Friday, September 9, 2011

സി.എം - നക്ഷത്രഗോളങ്ങളുടെ കൂട്ടുകാരന്‍

kasaragod.com, cm abdulla moulavi, malabar islamic complex


`വാനലോകങ്ങളെ നിങ്ങള്‍ക്ക് കാണാവുന്ന താങ്ങുകളില്ലാതെ നിലനിര്‍ത്തിയവന്‍ അല്ലാഹു തന്നെയാകുന്നു. അനന്തരം അവന്‍ തന്റെ അധികാര പീഠത്തില്‍ ഉപവിഷ്ഠനായി. സൂര്യചന്ദ്രന്‍മാരെ അവന്‍ ഒരു വ്യവസ്ഥയ്ക്ക് വിധേയമാക്കിയിരിക്കുന്നു. വിപുലമായ ഈ സംവിധാനത്തിന്റെ ഓരോ ഘടകവും നിശ്ചിത അവധി വരെ ചലിച്ച് കൊണ്ടിരിക്കും`. (വി.ഖുര്‍ആന്‍ -സൂറത്ത് റഅദ് 13:2)

മനുഷ്യമസ്തിഷ്‌കത്തില്‍ വിഭ്രാന്തിയുടെ മരവിപ്പുണ്ടാക്കുന്നത്രയും സങ്കിര്‍ണ്ണവും അത്ഭുതകരവുമാണ് ഈ പ്രപഞ്ചത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും. ഭൂമിയുടെയും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയും ചലനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖുര്‍ആനിലുടനീളം ശ്രവണമനോഹരമായി പരാമര്‍ശിച്ചിട്ടുണ്ട്. പിന്നീട് ശാസ്ത്രലോകം കണ്ടെടുത്ത വസ്തുതകളൊക്കെയും മനുഷ്യനെ അമ്പരപ്പിക്കുന്നതായിരുന്നു.

സൂര്യനും അതിനു ചുറ്റും കറങ്ങിത്തിരിയുന്ന ഉപഗ്രഹങ്ങളും !. പതിമൂന്ന് ലക്ഷം ഭൂമികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്രയും വലിപ്പമുള്ളതാണ് സൂര്യന്‍....!! സൂര്യന്റെ വ്യാസത്തിന്റെ 450 ഇരട്ടികളോളം വലിപ്പമുള്ള അനേകം ഗ്രഹങ്ങള്‍ സൗരയൂഥത്തിന്റെ അനന്തതയില്‍ വിഹരിച്ച് കൊണ്ടിരിക്കുന്നു. സൂര്യനേക്കാള്‍ നാലായിരം മടങ്ങ് കൂടുതല്‍ പ്രകാശമുള്ള ഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ അനേകപ്രകാശ വര്‍ഷങ്ങള്‍ക്കകലെ സ്ഥിതി ചെയ്യുന്നുണ്ട്.
.
സൂര്യനും അതിനു ചുറ്റുമുള്ള പതിനായിരം കോടി നക്ഷത്രഗോളങ്ങളും ചേര്‍ന്നതാണ് ഒരു ഗ്യാലക്‌സി അഥവാ ആകാശഗംഗ. ഇങ്ങനെ ദശലക്ഷക്കണക്കിന് ആകാശ ഗംഗകളാണ് ഈ പ്രപഞ്ചത്തിലുള്ളത്...!! ഗ്യാലക്‌സികള്‍ അന്വേന്യം അകന്നു മാറിക്കൊണ്ടിരിക്കുന്നത് സെക്കന്റില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ്. മനുഷ്യ മനസ്സിന്റെ ഭാവനയ്ക്ക് പോലും താങ്ങാന്‍ പറ്റാത്തത്രയും സങ്കീര്‍ണ്ണവും നിഗൂഢവുമാണ് പ്രപഞ്ചത്തിന്റെ ചലനങ്ങള്‍.

