Friday, April 11, 2014

ചെമ്പിരിക്ക ഖാസി സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാർ (ന:മ)

                 ക്രി.പി. 1938 മുതൽ 1973 വരെ കീഴൂരിൽ ഖാസി പദം വാണരുളിയ വിനയശീലനായ പണ്ഡിത ഗ്രേസരനാണ് ഖാസി സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാർ. അദ്ദേഹം ഹിജ്റ 1316ൽ ചെമ്പിരിക്കയിൽ ഭൂജാതനായി. പിതാവിന്റെ പേര് അബ്ദുല്ല മുസ്ലിയാർ എന്നും മാതാവിന്റെ പേര് മർയം എന്നുമാണ്. പിതാവ് തികഞ്ഞ ഒരു പണ്ഡിതനും പ്രഗത്ഭനായ മത പ്രാസംഗികനുമായിരുന്നു. പിതാമഹനായ പോക്കർ മുസ്ലിയാർ ഒരു സൂഫിവര്യനായിരുന്നു. ചെമ്മനാട് നിവാസിയായിരുന്ന പോക്കർ മുസ്ലിയാർ ഒരു സ്വപ്ന ദർശനത്തെ തുടർന്ന് തന്റെയും കുടുംബത്തിന്റെയും പാർപ്പിടം ചെമ്പിരിക്കയിലേക്ക് മാറ്റുകയുണ്ടായി. അങ്ങനെയാണ് ഖാസി സി മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ നിവാസ കേന്ദ്രം ചെമ്പിരിക്കയായത്.
               ഒരു മൗലവി കുടുംബത്തിൽ ജനിച്ച മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാർ തക്ക സമയത്ത് തന്നെ മതപഠനം തുടങ്ങി. തനിക്ക് പത്ത് വയസ്സ് പ്രായമുള്ളപ്പോൾ തന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞുപോയി. അതിനാൽ മുഹമ്മദ്‌ കുഞ്ഞി  മുസ്ലിയാർ തന്റെ സഹോദരിയുടെ ഭർത്താവായ കീഴൂർ അബ്ദുള്ള കുഞ്ഞി ഹാജിയിൽ നിന്നാണ് കിതാബുകൾ ഓതിത്തുടങ്ങിയത്.
അബ്ദുള്ളകുഞ്ഞി ഹാജി കാസറഗോഡ് വലിയ ജമാഅത്ത് പള്ളിയിലും തൃക്കരിപ്പൂർ സൂഫി ഹാജിയാരുടെ പള്ളിയിലും ദർസ് നടത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അവിടങ്ങളിലെല്ലാം താമസിച്ച് സ്മര്യപുരുഷൻ ഉന്നത മതവിദ്യാഭ്യാസം നേടുകയുണ്ടായി. പിൽകാലത്ത് കാസറഗോഡ് വലിയ ജുമാഅത്ത് പള്ളിയിൽ ആയഞ്ചേരി അബ്ദുറഹ്മാൻ മുസ്ലിയാർ ദർസ് നടത്തിയപ്പോൾ അദ്ദേഹത്തിൻറെ ശിഷ്യത്വം സ്വീകരിച്ച്കൊണ്ട് മുഹമ്മദ്‌കുഞ്ഞി മുസ്ലിയാർ മതപഠനം തുടർന്നു. ആയഞ്ചേരി കാസറഗോഡ് ഉപേക്ഷിക്കുകയും വാഴക്കാട് ദാറുൽ ഉലൂം മദ്രസയിൽ മതാധ്യാപനം ആരംഭിക്കുകയും ചെയ്തപ്പോൾ ഈ ശിഷ്യനും അദ്ദേഹത്തെ അനുഗമിച്ച് കൊണ്ട് മതപഠനത്തിന് പൂർത്തീകരണം നേടുകയുണ്ടായി. 
