Tuesday, April 15, 2014

മഹത് സ്മൃതികൾ-2 സി എം: സമസ്തയുടെ ക്രിയാത്മക മുഖം

മഹത് സ്മൃതി/ 
സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ 

 സമസ്തക്ക് സദാ കർമനിരതനായൊരു പണ്ടിതനെയാണ് സി എമ്മിൻറെ വിയോഗത്തിലൂടെ നഷ്ടമായത്. മുസ്ലിം സമുദായത്തിന് അഭിമാനിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. പാണ്ഡിത്യവും കർമനൈരന്തര്യവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന് വ്യതിരിക്തനാക്കുന്ന സവിശേഷ ഗുണങ്ങൾ.
                  എനിക്ക് നേരത്തെത്തന്നെ അറിയാമായിരുന്നുവെങ്കിലും സമസ്ത മുശാവറയിൽ വന്നതിന് ശേഷമാണ് അദ്ദേഹവുമായി കൂടുതൽ അടുത്തിടപഴകാൻ അവസരമുണ്ടായത്. ആദ്യമായി എന്നാണ് പരിചയപ്പെട്ടതെന്നും കണ്ടുമുട്ടിയതെന്നും കൃത്യമായി ഓർക്കുന്നില്ല. എന്തായാലും, പരിചയപ്പെട്ട നാൾ മുതൽതന്നെ നല്ല ബന്ധമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ കാണുമ്പോൾ പല കാര്യങ്ങളും ചർച്ച ചെയ്യാറുണ്ടായിരുന്നു. ആരെയും ആകർഷിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. കാസർക്കോട്-കർണാടക ഭാഗങ്ങളിലെ ഒരുപാട് പരിപാടികളിൽ ഞങ്ങൾ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അവിടങ്ങളിൽ നിന്നെല്ലാം ജനങ്ങൾക്കിടയിൽ അദ്ദേഹത്തിൻറെ സ്വീകാര്യതയും ആദരവും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
     സമസ്ത കേരള  ജംഇയ്യത്തുൽ ഉലമ മുശാവറയുടെ  കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നല്ലോ അദ്ദേഹം. ഫത് വ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. അവസാന നാളുകളിൽ പോലും അദ്ദേഹം വളരെ സജീവമായി മുശാവറ യോഗങ്ങളിൽ പങ്കെടുത്തു. കോഴിച്ചിനയിൽ വെച്ച് സമസ്തയുടെ രാഷ്ട്രീയ നയ വിശദീകരണ സമ്മേളനം നടന്നപ്പോൾ സമസ്ത മുശാവറ മെമ്പർമാർ പങ്കെടുക്കേണ്ടിയിരുന്നത് കൊണ്ട് അദ്ദേഹം കാറിൽ യാത്ര ചെയ്ത് സമ്മേളനത്തിൽ സംബന്ധിക്കാൻ എത്തിയത് ഇന്നും ഓർക്കുന്നു. മലപ്പുറം സുന്നിമഹൽ പരിസരത്തു വെച്ച് നടന്ന ആലുവ ഥരീഖത്തിനെതിരെയുള്ള നയ പ്രഖ്യാപന പരിപാടിയിലും
അദ്ദേഹത്തിൻറെ സാന്നിധ്യം ശ്രദ്ദേയമാമാണ്. പ്രായവും ക്ഷീണവും വകവെക്കാതെ സമസ്തയുടെ ഏതു ദൂര പരിപാടികളിലും അദ്ദേഹം വരാറുണ്ടായിരുന്നു. കാസറഗോഡ് കർണാടക മേഖലകളിൽ സമസ്തയുടെ ആശയപ്രചരണത്തിനും ആദർശസംരക്ഷണത്തിനും കഠിനാധ്വാനംചെയ്ത നേതാവായിരുന്നു അദ്ദേഹം. എന്നും സുന്നത്ത് ജമാഅയുടെ കരുത്തനായ പോരാളിയായിരുന്നു. 
                 മരിക്കുന്നതിന്റെ ഏകദേശം ഒരു മാസം മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. വലിയൊരു അസുഖത്തിനു ശേഷം ഏകദേശം സുഖം പ്രാപിച്ചു വരികയായിരുന്നു അപ്പോൾ. അന്ന് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു. കൂട്ടത്തിൽ അദ്ദേഹം ഇത് കൂടി പറഞ്ഞു. "എനിക്ക് കാര്യമായ സിഹ്ർ ബാധിച്ചിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്. രോഗം വന്നത് അങ്ങനെയാണ്. അത് ചെയ്ത ആളെ എനിക്കറിയാം".