പക്ഷേ, ഖുര്‍ആനിലെ അദ്ധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നൂറ്റൂണ്ടുകള്‍ക്കു മുമ്പു തന്നെ മുസ്ലിം ലോകം ഗോളശാസ്ത്ര പഠനത്തിലും കണ്ടുപിടുത്തങ്ങളിലും വലിയ മുന്നേറ്റം തന്നെ നടത്തിയിരുന്നു. മുസ്ലിങ്ങളുടെ ആരാധനാമുറകളും അനുഷ്ഠാന കര്‍മ്മങ്ങളും ഗ്രഹങ്ങളുടെ ചലനങ്ങളുമായി ബന്ധപ്പെട്ടതാണെന്നതായിരുന്നു അതിന്റെ മുഖ്യകാരണം. ഗോളങ്ങളുടെ അളവുകള്‍ തിട്ടപ്പെടുത്തുന്ന രീതി വികസിപ്പിച്ചെടുത്ത ബനൂ മൂസ, അക്ഷാംശം അളക്കുന്ന മിഖ്യാസ് രൂപപ്പെടുത്തിയെടുത്ത അബ്ദുല്‍ ഫിദ, ഭൂമി ഭ്രമണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ ഖുത്ബ് ദീനി ശ്ശിഹസി മുതലായവര്‍ ഗോളശാസ്ത്ര പഠന ചരിത്രത്തിലെ മുസ്ലിം ലോകത്തിന്റെ സംഭാവനകളാണ്. ഉലൂഗ് ബെഗ് എന്ന പണ്ഡിതന്റെ മരണത്തോടെ മുസ്ലിംകള്‍ക്ക് ഗോളശാസ്ത്ര പഠനത്തില്‍ മേധാവിത്വം നഷ്ടപ്പെട്ടപ്പോള്‍ പിന്നീട് ഈ ശാഖ തഴച്ചുവളര്‍ന്നത് യൂറോപ്പിലായിരുന്നു. പക്ഷേ, പല അറബി ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുകയും ഗ്രന്ഥകാരന്‍മാരുടെ പേരുകള്‍ പോലും അറബികള്‍ എന്ന് തിരിച്ചറിയാതിരിക്കാന്‍ ആംഗലേയത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്യുകയായിരുന്നു അവര്‍.

കേരളത്തിലെ ഗോള ശാസ്ത്ര പഠനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആദ്യം സ്മരിക്കപ്പെടുന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പ്രഗല്‍ഭ പണ്ഡിതനാണ്‌. ഇദ്ദേഹത്തിന് മുമ്പും കേരളത്തില്‍ ഗോളശാസ്ത്ര പഠനങ്ങള്‍ സാര്‍വ്വത്രികമായി നടന്നിട്ടുണ്ടെങ്കിലും ഒരു ക്രോഡീകരിക്കപ്പെട്ട ശാസ്ത്രമേഖല എന്ന നിലയില്‍ ഇസ്മുല്‍ ഫലക്കിനെ ജനകീയമാക്കിയത് ഇദ്ദേഹമാണ്. ആസ്‌ട്രോണമിയുടെ അഗാധതകളില്‍ ഊളിയിട്ടിറങ്ങി അപൂര്‍വ്വങ്ങളായ വൈരമുത്തുകള്‍ കണ്ടെടുത്ത ഒരു അഗാധ ജ്ഞാനിയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഹിജ്‌റ 1304 വെല്ലൂരിലെ ബാഖിയാത്തിലും ലതീഫിയ്യയിലും പഠനം കഴിഞ്ഞ് ഗോളശാസ്ത്രത്തില്‍ അവഹാഗം നേടാന്‍ അദിരാം പട്ടണത്തിലെ ശൈഖ് അഹ്മദുല്‍ അദ്റമി (അഹമ്മദ് ഹാലിം സാഹിബ്) നടുത്ത് ശിഷ്യത്വം നേടി.

