Friday, March 25, 2011

ആ മഹാ നഷ്ടത്തിന് ഒരു വയസ്സ് - വിതുമ്പലടങ്ങാതെ ചെമ്പരിക്ക ഖാസി ഹൗസ് ..

ചെമ്പരിക്ക ഖാസി ഹൗസ്
ഖാസി സി എം അബ്ദുല്ല മൗലവിയുടെ വീട്

പ്രശാന്തമായ ഒരു മൗനത്തിന്റെ പ്രൗഡിയില്‍ ലയിച്ച് നില്‍ക്കുകയാണ് ഈ വീട്. പ്രാര്‍ത്ഥനാമൂകവും കര്‍മനിരതവുമായിരുന്ന ഖാസിയുടെ ജീവിതം പോലെ തന്നെ.

കുറച്ചകലെ തലതല്ലിക്കരയുന്ന അറബിക്കടലിലെ തിരമാലകളുടെ രോദനം കേള്‍ക്കാം. ഈ കടല്‍ത്തിരമാലകളുടെ കുഞ്ഞിളം കൈകളാണ് അന്ന് ഖാസിയുടെ മൃതദേഹം പുലരുവോളം നെഞ്ചോടമര്‍ത്തി കാത്തുസൂക്ഷിച്ചത്. പിന്നെ പുലരി വന്നപ്പോള്‍ ലോകര്‍ക്ക് കാട്ടിക്കൊടുത്തത് - കടലിന്റെ എല്ലാ നിയമങ്ങളെയും തെറ്റിച്ച് കൊണ്ട്.

കൃത്യം ഒരു വര്‍ഷം മുമ്പ്, കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനായിരുന്നു അത്. ആ കറുത്ത വാവിന്റെ രാത്രിയിലെ കട്ടപിടിച്ച ഇരുട്ടിന്റെ മറപറ്റി കൊടുംചതിയുടെ കാവലാളന്‍മാര്‍ സി എം ഉസ്താദ് എന്ന മഹാ മനീഷിയുടെ പുണ്യദേഹം അറബിക്കടലിന്റെ അനന്തതയിലേക്ക് ഒഴുക്കിവിട്ട് കുരുക്കുകളഴിയാതെ നീണ്ട് പോകുന്ന ഒരു തിരോധാനത്തിന്റെ കഥ മനസില്‍ കണ്ടപ്പോള്‍ അവര്‍ പ്രതീക്ഷിച്ചുകാണില്ല, പ്രഭാതത്തിന്റെ സൂര്യരശ്മികള്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന് മണിക്കൂറുകള്‍ തികയുമ്പോഴേക്കും ആ സത്യം ലോകമറിയുമെന്ന്. വിജ്ഞാനത്തിന്റെ വിളക്ക് കൊളുത്തിവെക്കാന്‍ വിശ്രമമില്ലാതെ ഒരായുസ്സു മുഴുവന്‍ പരിത്യാഗം ചെയ്ത ആ മഹാരഥന്റെ ഭൗതിക ശരീരം കടലിന്റെ ആഴങ്ങളിലേക്ക് ചൂഴ്‌ന്നെടുക്കാതെ പ്രകൃതി നിയമങ്ങള്‍പ്പോലും വഴിമാറിനില്‍ക്കുമെന്ന്. അവിടെയായിരിക്കണം അവരുടെ കണക്കുക്കൂട്ടലുകള്‍ പിഴച്ചതറിഞ്ഞ് അവര്‍ ഞെട്ടിത്തരിച്ചിട്ടുണ്ടാവുക.

