Friday, September 9, 2011

പടയോട്ടത്തിന്റെ രണ്ടാമൂഴം - എം. ഐ.സി

പണ്ട് പണ്ട് അനേകം വര്‍ഷങ്ങള്‍ക്കു മുമ്പത്തെ തെക്കിലിലെ ഒരു പ്രദേശം. മരങ്ങളും സസ്യത്തലപ്പുകളും ഇടതൂര്‍ന്ന് നില്‍ക്കുന്ന ഹരിത നിബിഢമായ ഒരു മലമ്പ്രദേശം. മനുഷ്യവാസമില്ലാത്ത അവിടെ മൃഗങ്ങളും വന്യജീവികളും സ്വൈര്യവിഹാരം നടത്തിയിരുന്നു. ആള്‍ത്താമസമില്ലാത്ത ഈ മലയോരത്തിന്റെ മഹാവിജനതയില്‍, ആക്രമണകാരികളായ മൃഗങ്ങള്‍ മാത്രം അതിവസിച്ചിരുന്ന ആ കടുത്ത ഏകാന്തതയില്‍, ഒരു മനുഷ്യന്‍ മാത്രം ഇവിടെ ജീവിച്ചു പോന്നു. ആ നിശബ്ദതയുടെ മഹാ വനത്തില്‍ സമൃദ്ധമായ പ്രകൃതിയുടെ തോഴനായി ആ മനുഷ്യന്‍ ഒറ്റയ്ക്കവിടെ താമസിച്ചു. മാഹിന്‍ ഹാജി മുസ്ലിയാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ചെറുവത്തൂര്‍ തുരുത്തിയിലെ മസാലക്കാരന്‍ മുഹമ്മദ് മുസ്ലിയാര്‍ ആയിരുന്നു അദ്ധേഹത്തിന്റെ പിതാവ്.

സദാസമയവുംപ്രാര്‍ത്ഥനാ മുറകളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു സൂഫി വര്യനായിരുന്നു അദ്ദേഹം. ആ ഭൂപ്രദേശത്തിന്റെ ഒരു സ്ഥലത്ത് അദ്ദേഹം നിസ്‌കാരത്തിലും മറ്റുമുള്ള ആരാധനാ മുറകളില്‍ ഏര്‍പ്പെട്ട് ജീവിക്കുകയും ചെയ്തു.അദ്ധ്യാത്മിതയുടെ അഗാധതയില്‍ ധ്യാനനിരതനായിരിക്കുന്ന അദ്ധേഹത്തിന്‌ മുന്നില്‍ വന്യ മൃഗങ്ങള്‍ പോലും വഴിമാറി പോകുന്ന അല്‍ഭുതസംഭവങ്ങള്‍ക്ക് ആ കാലം സാക്ഷ്യം വഹിച്ചിരുന്നു.അവിടെ താമസിച്ചിരുന്ന ആ സൂഫി വര്യന്റെ പേര് ചേര്‍ത്ത് `മായിനത്തടുക്കം` എന്നാണ് ആ സ്ഥലത്തെ വിളിച്ചിരുന്നത്.

അങ്ങനെ കുറേ കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹം മണ്‍മറഞ്ഞു. പക്ഷേ കാലങ്ങളോളം ഇവിടെ ജനവാസമൊന്നും ഉണ്ടായില്ല. മനുഷ്യവാസമില്ലാത്ത ആ പ്രദേശം കാട് പിടിച്ചു കിടന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം....



