മഹത് സ്മൃതി/
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
അവലംബം: എം ഐ സി സമ്മേളന സുവനീർ 2012
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
വടക്കൻ കേരളത്തിൽ നിറഞ്ഞു നിന്ന ഒരു പേരായിരുന്നു സി. എം. ഉസ്താദ് എന്നത്. മാതൃകാപരമായ ജീവിതം കൊണ്ടും ആകർഷകമായ സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടും നേടിയെടുത്തതായിരുന്നു അദ്ദേഹമത്. സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കപ്പുറം ആ നാടിൻറെ ആത്മീയ നായകൻ കൂടിയായിരുന്നു സി. എം. ഉസ്താദ്. സൗമ്യതയുടെ ആ മുഖവും ഭാവവും ജനമനസ്സുകളെ കീഴടക്കുന്നതും ആശ്വാസത്തിന്റെ സ്പർശനമേകുന്നതുമായിരുന്നു. കാസർക്കോട്ടെ മതസദസ്സുകളിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വവും ജില്ലയിലെ ഏത് മത പരിപാടികളിലും സി.എം. ഉസ്താദ് ഉണ്ടാകുമായിരുന്നു. പ്രായവും ക്ഷീണവും നോക്കാതെ വല്ലാത്ത എളിമയും ആദരവും കാണിച്ചിരുന്നു. ഉസ്താദിന്റെ പങ്കാളിത്തമില്ലാത്ത ഒരു മതസദസ്സ് അവിടത്തുകാർക്ക് ഓർക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഉസ്താദും അവിടത്തെ മുസ്ലിംകളും തമ്മിലുള്ള ബന്ധത്തിൻറെ ആഴം ഇത്രമാത്രമായിരുന്നു.
മത പണ്ഡിതൻ,ഖാസി, ഗ്രന്ഥകർത്താവ്, സ്ഥാപന മേധാവി, സംഘാടകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഗോളശാസ്ത്ര പണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധിയാർജിച്ച ;മഹാനവർകൾ 1960 കാലഘട്ടത്തിൽ തന്നെ സമന്വയ വിട്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിയുകയും തൽ വിഷയകമായ അനവധി ചിന്തകൾ കൊണ്ടുനടക്കുകയും ചെയ്ത ആളായിരുന്നുവെന്നത് ആരെയും ചിന്തിപ്പിക്കേണ്ട കാര്യമാണ്. അങ്ങനെയാണ് 1970 സഅദിയ്യ കോളേജും പിന്നീട് മലബാർ ഇസ്ലാമിക് കോംപ്ലക്സും സ്ഥാപിക്കുന്നത്. കാസർകോട്ടെയും ദക്ഷിണ കർണാടകയിലെയും മിക്ക മഹല്ലുകലുടെയും ഖാസിയായിക്കൊണ്ട് അവിടത്തെ ജനങ്ങളെ ആത്മീയമായും സാംസ്കാരികമായും അദ്ദേഹം നയിച്ചു. വിനയവും മിതത്വവുമായിരുന്നു എന്നും ഉസ്താദിൽ പ്രകടമായിരുന്ന ഭാവങ്ങൾ. അതു തന്നെയായിരുന്നു ഉസ്താദ് തൻറെ ജീവിതത്തിൽ ഉയർത്തിക്കാട്ടിയ സന്ദേശവും.
സി എം ഉസ്താദിന്റെ സ്ഥാപനത്തിൽ പോകാൻ അവസരമുണ്ടായിട്ടുണ്ട്. മത-ഭൗതിക വിദ്യാഭ്യാസ മേഖലയിൽ ഉസ്താദ് കാഴ്ചവെച്ച സംഭാവനകളെ വിളിച്ചറിയിക്കുന്നതാണ് അവിടത്തെ ഓരോ സംരംഭങ്ങളും.
പാണക്കാടുമായി നല്ല ബന്ധമാണ് ഉസ്താദ് നിലനിർത്തിയിരുന്നത്. മലബാർ ഇസ്ലാമിക് കോംപ്ലക്സിൻറെ സമ്മേളനത്തിന് ബാപ്പയെ ക്ഷണിക്കാൻ വരുമായിരുന്നു. നിബന്ധിക്കില്ല. വിഷമമുണ്ടെങ്കിൽ പാണക്കാട്ടു നിന്ന് ആരെയെങ്കിലും അയച്ചാൽ മതി എന്ന് പറയുമായിരുന്നു. കാസർകോട്ടെ ഒരു പ്രമുഖൻറെ മകളുടെ കല്യാണത്തിന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബനാത്ത് വാല അടക്കമുള്ള നേതാക്കൾക്കൊപ്പം പങ്കെടുത്തത് ഓർക്കുന്നു. എവിടെവെച്ചു കണ്ടാലും വല്ലാത്ത സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. കുശലാന്വേഷണങ്ങൾ നടത്തുമായിരുന്നു. ഏതായാലും ആ പണ്ഡിതപ്രതിഭയുടെ വിയോഗം തീർത്ത വിടവ് അത്യന്തം വേദനിപ്പിക്കുന്നതാണ്.
അവലംബം: എം ഐ സി സമ്മേളന സുവനീർ 2012
No comments:
Post a Comment