കേരളത്തിന്റെ വൈജ്ഞാനിക ലോകത്തിന് മഹാപാണ്ഡിത്യത്തിന്റെ ആ സൂര്യപ്രഭാവം നഷ്ടപ്പെട്ടിട്ട് ഒരാണ്ട് തികഞ്ഞു. ചെമ്പരിക്ക ഖാസി ഹൗസിലെ ആ മുറിയിലെ ചാരുകസേരയില്‍ ഗാഢമായ മൗനത്തിന്റെ പ്രൗഡിയില്‍ എപ്പോഴും ചിന്താഗ്രസ്ഥനായിരിക്കാറുള്ള ആ കര്‍മ്മയോഗി ആത്മചൈതന്യത്തിന്റെ രാജസിംഹാസനമൊഴിഞ്ഞിട്ട് അസഹ്യമായ വിയോഗത്തിന്റെ ഒരു വര്‍ഷം കടന്നുപോയി..



പക്ഷേ, ജനഹൃദയങ്ങളിലെ കണ്ണീര്‍മഴ ഇനിയും പെയ്തു തോര്‍ന്നിട്ടില്ല. മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ആളിപ്പടരുന്ന വിതുമ്പലുകള്‍ക്ക് വിരാമമായില്ല. ഖാസി ഹൗസില്‍ സി എം അബ്ദുല്ല മൗലവിയുടെ മക്കളും ഉറ്റവരും വേദനാജനകമായ ഒരു മൗനത്തിന്റെ തീരത്താണ്. ദു:ഖവും മൂകതയും ഈ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഉറഞ്ഞുകിടക്കുന്നു. മൗനത്തിന്റെ പുറംതോടുനുള്ളിലാണെന്ന് തോന്നിപ്പിക്കുമെങ്കിലും അവരുടെ മനസ്സില്‍ ഒരു വലിയ കടലിരമ്പുന്നുണ്ട്. അമര്‍ത്തിവെച്ച ഗദ്ഗദങ്ങളുടെ മുഴക്കമുണ്ട്. ഈ വീടിന്റെ ചുവരുകള്‍ക്കുള്ളിലിരുന്നാണ് ഉത്തര കേരളത്തിന്റെ ആ നവോത്ഥാന നായകന്‍ നമ്മുടെ നാടിന്റെ പുറമ്പോക്കു ഭൂമികളില്‍ വിജ്ഞാന സൗധങ്ങള്‍ പടുത്തുയര്‍ത്തി മലബാറിനെ ജ്ഞാനസമ്പുഷ്ടതയുടെ പച്ചത്തുരുത്തുകളാക്കി മാറ്റാന്‍ സ്വപ്‌നങ്ങള്‍ നെയ്തത്. തന്റെ യൗവ്വനവും, രോഗാതുരമായ വാര്‍ദ്ധക്യവും വിയര്‍പ്പുകണങ്ങളാക്കി ഓടി നടന്ന് ആ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിച്ചത്.

തിരക്കുള്ള കോടതിമുറികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അതിസങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമായി എത്തുന്നവരുടെ മുമ്പിലിരുന്ന് പ്രകാശദീപ്തമായ പുഞ്ചിരിയോടെ ഒറ്റവാക്കില്‍ തീര്‍പ്പുകല്‍പ്പിച്ച് അഴിയാകുരുക്കുകള്‍ക്ക് പരിഹാരം നല്‍കാറുള്ളതും ഈ വീടിന്റെ അകത്തളത്തില്‍വെച്ചായിരുന്നു.

എന്നിട്ടും ആ മഹാശൂന്യത സമ്മാനിച്ച തീരാവേദനയുടെ മരവിപ്പില്‍ അവര്‍ക്കൊരു തരി സാന്ത്വനത്തിന്റെ കരസ്പര്‍ശവുമായെത്താന്‍ ചിലര്‍ മറന്ന് പോയി എന്നത് മറ്റൊരു സത്യം.