കാലചക്രം കറങ്ങിത്തിരിഞ്ഞ് രണ്ട് നൂറ്റാണ്ടിന്റെ വഴി ദൂരം പിന്നിട്ടപ്പോള്‍, തെക്കിലിലെ മായിനത്തടുക്കം എന്ന പുറംപോക്ക് പ്രദേശത്ത് ചരിത്രത്തിന്റെ നിയോഗം പോലെ ഒരു വിദ്യാഭ്യാസ സമുച്ചയം ഉയര്‍ന്നു വന്നു. മാഹിന്‍ ഹാജി മുസ്ലിയാര്‍ എന്ന സൂഫി വര്യന്‍ നിസ്‌കാരം നിര്‍വ്വഹിച്ചിരുന്നിടത്ത് ഒരു പള്ളിയും. ഉത്തര കേരളത്തിന്റെ മുസ്ലിം നവോത്ഥാന മേഖലയിലെ ഒരു വലിയ നാഴികകല്ലായിരുന്നു അത്. ജന സമ്പര്‍ക്കമൊന്നുമില്ലാതെ കാട് പിടിച്ച് കിടന്നിരുന്ന ആ ഭൂപ്രദേശത്തിന് പെട്ടെന്ന് പുതുജീവന്‍ കൈവന്നു. അത് ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറി. ആധുനിക യുഗത്തിന്റെ ഏറ്റവും വലിയ അനിവാര്യതയായ സമന്വയ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിന് വേണ്ടി സ്ഥാപിതമായ ഉത്തരകേരളത്തിലെ ആദ്യത്തെ വിജ്ഞാന സൗധമായി അത്. അതിന്റെ പേരാണ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ്.

ഇല്ലായ്മയുടെ ശൂന്യതയില്‍ നിന്ന് ഉത്തരകേരളത്തിന്റെ മത വൈജ്ഞാനിക മേഖലയില്‍ അറിവിന്റെ കൊട്ടാരങ്ങള്‍ തീര്‍ത്ത സി എം അബ്ദുല്ല മൗലവി തന്നെയായിരുന്നു ഈ വിദ്യാഭ്യാസ സമുച്ഛയത്തിന്റെയും സ്ഥാപകനും അമരക്കാരനും. തൊട്ടതെല്ലാം പൊന്നാക്കിയ സി എം എന്ന മഹാജ്ഞാനിയുടെ ചിന്ത സരണികളില്‍ നിന്ന് ജന്മം കൊണ്ട മറ്റൊരു മഹാ വിസ്മയമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അഥവാ എം ഐ സി. മായിനത്തടുക്കം പിന്നെ മാഹിനാബാദ് ആവുകയും ചെയ്തു.

ചരിത്ര നിമിഷങ്ങള്‍ തളിരണിഞ്ഞ് നിന്ന എം. ഐ .സി യുടെ ഉദയത്തിന് വഴിയൊരുക്കിയ സംഭവ വികാസങ്ങള്‍ ഇങ്ങനെയായിരുന്നു:



യൗവ്വനവും ആയുസ്സിന്റെ പകുതിയും വിയര്‍പ്പ് കണങ്ങളാക്കി പടുത്തുയര്‍ത്തിയ സഅദിയ്യയുടെ പടിയിറങ്ങിയിട്ട് ഒരു വര്‍ഷം കടന്നുപോയി. ഖാസി സ്ഥാനവും സമസ്തയുടെ സാരഥ്യവും മറ്റും സംഘടനാ കാര്യങ്ങളുമായി സിഎമ്മിന്റെ ജീവിതം ശാന്തമായി മുന്നോട്ടൊഴുകി. ഈ മേഖലകളില്‍ തന്നെ ചെയ്ത് തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.

ഇതിനിടെ മറ്റൊരു സ്ഥാപനത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ആയുസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നീണ്ട ഒരു കാലയളവായിരുന്നു സഅദിയ്യയുടെ സംസ്ഥാപനത്തിനും പിന്നീട് അവിടുത്തെ സേവനങ്ങള്‍ക്കുമായി ചിലവിട്ടത്. വേദനയോടെ സഅദിയ്യയുടെ പടിയിറങ്ങിയെങ്കിലും താന്‍ പടുത്തുയര്‍ത്തിയ സ്ഥാപനം നിലനില്‍ക്കുന്നുണ്ടല്ലോ എന്ന ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു. അത് നിലനില്‍ക്കുന്നിടത്തോളം കാലം അതിന്റെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കാമല്ലോ എന്ന സന്തോഷവും.

