Monday, April 14, 2014

മഹത് സ്മൃതികൾ-1 പാണ്ഡിത്യത്തിൻറെ തേജോരൂപം

മഹത് സ്മൃതി/ 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ 

      മുസ്ലിംകേരളം കണ്ട പണ്ഡിത പ്രമുഖരിൽ ഏറെ ശ്രദ്ധേയമായൊരു വ്യക്തിത്വത്തിനുടമയായിരുന്നു സി. എം. ഉസ്താദ്‌. ഗാംഭീര്യം സ്ഫുരിക്കുന്ന ആകാരവും പാണ്ടിത്യം തുളുമ്പുന്ന മുഖവും ആ വിശുദ്ധ ജീവിതത്തിൻറെ മകുടങ്ങളായിരുന്നു. ജീവിതം തന്നെ സന്ദേശമാക്കിമാറ്റിയ ആ മഹാപുരുഷൻ ബാക്കിവെച്ച ചിന്തകളും ശേഷിപ്പുകളും നൂറ്റാണ്ടുകളോളം പുതുതലമുറയെ വഴി നടത്താൻ ഉതകുന്നതാണ്. നമ്മളത് മൂല്യാതിഷ്ട്ടിതമായി ഉപയോഗപ്പെടുത്തണമെന്നു മാത്രം.
               വളരെ മുമ്പുതന്നെ സി. എം. ഉസ്താദിനെ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. ചെമ്പിരിക്ക ഖാസി എന്നൊരു പേര് മനസ്സിൽ സ്ഥാനം പിടിച്ചിട്ട് കാലങ്ങൾ ഏറെയായി. വടക്കൻ കേരളത്തിൽ അദ്ദേഹം വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിച്ച കാലംമുതൽതന്നെ ആ മഹൽ വ്യക്തിത്വത്തെ അറിഞ്ഞുതുടങ്ങിയിട്ടുണ്ടാവണം. അന്നൊക്കെ ആ ഭാഗത്തെ ഏതു പരിപാടികൾക്കും അദ്ദേഹം ജ്യേഷ്ടൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ വിളിക്കാൻ വരുമായിരുന്നു. പലതവണ അദ്ദേഹം പാണക്കാട് വന്നതായി ഓർക്കുന്നു. വലിയ സ്നേഹവും ബഹുമാനവുമായിരുന്നു അദ്ദേഹത്തിന്.
                എഴുപതുകളിൽ തന്നെ മാധ്യമലബാറിൽവരെ സി. എം. ഉസ്താദിന്റെ പ്രശസ്തി എത്തിയിരുന്നുവെന്നതാണ് സത്യം. വലിയൊരു ചിന്തകനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം എന്നതിനാലായിരുന്നു ഇത്. ആധുനിക വിഷയങ്ങളുടെ കർമ്മശാസ്ത്രവശങ്ങളെ അടിസ്ഥാനമാക്കി വളരെ നല്ല ക്ലാസ് അവതരിപ്പിക്കുന്ന ആളുകൂടിയായിരുന്നു.
           ഞാൻ ഇപ്പോഴും നല്ല പോലെ ഓർക്കുന്നു; 1973 കാലങ്ങൾ. ഞാനന്ന് പട്ടിക്കാട് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. വിദ്യാർഥി സംഘടന നൂറുൽ ഉലമയുടെ പ്രസിടണ്ടായിരുന്നു. അന്ന് ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച് ഒരു ക്ലാസ് സംഘടിപ്പിക്കണമെന്ന ഒരാഗ്രഹം കുട്ടികൾക്കിടയിൽ ജനിച്ചു. മതവും ഭൗതികവും നല്ല പോലെ മനസ്സിലാക്കുന്ന ഒരാൾക്കേ ഇതുപോലുള്ളൊരു വിഷയം വേണ്ടപോലെ പറഞ്ഞു പ്രതിഫലിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അങ്ങനെയുള്ളൊരു ആളെ കണ്ടെത്തൽ വളരെ പ്രയാസമായി. അപ്പോഴാണ് ചെമ്പിരിക്ക ഖാസിയെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ക്ഷണിക്കുന്നതും. വളരെ ഗംഭീരമായിരുന്നു അദ്ദേഹത്തിൻറെ ക്ലാസ്. എഴുപതുകളിൽ പോലും ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ഇത്രമാത്രം ആഴത്തിൽ പരിജ്ഞാനമുള്ള ഒരാൾ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്നത് വളരെ അഭിമാനം നൽകുന്ന വസ്തുതയാണ്. ഞങ്ങളുടെ കാലത്തെ ഫൈസിമാരുടെ മനസ്സിൽ ഇന്നും ആ ക്ലാസ് പ്രോജ്വലിച്ചു നിൽക്കുന്നുണ്ടാവും.
              വടക്കൻ കേരളത്തിലെ മുസ്ലിംകൾ വിദ്യാഭ്യാസപരമായി വല്ല നേട്ടവും കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ സി. എം. ഉസ്താദായിരിക്കുമെന്നതിൽ രണ്ടഭിപ്രായങ്ങൾക്കിടമില്ല. അത്രമാത്രം ആ ഭാഗത്ത് മത-ഭൗതിക വിദ്യാഭ്യാസത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ വ്യവസ്ഥാപിതമായ നിലക്ക് ആദ്യമായി ഒരു അറബിക് കോളേജ് സ്ഥാപിക്കുന്നതും അദ്ദേഹമായിരുന്നുവെന്ന് നമുക്ക് കണ്ടെത്താനാകും. ജാതി-മത ഭേതമന്യേ അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളിൽ വന്നു വിദ്യയഭ്യസിച്ചിരുന്നു.
                എല്ലാ മേഖലയിലും തൻറേതായ വ്യക്തിമുദ്രയർപ്പിചിട്ടുണ്ടെങ്കിലും ഇൽമുൽ ഫലക്കായിരുന്നു ഉസ്താദിൻറെ ലോകം. അതിൽ അദ്ദേഹത്തിൻറെ പാണ്ഡിത്യം സർവ്വരാലും അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്.
                     മംഗലാപുരം ഖബഖ മൗലാനയുടെ വീട്ടിൽ വെച്ചാണ് അവസാനമായി ഞങ്ങൾ കണ്ടുമുട്ടുന്നത്. പല പണ്ഡിതന്മാരും സംഗമിച്ച മഹത്തായൊരു സദസ്സായിരുന്നു അത്. അല്ലാഹു ആ മഹാൻറെ പാരത്രിക ജീവിതം ധന്യമാക്കിക്കൊടുക്കുമാറാകട്ടെ, ആമീൻ.

അവലംബം: എം. ഐ.സി. സമ്മേളന സുവനീർ 2012 

No comments:

Post a Comment