                 ആരാണ് സിഹ്ർ ചെയ്തതെന്ന് ഞാൻ ചോദിച്ചില്ല. കാരണം അദ്ദേഹം ഇത് പറയുമ്പോൾ തന്നെ ആളെ പറയാൻ താൽപര്യം ഇല്ലാത്ത വിധമാണ് സംസാരിച്ചത്. അത്കൊണ്ട് ചോദിക്കാനും നിന്നില്ല. ആ വഴിക്കുള്ള വേറെ സൂചനകളൊന്നും എനിക്ക് കിട്ടിയില്ല. ആരെയും നോവിക്കാത്ത പരസ്യമായി എതിർക്കാത്ത ഒരു ശാന്ത പ്രകൃതക്കാരനാണല്ലോ അദ്ദേഹം.
                കർമ്മശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അപാര അവഗാഹമായിരുന്നു അദ്ദേഹത്തിന്. ഗോളശാസ്ത്രത്തിൽ ഒരുപാട് കിത്താബുകൾ എഴുതിയിട്ടുണ്ട്. കേരളത്തിൽ ഇൽമുൽ ഫലകിൽ സമസ്തയുടെ മാഹിരീങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഒരുപാട് ഭാഷകൾ അരിയാമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. സുപ്രീം കോടതിയിൽ നിന്ന് സമസ്തക്ക് അനുകൂലമായി വിധിവന്നപ്പോൾ വിധിപ്പകർപ്പ്‌ സമസ്ത മുശാവറയിൽ അവതരിപ്പിച്ച് അർത്ഥം പറഞ്ഞത് സി. എം. ഉസ്താദായിരുന്നു. ഒരുപാട് ഫന്നുകൾ അദ്ദേഹത്തിന് അറിയുമായിരുന്നു. 
              ഒരുപാട് മഹല്ലുകളുടെ ഖാസിയായിരുന്നു അദ്ദേഹം. പ്രത്യേകിച്ചും അവസാന നാളുകളിൽ മംഗലാപുരം-കീഴൂർ സംയുക്ത ജമാഅത്തുകളുടെ ഖാസിയായി. അദ്ദേഹത്തിൻറെ പാണ്ടിത്യത്തിനുള്ള അംഗീകാരമായിരുന്നു ഇവയെല്ലാം. അദ്ദേഹം മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയായി അവരോധിക്കപ്പെടുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിനു ശേഷവും അദ്ദേഹത്തോടോത്ത് ഒരുപാട് പരിപാടികളിൽ ആ മേഖലകളിൽ പങ്കെടുത്തിട്ടുണ്ട്. അവിടങ്ങളിലൊക്കെ ജനങ്ങൾക്ക് വല്ലാത്ത ആവേശമായിരുന്നു. അദ്ദേഹം ഖാസിയായതോടെ അവിടങ്ങളിലൊക്കെ സമസ്തക്ക് നല്ല വളർച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ട്. അവിടത്തെ കാര്യങ്ങളിലെല്ലാം അദ്ദേഹം താൽപര്യത്തോടെ ഇടപെട്ടിരുന്നു എന്നാണ് മനസ്സിലാവുന്നത്.
കോട്ടയുടെയും സി. എമ്മിൻറെയും വിയോഗം സമസ്തക്ക് വലിയ നഷ്ട്ടമാണ് ഉണ്ടാക്കിയത് എന്നതിൽ തർക്കമില്ല. പ്രത്യേകിച്ച് കാസറഗോഡ് കർണാടക ഭാഗങ്ങളിൽ.
     സഅദിയ്യ, മലബാർ തുടങ്ങി ആഭാഗത്തെ പലസ്ഥാപനങ്ങളുടെയും മുഖ്യ സാരഥിയായിരുന്നല്ലോ സി. എം. സ്ഥാപന നടത്തിപ്പിലൊക്കെ വല്ലാത്ത ഹിക്മത്തായിരുന്നു അദ്ദേഹത്തിന്. ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. അദ്ദേഹത്തിൻറെ തട്ടകമായ മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെ പല പരിപാടികളിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ ക്ഷണിക്കാറായിരുന്നു പതിവ്. മരണശേഷം നാൽപതാം ദിവസം സ്ഥാപനത്തിൽ നടന്ന ദിക്ർ ദുആ മജ്ലിസിലും പങ്കെടുത്തിട്ടുണ്ട്. സഅദിയ്യയുമായി കൂടുതൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഏതായാലും ഇരു സ്ഥാപനങ്ങൾക്കും തുടക്കം കുറിച്ചതും മുന്നോട്ട് കൊണ്ട് പോയതും അദ്ദേഹമാണെന്നതിൽ സംശയമില്ല. ആ മഹാനും നമ്മോട് വിടപറഞ്ഞു. ഇനി പ്രാർത്ഥനയല്ലാതെ നമുക്ക് വേറെ വഴിയില്ല. അല്ലാഹു അവരേയും നമ്മേയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ.

അവലംബം: എം. ഐ. സി. സമ്മേളന സുവനീർ 2012 

No comments:

Post a Comment