അങ്ങനെയിരിക്കെ ഒരു നിയോഗമുണ്ടായി. നീലേശ്വരത്ത് ഒരു സ്വകാര്യസമിതി നടത്തിവന്നിരുന്ന മര്‍ക്കസ് ദഅവത്തില്‍ ഇസ്ലാമിയ എന്ന സ്ഥാപനത്തെ സമസ്ത ജില്ലാ കമ്മിറ്റി ഏറ്റെടുക്കണമെന്നും സി എം ഉസ്താദ് അതിന്റെ ചുക്കാന്‍ പിടിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ബന്ധപ്പെട്ടവര്‍ അദ്ദേഹത്തെ സമീപിച്ചു. താന്‍ ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കുന്നില്ലെന്നും, ജില്ലാ മുശാവറയില്‍ ചര്‍ച്ച ചെയ്ത് വേണ്ട പോലെ തീരുമാനിക്കാമെന്നും അവര്‍ക്ക് ഉറപ്പു കൊടുത്തു.

ജില്ലാ കമ്മിറ്റിയില്‍ നീലേശ്വരത്തെ മര്‍ക്കസും ദഅവത്തില്‍ ഇസ്ലാമിയയെ സമസ്ത ഏറ്റെടുക്കാന്‍ തീരുമാനമായി. അങ്ങനെ സി എം അബ്ദുല്ല മൗലവിയുടെ തിരക്കേറിയ ജീവിതത്തിലേക്ക് കാര്‍മ്മികത്വത്തിന്റെയും, കാര്യദര്‍ശനത്തിന്റെയും മറ്റൊരു ദൗത്വം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു. സി എം അബ്ദുല്ല മൗലവി എന്ന മഹാ പണ്ഡിത തേജസിന്റെ സൂര്യപ്രഭാവം നീലേശ്വരത്തെ മര്‍കസില്‍ മേലും അനുഗ്രഹ കിരണങ്ങള്‍ ചൊരിഞ്ഞു.

`സമന്വയ വിദ്യാഭ്യാസം` എന്ന ആധുനിക യുഗത്തിന്റെ അനിവാര്യത എന്ന മഹത്തായ ലക്ഷ്യം നെഞ്ചിലേറ്റി സഅദിയ്യ സ്ഥാപിക്കുകയും, ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളിലൂടെ അത് നഷ്ടപ്പെടുകയും ചെയ്തുവെങ്കിലും, ആ മനസ്സിലുദിച്ച പവിത്രമായ ആ ലക്ഷ്യത്തിന്റെ ശക്തിപ്രഭാവം കൊണ്ടാകണം, ചരിത്രത്തിന്റെ നിയോഗം പോലെ നിനച്ചിരിക്കാത്ത ഒരവസരത്തില്‍ വീണ്ടൂം മറ്റൊരു സൌഭാഗ്യം സി .എം ഉസ്താദിനെ തേടിയെത്തി.

ഒരു സുപ്രഭാതത്തില്‍ തെക്കിലിലെ പൗരപ്രമുഖനായ എ.എം മൂസഹാജിയുടെ അംബാസഡര്‍ കാര്‍ ചെമ്പരിക്കയിലെ സി. എം അബ്ദുല്ല മൗലവിയുടെ വീട്ടുമുറ്റത്ത് ഒഴുകി വന്നു നിന്നു. കുശലം പറച്ചിലുകള്‍ക്ക് ശേഷം സുപ്രധാനമായ ഒരു കാര്യം മൂസഹാജി സി എം അബ്ദുല്ല മൗലവിയെ ധരിപ്പിച്ചു. ` തെക്കിലിലെ `മായിനടുക്കം` എന്ന സ്ഥലത്ത് ഞാന്‍ ഒരു പത്ത് ഏക്കര്‍ സ്ഥലം സ്വരൂപിച്ച് വെച്ചിട്ടുണ്ട്. താങ്കള്‍ അത് ഏറ്റെടുത്ത് അവിടെ ഒരു മത ഭൗതിക സ്താപനം തുടങ്ങണം.`

