ആനക്കര സി കോയക്കുട്ടി മുസ്ലിയാർ
പ്രസിഡണ്ട്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ
ഞാന്‍ മുദരിസായി സേവനം ചെയ്യുന്ന കാലം. കോഴിക്കോട്ട് നടക്കാനിരിക്കുന്ന മുസ്‌ലിംലീഗ് സമ്മേളനത്തില്‍ എന്റെ ആത്മീയ ഗുരു ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തുമെന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഉടന്‍ ചാപ്പനങ്ങാടിയിലെ ബാപ്പു മുസ്‌ലിയാരുടെ വീട്ടിലെത്തി.
കോലായയിലിരിക്കുകയായിരുന്ന അദ്ദേഹം എന്നെ കണ്ടയുടന്‍ ചോദിച്ചു. ''ഞാന്‍ മുസ്‌ലിംലീഗ് യോഗത്തില്‍ ദുആ ചെയ്യുമെന്ന വാര്‍ത്ത ശരിയാണോ എന്നറിയാനല്ലെ കോയക്കുട്ടീ നിന്റെ വരവ്?''. ബാപ്പു മുസ്‌ലിയാരുടെ ചോദ്യത്തിനു മുന്നില്‍ പകച്ചു നിന്ന ഞാന്‍ അതെ, എന്നു ഉത്തരം പറഞ്ഞു തലയാട്ടി. ‘മുസ്‌ലിംലീഗ് സമുദായത്തിന് ഗുണം ചെയ്ത പാര്‍ട്ടിയാണ്.
മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്നതും മുസ്‌ലിംലീഗാണ്. അത്‌കൊണ്ട് അതിന്റെ നിലനില്‍പിനും പുരോഗതിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പണ്ഡിതന്മാരുടെ കടമയാണ്. ഇതാണ് ്യൂ ഞാന്‍ നിര്‍വഹിക്കുന്നത്’. ബാപ്പു മുസ്‌ലിയാരുടെ ഈ വാക്കുകളാണ് എന്നെ എന്നും സമുദായ സംഘശക്തിയുടെ ഓരംചേര്‍ത്തു നിര്‍ത്തുന്നത്.
പല മതങ്ങളും പിണക്കങ്ങളില്ലാതെ, ഒരുമയോടെ കഴിഞ്ഞ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. നൂറ്റാണ്ടുകളായി നമ്മുടെ രാജ്യം കാത്തുസൂക്ഷിച്ചു പോരുന്ന ഐക്യവും മതസൗഹാര്‍ദവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം. നരേന്ദ്ര മോഡിയെ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാനുള്ള ഫാസിസ്റ്റ് നീക്കം അപകടകരമാണ്. ഫാസിസവും കമ്മ്യൂണിസവും ഒരുപോലെ ആപത്താണ്. എല്ലാവര്‍ക്കും അവരവരുടെ ആശയങ്ങളും ആദര്‍ശങ്ങളും പ്രബോധനം ചെയ്യാനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. ഇതു തടയുന്ന രീതിയിലുള്ള പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇന്ന് ഫാസിസ്റ്റുകള്‍ നടത്തുന്നത്. ഇത് ഒരിക്കലും അനുവദിക്കാനാവില്ല.
ഗുജറാത്തില്‍ നടന്ന നരനായാട്ട് നമ്മള്‍ മറന്നിട്ടില്ല. ഇന്നും അവിടെ കഴിയുന്ന മുസ്്‌ലിംകളുടെ അവസ്ഥ ദയനീയമാണ്. അവിടെ സന്ദര്‍ശിച്ചവരും പത്ര മാധ്യമങ്ങളും ഇത് പല തവണ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോഡിയാണ് ഇതിനു നേതൃത്വം നല്‍കിയതിലെ പ്രധാനി. ഇയാളെ എങ്ങനെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം ഏല്‍പിക്കുക? മുസ്്‌ലിംകള്‍ ഇവിടെ സമാധാനം ആഗ്രഹിക്കുന്നവരാണ്. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി കണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയവരാണ്.
