Saturday, April 19, 2014

മഹത് സ്മൃതികൾ-3 നവോത്ഥാനത്തിന്റെ ഉസ്താദ്

മഹത് സ്മൃതി/ 
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ 
                വടക്കൻ കേരളത്തിലെ അതുല്യനായ പണ്ഡിത പ്രതിഭയായിരുന്നു സി എം ഉസ്താദ്. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ ശിൽപികൂടിയായ അദ്ദേഹം വിജ്ഞാനത്തിൻറെ വ്യത്യസ്ഥ മേഖലകളിൽ തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗോളശാസ്ത്ര രംഗത്ത് അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം ആളില്ലാ എന്നു തന്നെ പറയേണ്ടിവരും. അദ്ദേഹത്തിൻറെ പാണ്ഡിത്യത്തിന്റെ അഗാധത ഞാൻ മനസ്സിലാക്കി എടുത്തത് അവരുടെ പ്രസംഗത്തിലൂടെയായിരുന്നു. ആയത്തുകളെ വിശദീകരിക്കുമ്പോൾ പദാനുപദം അർത്ഥം വ്യക്തമാക്കലോടെ അതിൻറെ പശ്ചാതല ചരിത്ര സംഭവങ്ങളും അദ്ദേഹം വിശദീകരിക്കുമായിരുന്നു. കാസർക്കോട് ജില്ലക്കാരനായതിനാൽ ഉസ്താദുമായി കൂടുതൽ ബന്ധപ്പെടാൻ സാധിച്ചില്ല.
              പാണ്ഡിത്യത്തിന്റെ നിറവിൽ ലാളിത്യം സൂക്ഷിച്ച മഹാമനീഷിയാണ്  അദ്ദേഹം. ജ്യേഷ്ട്ടൻ പങ്കെടുക്കേണ്ട (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ) മലബാർ ഇസ്ലാമിക് കോംപ്ലക്സിൻറെ 12മ് വാർഷിക സമ്മേളന ഉദ്ഘാടനത്തിന് പകരക്കാരനായി ഞാൻ ചെന്നപ്പോഴാണ് ഉസ്താദുമായി കൂടുതൽ സംവദിക്കാനുള്ള അവസരം ലഭിച്ചത്. അന്ന് ഈ സ്ഥാപനത്തെ അടുത്തറിയാനും അവിടത്തെ വിദ്യാഭ്യാസ സംരംഭങ്ങളെയും ഇസ്ലാമിക പ്രവർത്തനങ്ങളെയും ആഴത്തിൽ മനസ്സിലാക്കാനും ഭാഗ്യമുണ്ടായി. മംഗലാപുരം ഭാഗത്തുള്ള ഒരുപാട് പരിപാടികളിൽ ഉസ്താദിനൊപ്പം ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഈ വലിയ പാണ്ഡിത്യത്തിനുടമ തൻറെ കൃത്യന്തര ബാഹുല്യങ്ങൾക്കിടയിലും എല്ലാ പ്രവർത്തനങ്ങളിലും തൻറെ സ്വതസിദ്ധമായ വിനയം കാത്തുസൂക്ഷിച്ചു. ആരേയും പുഞ്ചിരിയുടെ വദനത്തോടെ മാത്രമേ അഭിമുഖീകരിക്കാരുണ്ടായിരുന്നുള്ളൂ. ജീവിതത്തിലുടനീളം അദ്ദേഹം ആരോടും വിദ്വേഷം വെച്ചതായോ അല്ലെങ്കിൽ ഒരാൾ അദ്ദേഹത്തോട് ദേശ്യപ്പെട്ടതായോ കേട്ട്കേൾവിയില്ലാ.
             അവസാനമായി ഉസ്താദുമായി വേദിപങ്കിട്ട വലിയ പരിപാടി മംഗലാപുരത്ത് നടന്ന ഉസ്താദിന്റെ തന്നെ ഖാസി സ്ഥാനാരോഹണമായിരുന്നു. അന്ന് അദ്ദേഹത്തിൻറെ പ്രസംഗത്തിലൂടെ തൻറെ ഭാഷാ നൈപുണ്യവും മനസ്സിലാക്കാൻ സാധിച്ചു. മംഗലാപുരം ഖാളിയായി അവരോധിക്കപ്പെട്ടതോട്കൂടെ തൻറെ പ്രവർത്തന മേഖല മംഗലാപുരം ഭാഗത്തേക്കും വ്യാപിച്ചു. വലിയ വലിയ പ്രവർത്തനങ്ങളാണ് പിന്നീട് അദ്ദേഹമിവിടെ കാഴ്ച വെച്ചിരുന്നത്.
              സമന്വയ വിദ്യാഭ്യാസമെന്ന ആശയം 1970കളിൽ തന്നെ അദ്ദേഹത്തിൻറെ തലയിലുദിച്ചു. അതിൻറെ സാക്ഷാത്കാരത്തിനായി കഠിനയത്നം ചെയ്തു. അതിനായി സഅദിയ്യ സ്ഥാപിച്ചു.ശമ്പളം വാങ്ങാതെ ജോലി ചെയ്ത അദ്ദേഹം ദീനിൻറെ ഉയർച്ചക്ക് വേണ്ടിയും കാസർക്കോടിന്റെ ആത്മീയ വിദ്യാഭ്യാസ വളർച്ചക്ക് വേണ്ടിയും തൻറെ ജീവിതം തന്നെ സമർപ്പിച്ചു. മത ഭൗതിക വിദ്യാഭ്യാസ ശാസ്ത്ര മേഖലയിലെല്ലാം ആ മഹാനുഭാവൻ ചെയ്ത സംഭാവനകൾ ഏറെ മഹത്തരമാണ്. അവ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നു. ലോകം അതിനെ അറിയുകയും പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്.

അവലംബം: എം.ഐ. സി. സമ്മേളന സുവനീർ 2012 

No comments:

Post a Comment