സന്തോഷകരമായ ഒരു വര്‍ത്തമാനമായിരുന്നെങ്കിലും അബ്ദുല്ല മൗലവി പെട്ടെന്നൊരു ഉത്തരം പറഞ്ഞില്ല. അദ്ദേഹം ആലോചിച്ചു. ഒരു പുറം പോക്ക് ഭൂമി മാത്രമാണ് ലഭിക്കാന്‍ പോവുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നാണ് എല്ലാം സൃഷ്ടിച്ചെടുക്കേണ്ടത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികം ജീവിച്ച് കഴിഞ്ഞു. ശൂന്യതയില്‍ നിന്ന് ഒരു സ്ഥാപനം ഉണ്ടാക്കിയെടുക്കുക എന്നത് ദുഷ്‌കരമാണ്. നിലവിലുള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത് പോലെയല്ല. എന്നാലും, ` മതഭൗതീക സമന്വയ വിദ്യാഭ്യാസം` എന്നത് തന്റെ ചിരകാല സ്വപ്‌നമായിരുന്നു. ആ മഹത്തായ ദൗത്യനിര്‍വഹണമാണ് പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. ഒരു പക്ഷെ, ആ മഹത്തായ ദൗത്യ നിര്‍വ്വഹണത്തിന്റെ സാഫല്യത്തിന് വേണ്ടി നാഥന്‍ തന്റെ മുന്നിലേക്കിട്ട് തന്ന ഒരു അവസരമാണെങ്കിലോ... ?

തല്‍ക്കാലം സമസ്തയുടെ ജില്ലാ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് വേണ്ട തീരുമാനം എടുക്കാം എന്ന് പറഞ്ഞ് അദ്ദേഹം മൂസാ ഹാജിയെ യാത്രയയച്ചു. പിന്നീട് സി.എം ഉസ്താദ് ഉടനെ ജില്ലാ മുശാവറ വിളിച്ച് ചേര്‍ത്തു. മൂസഹാജിയുടെ ആഗ്രഹങ്ങളും ഭൂമി വാഗ്ദാനവും ചര്‍ച്ചയില്‍ അവതരിപ്പിച്ചു. അങ്ങനെ മായിനടുക്കത്ത് മതഭൗതിക വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായ ഒരു വിജ്ഞാന സമുച്ചയം സ്ഥാപിക്കാന്‍ 1992 ഫെബ്രുവരി 28 ന് ചേര്‍ന്ന മുശാവറയില്‍ ഐക്യകണ്‌ഠ്യേന തീരുമാനമായി. സ്ഥാപനത്തിന് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം ഐ സി) എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് മൂസഹാജി പത്തേക്കര്‍ ഭൂമിയുടെ എല്ലാ രേഖകളും കൈമാറി. ഈ പത്തേക്കര്‍ ഭൂമി പിന്നീട് മുപ്പത് ഏക്കറായി വികസിപ്പിക്കപ്പെട്ടു.

ഇതോടൊപ്പം തന്നെ യാദൃശ്ചികമായ മറ്റൊരു സംഭവം കൂടിയുണ്ടായി. ഒമാനിലെ ` ഖസബ് ` എന്ന സ്ഥലത്ത് നിന്നും തദ്ദേശീയരായ ഒരു പറ്റം ആളുകളുടെ ഒരു എഴുത്ത് സി. എം അബ്ദുല്ല മൗലവിയെ തേടിയെത്തി. നാട്ടില്‍ ഒരു മതഭൗതിക വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്താന്‍ മുന്‍കൈ എടുക്കണമെന്ന ആവശ്യം ഉണര്‍ത്തിക്കൊണ്ടായിരുന്നു ഇത്. അതോടുകൂടി എം. ഐ. സി യുടെ സംസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമായി.