ഗോളശാസ്ത്ര പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും ശേഷം ചാലിയകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളക്കരയെ ഞെട്ടിച്ചത് ഖിബ്‌ല തര്‍ക്കത്തിന്റെ വിവാദകൊടുങ്കാറ്റ് അഴിച്ചുവിട്ടുകൊണ്ടായിരുന്നു. കേരളത്തിലെ പള്ളികളെ പഠന വിധേയമാക്കിയതിനു ശേഷം പള്ളികളുടെ ഖിബല ശരിയല്ലെന്ന കണ്ടെത്തലുകളുമായി അദ്ദേഹവും ശിഷ്യരും രംഗപ്രവേശനം ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു അത്. ആ വിവാദ കൊടുങ്കാറ്റില്‍ മുസ്ലിം കേരളം ആടിയുലഞ്ഞു. തന്റെ വാദഗതികള്‍ നിരത്തി ചാലിലകത്ത് ശക്തമായി നിലകൊണ്ടു. സംവാദങ്ങളും, ചര്‍ച്ചകളും പുകഞ്ഞു. ഒടുവില്‍ മാഹിയില്‍ വെച്ചു നടന്ന സംവാദത്തില്‍ `മലബാറിലെ മുസ്ലിംകള്‍ അവരുടെ നാട്ടില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് നിസ്‌കരിച്ചാല്‍ അവരുടെ നിസ്‌കാരം ശരിയാണ്` എന്ന പണ്ഡിതരുടെ കൂട്ടായ പ്രഖ്യാപനത്തോടെ ആ തര്‍ക്കം അവസാനിപ്പിച്ചു.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിന്താശ്രേണിയുടെ പിന്തുടര്‍ച്ചക്കാരനായിട്ടായിരുന്നു സി.എം അബ്ദുല്ല മൗലവിയുടെ ആഗമനം. ഉത്തര കേരളത്തിന്റെ ഈ നവോത്ഥാന നായകന്‍ കേരളത്തിലെ അംഗുലീ പരിമിതങ്ങളായ ഗോളശാസ്ത്ര പണ്ഡിതരുടെ മുന്‍നിരയിലെ എക്കാലത്തെയും ഒരു ജ്വാല നക്ഷത്രമായി മാറുകയായിരുന്നു. തളങ്കര മുഇസ്ലുല്‍ ഇസ്ലാം സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പ്രിയപ്പെട്ട `ഗുഡ്‌ബോയ്` ആയിരുന്ന, സയന്‍സിലും കണക്കിലും തല്‍പരനായിരുന്നു, വിശാലമായ വായനയുടെയും വിജ്ഞാന സമ്പാദനത്തിന്റെയും ഉറ്റതോഴനായിരുന്ന സി.എം അബ്ദുല്ല മൗലവി എന്ന വിദ്യാര്‍ത്ഥി ഗോളശാസ്ത്ര മേഖലയുടെ ആകാശങ്ങളിലെ ഒരു ധ്രുവനക്ഷത്രമായിത്തീര്‍ന്നത് ചരിത്രത്തിന്റെ നിയോഗമായിരുന്നു. ഒപ്പം ഉത്തരകേരളത്തിന്റെ ആവശ്യകതയും.

സി എം അബ്ദുല്ല മൗലവിയുടെ ആസ്‌ട്രോണമിയിലേക്കുള്ള കാല്‍വെയ്പ്പ് മലബാറിന് സമ്മാനിച്ചത് ഗോളശാസ്ത്രത്തിന്റെ ആഴവും പരപ്പും ഗ്രഹിച്ചെടുത്ത് പിന്‍തലമുറക്ക് വേണ്ടി ആ അമൂല്യമായ അറിവുകള്‍ ഗ്രന്ഥങ്ങളാക്കി പകുത്ത് വെച്ച ഒരു മഹാപണ്ഡിതനെയായിരുന്നു. ഒരു കാലത്ത് ഗോളശാസ്ത്രം എന്ന് കേള്‍ക്കുമ്പോള്‍ കേരളം മൊത്തം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്മരിച്ചത് പോലെ ഉത്തരകേരളത്തിന്റെ ഗോളശാസ്ത്ര സ്പന്ദനങ്ങളില്‍ സി.എം ഉസ്താദിന്റെ സാന്നിധ്യം ഒരു ആകാശ ഗംഗയെക്കാളും തിളക്കമുള്ളതായി തീര്‍ന്നു.

