മനസ്സിലെ കാവ്യാത്മകത എത്രത്തോളമുണ്ടായിരുന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും :

" ചെമ്പരിക്ക എന്ന ദിക്കില്‍ വന്നൊരു വലിയുല്ലാഹ്...
ചെമ്പകപ്പൂ തന്റെ കഥ ചൊല്ലിടും കാക്കല്ലാഹ്...
വമ്പരോരെ കേളി കീര്‍ത്തി ആരിലും മറയൂലാ
വന്ദ്യരോരെ തിങ്കളെന്നും മന്നിലും മങ്ങൂലാ.... "

നോക്കു..എത്രമനോഹരമായി ഒഴുകി പരക്കുന്ന കാവ്യം...!!
അതില്‍ നിന്നുള്ള ഏതാനും വരികള്‍ മാത്രമാണിമാണിവ :-

" പത്തിരുപതാണ്ട് പാഞ്ഞു ഒന്നുമില്ലാ കുഞ്ഞേ.
പണ്ട് തൊട്ടേ നാരീ നിന്റെ മംഗലം കഴിഞ്ഞേ
ഉത്തരത്തിനാശയാലേ ഉച്ചരിച്ചു പെണ്ണേ...
..............................
..............................
റബ്ബു തന്റെ കരുണയതാ ചൊരിഞ്ഞിടുന്നേ
റഹ്മീന്‍ ഈ തരുണീമണിക്ക് ഹംല് ഉടനെ വന്നേ... "

അതെ, സി. എം എന്ന രണ്ടക്ഷരം ഒരു മനോഹര കാവ്യം തന്നെയായിരുന്നു, നാമാരും ഒരാവര്‍ത്തി പോലും വായിച്ച് തീരാത്ത ഒരു ജീവിത കാവ്യം... !!

No comments:

Post a Comment