ഇവര്‍ അന്യരാണെന്നു പറഞ്ഞ് ആട്ടിയോടിക്കപ്പെടുന്നത് അനുവദിച്ചുകൂടാ. ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കാനുള്ള അവസരമാണ് പൊതു തെരഞ്ഞെടുപ്പുകള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവരെ പാഠം പഠിപ്പിക്കണം. എല്ലാവരും ഐക്യത്തോടെയും സ്‌നേഹത്തോടെയും കഴിയുന്ന കാലം തിരിച്ചുവരണം. ഗാന്ധി കുടുംബം എന്നും മുസ്്‌ലിംകളോട് നീതി കാണിച്ചിട്ടുണ്ട്. അവരുടെ പിന്‍ഗാമികള്‍ തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടത്.
മുസ്‌ലിംകളെ തീവ്രവാദികളായി മുദ്രകുത്തി ജയിലിലടക്കുന്ന പ്രവണത തുടരുന്നത് നീതീകരിക്കാനാവില്ല. മുസ്്‌ലിം സമുദായത്തില്‍ പിറന്നതിന്റെ പേരില്‍ മാത്രം നിരവധി ചെറുപ്പക്കാര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. വിചാരണ തടവുകാരായാണ് ഇവരെ കാരാഗ്രഹങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വിധിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ എത്രയും വേഗം വിട്ടയക്കാനുള്ള നടപടിയുണ്ടാകണം.
കമ്യൂണിസം എക്കാലത്തും മുസ്്‌ലിംകള്‍ക്ക് എതിരായിരുന്നു. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റഷ്യയിലും മറ്റും മുസ്്‌ലിം പണ്ഡിതന്മാരെ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയത് ചരിത്രത്തിലുണ്ട്. അവരുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ അവര്‍ ഇല്ലാതെയാക്കും. ഇപ്പോള്‍ കേരളത്തിലും ഇതു നാം കണ്ടുവരുന്നു. താല്‍പര്യമില്ലാത്തവരെ വെട്ടിക്കൊല്ലുകയും പകതീര്‍ക്കുകയും ചെയ്യുന്നു. മതത്തോട് തെല്ലും താല്‍പര്യമില്ലാത്ത ഇത്തരക്കാര്‍ സമുദായത്തിന്റെ സ്ഥാപനങ്ങളില്‍ വരെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇവരെ പ്രതിരോധിക്കണം.
മൗദൂദികളുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവേശം കാപട്യമാണ്. ജനാധിപത്യത്തിനു നേരെ മുഖം തിരിഞ്ഞു നടന്ന പാരമ്പര്യമുള്ളവര്‍ക്ക് എങ്ങനെയാണ് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകാന്‍ കഴിയുക? ഹുക്കൂമത്തെ ഇലാഹിയില്‍ നിന്ന് അവര്‍ പിന്മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. വോട്ട് ചെയ്യുന്നത് ശിര്‍ക്കാണെന്നു പറഞ്ഞവരാണവര്‍.
തീവ്രവാദികളുടെയും സ്വാര്‍ത്ഥ താല്‍പര്യക്കാരുടെയും കളങ്കിതരുടെയും കൈകളില്‍ അധികാരമേല്‍പിക്കുന്നത് തടയണം. പൂര്‍വ പണ്ഡിതന്മാരും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമസ്ത കേരള ജംഇയത്തുല്‍ ഉലമ നിര്‍വഹിച്ചു വരുന്ന ദൗത്യവും ഇതാണ്.
വോട്ടവകാശമുള്ള കാലം തൊട്ട് ഞാന്‍ കോണിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. ഇത്തവണത്തെ വോട്ടും ഇ.ടി മുഹമ്മദ് ബഷീറിനു തന്നെ. ജാഡകളില്ലാത്ത രാഷ്ട്രീയക്കാരനാണ് ഇ.ടി. വിനയവും ലാളിത്യവും നിറഞ്ഞ നല്ല മനുഷ്യന്‍. ആരെയും വേദനിപ്പിക്കില്ല. പണ്ഡിതന്മാരെ ബഹുമാനിക്കാനും ആദരിക്കാനുമറിയാം. പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ഉടന്‍ എന്നെ വീട്ടില്‍ വന്നു കണ്ടു. പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ഇ.ടിക്കു വേണ്ടി പ്രാര്‍ത്ഥന നടത്തി വിജയം നേര്‍ന്നാണ് തിരിച്ചയച്ചത്.
തയാറാക്കിയത്:റവാസ് ആട്ടീരി
കടപ്പാട്: ചന്ദ്രിക
No comments:
Post a Comment