വാക്കുകളുടെ വിശേഷണങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിത്വത്തിന്റെ മഹാപ്രവാഹമായിരുന്നു സി എം ഉസ്താദ് എങ്കിലും ഉത്തര കേരളത്തിലെ മുസ്ലിം ലോകത്തിന്റെ നവോത്ഥാന നായകന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. കാലപ്രവാഹത്തിന്റെ ഗതിവിഗതികള്‍ മുന്‍കൂട്ടി കണ്ട് കാലങ്ങള്‍ക്ക് മുമ്പേ വിദ്യാഭ്യാസ സമന്വയത്തിന്റെ സമസ്യകള്‍ എഴുതിച്ചേര്‍ത്ത് അവയ്ക്ക് വേണ്ടി വിദ്യാഭ്യാസ സൗധങ്ങള്‍ പടുത്തുയര്‍ത്തിയ മഹാമനീഷി. ആധുനികതയും വിവരസാങ്കേതിക വിദ്യകളും വിജ്ഞാന വിപ്ലവങ്ങളും നമ്മുടെ വാതിലില്‍ തട്ടിവിളിക്കുമ്പോള്‍ കാലഘട്ടത്തിനനുയോജ്യമായ സമന്വയത്തിന്റെ പണ്ഡിത സമൂഹത്തിന്റെ അനിവാര്യതയെക്കുറിച്ച് നാം മുറവിളി കൂട്ടുമ്പോള്‍, അത് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ മനസ്സില്‍ കണ്ട് ആ ലക്ഷ്യത്തിലേക്കുള്ള വിജയവീഥികള്‍ വെട്ടിത്തെളിച്ച് കാലത്തിന് മുമ്പേ പാഞ്ഞ മഹാദൃഷ്ടി. ` ജീവിതം സമൂഹത്തിന് വെളിച്ചം പകരുന്ന ദീപമാക്കി കാലത്തിന് മുമ്പേ സഞ്ചരിച്ച പണ്ഡിത തേജസ്സായിരുന്നു ഉസ്താദ് സി എം അബ്ദുല്ല മൗലവി ` എന്ന് അദ്ദേഹത്തിന്റെ ആത്മകഥയുടെ അവതാരകന്‍ ആദ്യവരികള്‍ കുറിച്ചിട്ടത് അതുകൊണ്ടുതന്നെയാണ്.

സമന്വയ വിദ്യാഭ്യാസം എന്ന ആശയം സ്വപ്‌നം കണ്ട് അദ്ദേഹം താണ്ടിയ ദുര്‍ഘട പാതകള്‍, കാത്തിരിപ്പിന്റെ കനല്‍ പൊള്ളിച്ച നാളുകള്‍, കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കു മുന്നില്‍ തളരാതെ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി മുന്നോട്ട് ഗമിച്ച ആത്മ സമരത്തിന്റെ ആ രാപ്പകലുകള്‍. ഇവയൊക്കെയും നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥ കണ്ണീരോടെ മാത്രമേ വായിച്ച് തീര്‍ക്കാന്‍ സാധിക്കുകയുള്ളു.

ഏറെകാലത്തെ മഹാത്യാഗങ്ങളിലൂടെ പടുത്തുയര്‍ത്തിയ സഅദിയ്യ എന്ന വിജ്ഞാന സൗധം ഒരു വിദേശയാത്രയില്‍ നിന്ന് മടങ്ങിയെത്തിയതോടെ തന്റെ കൈവിരലുകള്‍ക്കടിയിലൂടെ ഊര്‍ന്ന് പോയതിനെക്കുറിച്ചോര്‍ത്ത് വിഷമിച്ചത് സമന്വയ വിദ്യാഭ്യാസമെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പ്രാവര്‍ത്തികമാകില്ലല്ലോ എന്നോര്‍ത്ത് മാത്രമായിരുന്നു. സഅദിയ്യ യുടെ പടിയിറങ്ങേണ്ടി വന്ന ഭാഗം മാത്രമാണ് ആത്മകഥയില്‍ അദ്ദേഹം ഏറെ വേദനിക്കുന്നതായി നമുക്കനുഭവപ്പെടുക.