             തൻറെ അമ്മാവൻ, അക്കാലത്തെ കേരളത്തിലെ മതവിജ്ഞാന കേന്ദ്രമായ പൊന്നാനിയിൽ പുസ്തക വ്യാപാരം നടത്തിയിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം കുറച്ച്കാലം പൊന്നാനിയിലും സ്മര്യപുരുഷൻ താമസമാക്കുകയുണ്ടായി. പിന്നീട് നാട്ടിൽ തിരിച്ച് വന്ന ശേഷം കീഴൂരിലെ ഖാസി പദവും ഒരവങ്കര ഖിസർ പള്ളിയിലെ മുടരിസ് സ്ഥാനവും ഏറ്റെടുത്തു. ഏതാണ്ട് ഇരുപത്തിയഞ്ചു വർഷം ഒരവങ്കരപള്ളിയിൽ മതാധ്യാപനം തുടർന്നു. അനന്തരം വാർദ്ധക്യ സഹജമായ ബലഹീനത കാരണം ദർസ് നടത്തുന്ന ജോലി ഒഴിവാക്കാൻ നിർബന്ധിതനായി. തൻറെ പുത്രന്മാരിലൊരാളെ ആ ജോലിക്ക് ഏൽപ്പിച്ച്കൊണ്ടാണ് അദ്ദേഹമതിൽ നിന്ന് വിരമിച്ചത്. 
       എന്നാൽ കീഴൂരിലേയും പരിസരപ്രദേശങ്ങളിലേയും ഖാസിപദം അന്ത്യശ്വാസം വലിക്കുന്നത് വരെ അദ്ദേഹം തുടരുകയുണ്ടായി. കീഴൂർ, മേൽപറമ്പ, ചെമ്പിരിക്ക, കളനാട്, ദേളി, ഉദുമ, പക്യാര, എരോൽ, മാങ്ങാട്, ബെണ്ടിച്ചാൽ, ബായിക്കര, ആദൂർ, എന്നീ പന്ത്രണ്ടു മഹാല്ലുകളിലാണ് അദ്ദേഹം ഖാസിപദം അലങ്കരിച്ചത്. പ്രസ്തുത പന്ത്രണ്ടു മഹല്ലുകളിലെ നിവാസികളെയും മറ്റനേകം സ്നേഹജനങ്ങളേയും ദു:ഖത്തിലാഴ്ത്തികൊണ്ട് ഹിജ്റ 1393 ദുൽഖഅദ 4 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് ഒരുമണിക്ക് അദ്ദേഹം പരലോകം പ്രാപിച്ചു. ഇന്നാ ലില്ലാഹ്...................
        എല്ലാവരേയും ദു:ഖത്തിലാഴ്ത്തിയ ആ ദു:ഖ വാർത്ത നാടെങ്ങും വ്യാപിച്ചു. ജാതിമതഭേതമന്യേ പലരും ബഹുമാനപ്പെട്ടവരുടെ ജനാസ ഒരുനോക്കു കാണാൻ ചെമ്പിരിക്കയിലുള്ള വസതിയിലേക്ക് ഒഴുകിയെത്തി. പല മാറാവ്യാതികൾക്കും മഹാനവർകളുടെ ജീവിതകാലത്തും മരണശേഷവും അഭയമായിരുന്നു. അടുത്ത ദിവസം മദ്ധ്യാഹ്നത്തിന് അൽപം മുംബ് ചെമ്പിരിക്ക ജമാഅത്ത് പള്ളിയുടെ തെക്കുവശത്ത് അൽപം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മഖാമിന് സമീപം അതിൻറെ കിഴക്ക് വശത്തായി അദ്ദേഹത്തിൻറെ ആ പുണ്യ ശരീരം മറവ് ചെയ്തു.
                   സംഭവബഹുലമായ തൻറെ ജീവിതകാലത്ത് മൂന്ന് പ്രാവശ്യം പുണ്യഹജ്ജ് കർമ്മം നിർവ്വഹിക്കുവാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിക്കുകയുണ്ടായി. നാലാമതൊരു ഹജ്ജിന് തീരുമാനമെടുക്കുകയും 1973 ഡിസംബർ 13ന് ബോംബയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ അദ്ദേഹത്തിന് ഒരു സീറ്റ് റിസർവ് ചെയ്യുകയും ചെയ്തതായിരുന്നു. പക്ഷെ, ആ വാനയാനം പുറപ്പെടുന്ന സമയം വരെ അദ്ദേഹത്തിൻറെ ആയുസ്സ് അദ്ദേഹത്തെ കാത്ത് നിൽക്കുകയുണ്ടായില്ല. മഹാനവർകളുടെ ബർക്കത്ത് കൊണ്ട് സർവ്വശക്തൻ നമ്മുടെ ദോഷങ്ങൾ പൊറുക്കുമാറാകട്ടെ...............ആമീൻ.

ശഹീദ് ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവി ആണ്‍ മക്കളിൽ ഒരാളാണ്

No comments:

Post a Comment