അങ്ങനെ അബ്ദുല്ല മൗലവിയും സഹപ്രവര്‍ത്തകരും വീണ്ടും കച്ചമുറുക്കി ഇറങ്ങി. സി. എമ്മിന് അന്ന് 60 വയസ്സായിരുന്നു. വാര്‍ദ്ധക്യം മെല്ലെ പടികയറി വരുന്നുണ്ടെങ്കിലും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ അദ്ദേഹം പ്രവര്‍ത്തന ഗോദയില്‍ സജീവമായി.

1993 ജുലൈ മാസം നാലാം തീയ്യതി. ആ സ്വപ്‌ന മുഹൂര്‍ത്തം കണ്‍കുളിര്‍ക്കെ കാണാന്‍ തടിച്ചുകൂടിയ വന്‍ ജനാവലിയെ സാക്ഷിയാക്കി, മുസ്ലിം കേരളത്തിന്റെ ആത്മീയാചാര്യന്‍ മഹാനായ മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എന്ന വിദ്യാഭ്യാസ സമുച്ചയത്തിന് തറക്കല്ലിട്ടപ്പോള്‍, മായിനടുക്കത്തെ ഓരോ മണല്‍ത്തരികളും കോരിത്തരിച്ച് നിന്നു. അന്ന് തന്നെ സയ്യിദ് ഹമീദ് കോയമ്മ തങ്ങള്‍ ചാവക്കാട്, ടി കെ എം ബാവ മുസ്ല്യാര്‍, എന്നിവരുടെ തൃക്കരങ്ങളാല്‍ മസ്ജിദ് അബ്ദുല്‍ ഫത്താഹ്, അല്‍-ബത്‌റാന്‍ യതിംഖാന, സ്‌കൂള്‍ മദ്രസ കെട്ടിടം എന്നിവയ്ക്കും തറക്കല്ലിട്ടു.

സി.എം അബ്ദുല്ല മൗലവിയുടെയും കൂട്ടാളികളുടെയും മനസ്സില്‍ സന്തോഷത്തിരമാലകള്‍ അലയടിച്ചു. സമന്വയ വിദ്യാഭ്യാസമെന്ന അദ്ദേഹത്തിന്റെ ആദ്യകാല സ്വപ്‌നങ്ങളുടെ രണ്ടാംമൂഴം. ഉത്തരകേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം അത്രത്തോളം ആഗ്രഹിച്ചിരുന്ന ആ പണ്ഡിത മനസ്സ്. ആധുനികയുഗത്തിന്റെ വെല്ലുവിളികളെ ചെറുത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള മതവിദ്യാഭ്യാസത്തിലും ഭൗതിക വിദ്യാഭ്യാസത്തിനലും നൈപുണ്യം നേടിയ ഒരു പണ്ഡിത സമൂഹം അതായിരുന്നു `സമന്വയ വിദ്യാഭ്യാസം` എന്ന ആശയത്തിന്റെ അടിസ്ഥാന ലക്ഷ്യം.



അങ്ങനെ എം. ഐ .സി കാലത്തിന്റെ ഭ്രമണപഥത്തിലൂടെ പ്രയാണം ആരംഭിച്ചു. വിസ്മയിപ്പിക്കുന്ന വേഗതയില്‍ അത് പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങി. അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും പത്ത് ഏക്കര്‍ ഭൂമിയില്‍ നിന്ന് മുപ്പത് ഏക്കറിലേക്കും മൂന്ന് കോടി രൂപയുടെ ആസ്തിയിലേക്കും അത് വളര്‍ന്നു. മദ്‌റസ, സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മസ്ജിദ്, യതീംഖാന എന്നിങ്ങനെ ആദ്യഘട്ടം പൂര്‍ത്തിയായി.

പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ എം. ഐ. സി യുടെ പ്രയാണവേഗം പിന്നെയും കൂടി. അതിനിടയില്‍, ഉദുമ പടിഞ്ഞാറിലെ പൗരപ്രമുഖനും, ദീനി സ്‌നേഹിയും മഹാമനസ്‌കനുമായ ഖത്തര്‍ ഹാജി എന്ന കെ. കെ അബ്ദുല്ല ഹാജി, എം ഐ സി ക്ക് സഹായ ഹസ്തവുമായി വന്നു. അദ്ദേഹത്തിന്റെ ഉദുമ പടിഞ്ഞാറിലെ പഴയ വീട് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് നല്‍കി. എം ഐ സി ക്ക് കീഴിലുള്ള ദാറുല്‍ ഇര്‍ശാദ് അക്കാദമിയാണ് എം.ഐ.സി യുടെ ആത്മാവ്. ഇതായിരുന്നു സി .എം ഉസ്താദിന്റെ ആശയും അഭിലാഷവും. ഉത്തരമലബാറിന്റെ സമന്വയ വിദ്യാഭ്യാസ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നത് ഇതിലൂടെയായിരുന്നു.

പിന്നീടങ്ങോട്ട് സി. എം അബ്ദുല്ല മൗലവിയുടെ ഹൃദയമിടിപ്പ് പോലും എം. ഐ. സി ക്ക് വേണ്ടിയായിരുന്നു. ഓരോ ദിവസവും പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം നേരത്തെ തന്നെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലേക്ക് പുറപ്പെടുമായിരുന്നു അദ്ദേഹം. ഏത് നേരത്തും ` മലബാര്‍ ` എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.

തീവ്രമായ ആ ത്യാസന്നദ്ധതയുടെ ശക്തി കൊണ്ടാവാം, എം. ഐ. സി കണ്ണഞ്ചിപ്പിക്കും വേഗത്തില്‍ ഉയരങ്ങളിലേക്ക് കുതിച്ചു. അനാഥ-അഗതി മന്ദിരം , സ്ത്രീകള്‍ക്ക് മാത്രമുള്ള അഫ്‌സലുല്‍ ഉലമ കോളേജ്, സമസ്തയുടെ കീഴിലുള്ള മദ്രസ, സര്‍ക്കാര്‍ അംഗീകാരമുള്ള ഇംഗ്ലീഷ് എല്‍ പി- യു പി- ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം നഴ്‌സറി, കേരളാ സര്‍ക്കാര്‍ അംഗീകാരത്തോടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ദര്‍സുകളിലും അറബിക് കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നടത്താനായി ജാമിഅ അര്‍ശാദുല്‍ ഉലും, ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാലിലും ഉദുമ പടിഞ്ഞാറിലുമായി വ്യാപിച്ച് കിടക്കുന്ന ദാറുല്‍ ഇര്‍ശാദ് അക്കാദമി തുടങ്ങിയവയാണ് എം ഐ സി യുടെ കനകക്കിരീടത്തില്‍ നിന്നും വിരിഞ്ഞ പൊന്‍തൂവലുകള്‍.