പ്രൗഢഗംഭീരമായ ആ ജീവിതത്തിന്റെ വിശുദ്ധിയും പവിത്രമായ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളുടെ തീവ്രതയും കൊണ്ടാവണം, താമസിയാതെ അല്ലാഹു വീണ്ടും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തു. തെക്കിലിലെ എ.എം മൂസ ഹാജി എന്ന പൗരപ്രമുഖന്റെ പ്രേരണയാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് എന്ന വിജ്ഞാന കേന്ദ്രങ്ങളുടെ സമുച്ചയത്തിന് തുടക്കമായി. സി എം അബ്ദുല്ല മൗലവിയുടെ നവോത്ഥാന സ്വപ്‌നങ്ങളുടെ രണ്ടാമൂഴമായിരുന്നു അത്. എം. ഐ സി യുടെ കീഴിലുള്ള ദാറുല്‍ ഇര്‍ഷാദ് അക്കാദമിയുടെ പിറവിയോടെ സി എം ഉസ്താദിന്റെ ചിരകാല സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ്ണതയായി. കാലത്തിന്റെ കൊടുങ്കാറ്റുകളെ അതീജീവിച്ച്, കടല്‍ത്തിരമാലകള്‍ പോലെ ആര്‍ത്തലച്ചുവന്ന പ്രതിബന്ധങ്ങളെ അതിജയിച്ച് ഇടനെഞ്ചിലെ കരള്‍ക്കൂട്ടില്‍ അണയാതെ സൂക്ഷിച്ച ഒരു വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരം.



ദാറുല്‍ ഇര്‍ഷാദിലെ വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി സനദുമായി പുറത്തിറങ്ങുക എന്നത് സി എം അബ്ദുല്ല മൗലവിയുടെ വലിയൊരു മോഹമായിരുന്നു. ആ ധന്യ മുഹൂര്‍ത്തം കണ്‍കുളിര്‍ക്കെ കാണുക എന്നത് അദ്ദേഹത്തിന്റെ ആശയും അഭിലാഷവുമായിരുന്നു. അത് അദ്ദേഹത്തിന്റെ വാക്കുകളില്‍ പലപ്പോഴും പ്രകടമായിരുന്നു.

പക്ഷേ, ആ സ്വപ്‌നമുഹൂര്‍ത്തത്തിന് ഒരു വിളിപ്പാടകലെ വെച്ച്, വെറും ആറുമാസങ്ങളുടെ വഴിദൂരത്തിനിപ്പുറം വെച്ച് ഇരുട്ടിന്റെ ശക്തികള്‍ ത്യാഗോജ്ജ്വലമായ ആ ജീവിത ദീപ്തം ഊതിക്കെടുത്തിയപ്പോള്‍ ഇരുട്ടിലാണ്ട് നിലവിളിച്ചത് ആത്മീയ കേരളത്തിന്റെ ആത്മാവാണ്. അനാഥമായിപ്പോയത് വൈജ്ഞാനിക കേരളത്തിന്റെ കുരുന്നുകളാണ്. അത് നമ്മുടെ തീരാ വേദനയാവുന്നു. ആ മഹാമനുഷ്യനെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരുടെ നിലയ്ക്കാത്ത നിലവിളിയാകുന്നു. ഖാസി ഹൗസിലെ ചുവരുകള്‍ക്കുള്ളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മൗനനൊമ്പരങ്ങളുടെ ഉറവിടമാകുന്നു.

സി എം അബ്ദുല്ല മൗലവി സ്‌നേഹകാരുണ്യങ്ങളുടെ അനന്ത പ്രവാഹമായിരുന്നു. ഒപ്പം സത്യസന്ധതയുടെയും കണിശതയുടെയും ആള്‍രൂപമായിരുന്നു.