സ്‌കൂളില്‍ നിന്നും ലഭിച്ച ഗോളശാസ്ത്രത്തിന്റെ പ്രാഥമികാധ്യാപനങ്ങള്‍ക്ക് ശേഷം ദര്‍സില്‍ പഠിക്കുമ്പോഴാണ് വീണ്ടും ഈ വിഷയത്തില്‍ തല്‍പരനാവുന്നതും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. തുടര്‍ന്ന് ആ വിജ്ഞാന ശാഖ അരക്കിട്ടുറപ്പിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങി. കാഞ്ഞങ്ങാട് ഖാസിയായിരുന്ന യു. കെ ആറ്റക്കോയ തങ്ങളില്‍ നിന്നാണ് അദ്ദേഹം ഈ വിഷയത്തിലുള്ള പല ഗ്രന്ഥങ്ങളും പഠിക്കുന്നത്. ആ സമയത്ത് ഗോളശാസ്ത്ര മേഖലയില്‍ പ്രശസ്തനായിരുന്ന പല പണ്ഡിതന്‍മാരെയും, അദ്ദേഹം ബന്ധപ്പെടുകയും ഈ വിഷയത്തിലുള്ള ഗ്രന്ഥങ്ങളും അറിവുകളും കരസ്ഥമാക്കുകയും ചെയ്തു. മുന്‍ മംഗലാപുരം ഖാസിയായിരുന്ന കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരായിരുന്നു അവരിലൊരാള്‍.

ഗോള ശാസ്ത്രത്തിന്റെ വിജ്ഞാന ചക്രവാളം തേടിയുള്ള സി.എം അബ്ദുല്ല മൗലവിയുടെ യാത്രയിലൂടനീളം അദ്ദേഹത്തിന് കൂട്ടായി ഒരാള്‍ കൂടിയുണ്ടായിരുന്നു. മറ്റാരുമല്ല സി.എം ഉസ്താദിന്റെ പ്രിയ സുഹൃത്തും ഗോളശാസ്ത്ര പണ്ഡിതനുമായ കണ്ണൂര്‍ പാപ്പിനിച്ചേരി സ്വദേശി പി. കെ. പി അബ്ദുസ്സലാം മുസ്ലിയാരായിരുന്നു അത്. ഗോള ശാസ്ത്രത്തിലുള്ള സി. എം ഉസ്താദിന്റെ പല ഗ്രന്ഥങ്ങളുടെയും ആദ്യവായന നടത്തിയിരുന്നത് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ ആയിരുന്നു. പിന്നെ സി. എം. അബ്ദുല്ല മൗലവി ഗോളശാസ്ത്രത്തിലെ ഒരു അഗ്രഗണ്യനാവുകയായിരുന്നു. ഖിബ് ലാ നിര്‍ണ്ണയം, സ്ഥല നിര്‍ണ്ണയം, വീടിന് കുറ്റിയിടല്‍, തുടങ്ങിയ കര്‍മ്മങ്ങള്‍ക്കായി അദ്ദേഹത്തിന് തിരക്കേറി. ഗവേഷണ നിരീക്ഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും അദ്ദേഹം പല പുതിയ കണ്ടെത്തലുകളും നടത്തി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ അദ്ദേഹം ജീവിതം തന്നെ ഗോളശാസ്ത്ര മേഖലയ്ക്ക് വേണ്ടി ഉഴിഞ്ഞ് വെച്ചതായി തോന്നിപ്പിക്കുമായിരുന്നു.




എഴുത്തിന്റെയും രചനയുടെയും ആശാനായിരുന്ന സി.എം ഉസ്താദിന്റെ ഗോളശാസ്ത്രത്തെകുറിച്ചുള്ള ലേഖനങ്ങള്‍ക്കായി സോവനീരുകാരും, മാസികക്കാരും നിരന്തരം അദ്ദേഹത്തെ സമീപിച്ചിരുന്നു.സ്വയം അറിയാനും, പ്രാവര്‍ത്തികമാക്കാനും മാത്രമല്ല, വരും തലമുറക്കായി ഈ അപൂര്‍വ്വ വിജ്ഞാന ശാഖയുടെ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ അദ്ദേഹം അതിപ്രധാനങ്ങളായ പല ഗ്രന്ഥങ്ങളും രചിച്ചു. നാലെണ്ണം അറബി ഭാഷകളിലും ഒരെണ്ണം ഇംഗ്ലീഷിലുമാണ് രചിക്കപ്പെട്ടത്.