കരളലയിപ്പിക്കുന്ന ത്യാഗങ്ങളായിരുന്നു എം. ഐ. സി ക്കുവേണ്ടി സി. എം അബ്ദുല്ല മൌലവി പകുത്ത് നല്‍കിയത്. രോഗാതുരമായ വാര്‍ദ്ധക്യത്തിലും എം ഐ സിക്ക് വേണ്ടി രാപകലില്ലാതെ ഓടി നടന്നു. അബ്ദുല്ല മൗലവിയുടെ ജീവിതത്തില്‍ ഓരോ പ്രഭാതവും പൊട്ടി വിടര്‍ന്നത് തന്നെ മലബാറിനു വേണ്ടി എന്ന് തോന്നിപോവുമായിരുന്നു. മലബാറിന്റെ കാര്യം കഴിഞ്ഞിട്ട് മാത്രമേ വീട്ടുകാര്യങ്ങള്‍ പോലും അദ്ധേഹം ശ്രദ്ദിച്ചിരുന്നുള്ളൂ. ആ വിദ്യാഭ്യാസ സമുച്ചയത്തിന്റെ നടത്തിപ്പിന്‌ സാമ്പത്തിക ഞെരുക്കം വരുന്ന സമയങ്ങളില്‍ , മഴയും വെയിലും വക വെക്കാതെ, സ്വന്തം ആരോഗ്യം കണക്കിലെടുക്കാതെ, മറ്റുള്ളവരൊടൊപ്പം അദ്ധേഹം തന്നെ സാഹായിക്കന്‍ പറ്റുന്ന ആളുകളെ തേടി പുറപ്പെടുമായിരുന്നു.

ഡോക്‌ടര്‍മാര്‍ കണിശമായ വിശ്രമം നിര്‍ദ്ധേശിച്ച രോഗാസ്ത്രതയുടെ കാലത്ത് പോലും മലബാറിന്റെ നടത്തിപ്പിന്‌ വേണ്ടി നടത്തിയ വിദേശയാത്രകളാണ്‌ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ ഗമനം സുഗമമാക്കിയത്.

എം. ഐ. സി യുടെ ഓരോ ഭരണ മേഖലകളിലും സി .എം നേരിട്ട് ഇടപെടുമായിരുന്നു. നിര്‍മ്മാണ ജോലികള്‍ മുതല്‍ തോട്ടപ്പണികള്‍ വരെ, ഓഫീസ് കാര്യം മുതല്‍ അടുക്കള കാര്യം വരെ അദ്ദേഹം നേരിട്ട് നിയന്ത്രിച്ചിരുന്നു. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിന്റെ മെനുപോലും പാചകക്കാരനോട് അദ്ദേഹം ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശിക്കുമായിരുന്നു.

ഒരു മഹാപണ്ഡിതന്റെ ഗൗരവ ഭാവങ്ങളില്ലാതെ, ചെറിയവരോടും, വലിയവരോടും അവരുടെ നിലയനുസരിച്ചുള്ള ഹൃദ്യമായപെരുമാറ്റവും ലളിതമായ ജീവിതരീതിയും ഉയര്‍ന്ന ചിന്താഗതിയുമായിരുന്നു സി .എം എന്ന പണ്ഡിത തേജസ്സിനെ വ്യത്യസ്തമാക്കിയത്.

സ്‌നേഹത്തിന്റെ പര്യായമായിരുന്നു സി. എം. സന്തോഷം മിന്നിമറയുന്ന മുഖപ്രസാദവുമായി, എം ഐ സി യില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ നോക്കി, പുഞ്ചിരി തൂകികൊണ്ട് ഒരു മൂലയ്ക്കിരിക്കുന്ന സി.എം ഉസ്താദ് വിനഷ്ടമായ ഒരു കാലഘട്ടത്തിന്റെ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മചിത്രമാകുന്നു.

മനസ്സില്‍ സ്വപ്‌ന ഗോപുരങ്ങള്‍ കെട്ടിപ്പടുത്ത്, ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് സമന്വയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കുട്ടികള്‍ സനദുമായി പുറത്തിറങ്ങുന്നതിന് ഒരു വിളിപ്പാടകലെ വെച്ച് ആ സ്വപ്‌ന മുഹൂര്‍ത്തത്തിന്‌ വെറും ആറു മാസത്തെ വഴിദൂരത്തിനിപ്പുറം വെച്ച്, ഇരുട്ടിന്റെ ശക്തികള്‍ ആ ജീവന്‍ കവര്‍ന്നെടുത്തു.

അവര്‍ ആരായിരുന്നു... ?

No comments:

Post a Comment