ഒരു ചെറിയ സംഭവം ഇതാ:-
ഖാസിയുടെ സ്വന്തം അനന്തവരില്‍ ഒരാള്‍ അയാളുടെ കുട്ടികളെ എം ഐ സിയുടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നു. ഫീസിനെയും മറ്റു കാര്യങ്ങളെയും പറ്റി സംസാരിക്കുമ്പോള്‍ അദ്ദേഹം സി എം ഉസ്താദിനോട് പറഞ്ഞു.
' എനിക്ക് ഫീസ് കുറച്ച് കുറയ്ക്കണം, ഡിസ്‌ക്കൗണ്ട് തരണം ` അപ്പോള്‍ സ്വാഭാവികമായ ചിരിയോടെ, ആളുകളുടെ പ്രകൃതമനുസരിച്ച് തന്മയത്വത്തോടെ പെരുമാറാറുള്ള സി എം മൊഴിഞ്ഞു.
`അതെങ്ങനെ നിനക്ക് മാത്രം ഫീസ് കുറയ്ക്കുക ? അതുപറ്റില്ല '
അപ്പോള്‍ ആ സഹോദരന്‍ വിട്ടില്ല.
' എങ്കില്‍ ഒരു കാര്യം ചെയ്യണം, എന്റെ കുട്ടികള്‍ ഇല്ലെങ്കിലും സ്‌കൂള്‍ ബസ് എന്റെ വീടിന്റെ മുമ്പിലൂടെ പോകുന്നുണ്ടല്ലോ, അതിനാല്‍ നിങ്ങള്‍ക്ക് വലിയ നഷ്ടവുമില്ല. അതുകൊണ്ട് സ്‌കൂള്‍ ബസിന്റെ ഫീസ് വേണ്ടെന്നുവെയ്ക്കണം '
കുറ്ച്ച് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന അയാള്‍ അഭ്യര്‍ത്ഥിച്ചു.

അങ്ങനെ ഒരു ചിരിയോടെ ഖാസി അത് സമ്മതിച്ചു. ` എന്നാല്‍ നീ ബസ് ഫീസ് തരേണ്ട `

അങ്ങനെ മൂന്നുവര്‍ഷം കടന്നുപോയി. ഒരു ദിവസം ആ സഹോദരന്‍ തന്റെ കുട്ടികളുടെ സ്‌കൂള്‍ ഫീസിന്റെ കുറച്ചു കുടിശ്ശിക അടക്കാന്‍ എം ഐ സി യുടെ ഓഫീസില്‍ ചെന്നു. അവിടുത്തെ സ്റ്റാഫ് ലഡ്ജര്‍ ബുക്ക് തുറന്നപ്പോള്‍ അയാളുടെ കുട്ടികളുടെ ബസ് ഫീസിന്റെ കോളത്തില്‍ എല്ലാ മാസത്തിലും ` പെയ്ഡ് ` എന്ന് കാണിച്ചിരിക്കുന്നു.

അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്റ്റാഫ് പറഞ്ഞു : `നിങ്ങളുടെ കുട്ടികളുടെ ബസ് ഫീസ് എല്ലാ മാസവും കൃത്യമായി സി എം ഉസ്താദ് അടയ്ക്കുന്നുണ്ടായിരുന്നു.` അതു കേട്ടപ്പോള്‍ ആ സഹോദരന്റ കണ്ണുകള്‍ നിറഞ്ഞുപോയി. ഒപ്പം മനസ്സും.

ഖാസി സി എം അബ്ദുല്ല മൗലവി എന്ന അറിവിന്റെയും കനിവിന്റെയും അക്ഷയ ശ്രോതസ്സ് നമ്മളാരും പഠിച്ചുതീരാത്ത പാഠപുസ്തകമായിരുന്നു. ആ ജീവിത സാഗരത്തിന്റെ ആഴമളക്കാന്‍ ഇനിയും നാമെത്ര ജീവിത നൗകകള്‍ തുഴയണം.!!

No comments:

Post a Comment