മാഗനറ്റിക് കോംപസ് ആന്റ് ഇറ്റ്‌സ് ഡിക്ലിനേഷന്‍ ഫ്രം സ്റ്റാന്‍ഡേര്‍ഡ് ഡയരക്ഷന്‍ എന്ന ഇംഗ്ലീഷ് പുസ്തകമായിരുന്നു അടുത്ത കാലത്ത് വെളിച്ചം കണ്ടത്. ഇസ്ലാമിക ഗോളശാസ്ത്ര സംബന്ധിയായ ഈ അമൂല്യവിവരങ്ങള്‍ അന്വേഷക്കാര്‍ക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു ഈ ഇംഗ്ലീഷ് രചന. സാധാരണക്കാര്‍ക്കും ഗോളശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ കുറേ വീക്ഷണങ്ങള്‍ ഈ പുസ്തകം മുന്നോട്ട് വെക്കുന്നുണ്ട്. വടക്ക് നോക്കി എന്ന് പറയാറുള്ള 'തവക്ക' എന്നത് എല്ലാവരും ധരിച്ചു വെച്ചിട്ടുള്ള ഭൂമിശാസ്ത്രപരമായ വടക്ക് തെക്ക് അല്ല ഉദ്ദേശിക്കുന്നതെന്നും ഭൂമിയുടെ കാന്തിക വടക്ക് ആണെന്നും സി. എം അബ്ദുല്ല മൗലവിയുടെ ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. ഭൂമി ശാസ്ത്രപരമായ ദിക്കുകളില്‍ നിന്നും ഇത് പലപ്പോഴും വിത്യസ്തമായിട്ടാണ് കാണപ്പെടുക.

ഇല്‍ഫുല്‍ ഫലക്കിന്റെ ജ്ഞാനം വരും തലമുറക്ക് പകര്‍ന്ന് നല്‍കുവാനായി ഒട്ടനവധി ലേഖനങ്ങളും പഠനങ്ങളും സി. എം ഉസ്താദില്‍ നിന്നും വിരചിതമായിട്ടുണ്ട്. ഇതില്‍ കുറേ എണ്ണം സി.മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുറത്തിറക്കാനിരിക്കുകയാണ്. രോഗാതുരമായ വാര്‍ദ്ധക്യം തളര്‍ത്തും വരെ ദാറുല്‍ ഇര്‍ശാദ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ക്ലാസ് എടുക്കുമായിരുന്നു അദ്ദേഹം.

എം. ഐ. സി യിലെ സി. എം. ഉസ്താദിന്റെ ഓഫീസിന്റെ പൂമുഖത്ത് ഗോളശാസ്ത്ര നിരീക്ഷണങ്ങള്‍ക്കായി അദ്ദേഹം ഒരു തറ പണി കഴിപ്പിച്ചിരുന്നു. പല ദിവസങ്ങളിലും സൂര്യനുദിച്ചുയരും മുമ്പേ അദ്ദേഹം അവിടെയെത്തി പല നിരീക്ഷണ പരിക്ഷണങ്ങളും നടത്തുമായിരുന്നു. സൂര്യനും വെയിലും നിഴലുമെല്ലാം അവിടെ അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. സ്‌കെയിലും, വടക്ക് നോക്കിയന്ത്രവും തുടങ്ങി പല സാമഗ്രികളും ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം നിരീക്ഷണങ്ങള്‍ നടത്തുക. ചുട്ടുപൊള്ളുന്ന നട്ടുച്ച വെയിലിലും വിയര്‍പ്പിറ്റ് വീഴുന്ന മുഖവുമായി ആ തറയില്‍ നിന്ന് പരീക്ഷണം നടത്തുന്ന സി.എം ഉസ്താദ് എം. ഐ. സിയുടെ ഓര്‍മ്മചിത്രങ്ങളില്‍ ഒന്നാണ്.



കാലങ്ങളോളം സി. എം ഉസ്താദ് ഗണിച്ചെടുത്ത നമസ്‌കാര സമയങ്ങളായിരുന്നു ഉത്തര മലബാറിലുടനീളം പിന്തുടര്‍ന്ന് പോന്നത്. പല പ്രമുഖ കലണ്ടറുകളും അദ്ദേഹത്തിന്റെ നമസ്‌കാര സമയങ്ങളായിരുന്നു കടം കൊണ്ടത്.

വിരലിലെണ്ണാവുന്ന പണ്ഡിതര്‍ മാത്രം ഗോളശാസ്ത്ര മേഖലയിലുള്ളപ്പോള്‍ സി. എം. അബ്ദുല്ല മൗലവിയുടെ മരണം മുസ്ലിം കേരളത്തിന്റെ ഒരു മഹാ നഷ്ടങ്ങളില്‍ ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല.

No comments:

Post a Comment