Friday, December 9, 2011

ആ മഹാനഷ്ടത്തിന് ഒരു വയസ്സ് -9 : സി ബി ഐ ക്രൂരതകള്‍


ഒടുവില്‍ സി. ബി. ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു . സി എം അബ്ദുല്ല മൗലവി എന്ന പണ്ഡിത തേജസ്സിനെ കടലിലെറിഞ്ഞ് കൊന്ന കിരാതന്‍മാരെ സി. ബി. ഐ കണ്ടെത്തുമെന്നും, കൊലയാളികളുടെ കരങ്ങളില്‍ നിയമത്തിന്റെ വിലങ്ങ് വീഴുമെന്നും കുറേ പേരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാവണം.

ഒടുവില്‍, ഒരായുഷ്‌ക്കാലം മുഴുവനും ഒരു സമുദായത്തെ സംസ്‌കരിച്ച ധീരനും ബുദ്ധിമാനും അഗാധ ജ്ഞാനിയുമായ സി.എം അബ്ദുല്ല മൗലവി രോഗത്തെ ഭയന്ന് ആത്മഹത്യ ചെയ്തു എന്ന അതി ബുദ്ധിപരമായ ഒരു മഹാ കണ്ടെത്തലാണ് സി. ബി. ഐ നടത്തിയിരിക്കുന്നത്., പക്ഷേ, ഇവിടെ സി. ബി ഐ യുടെ കുറ്റാന്വേഷണ സംഘവുമായി അടുത്തിടപഴകിയിരുന്നവര്‍ക്ക് ഈ റിപ്പോര്‍ട്ട് വലിയ അത്ഭുതമൊന്നും സമ്മാനിച്ചിട്ടില്ല.

കാരണം കുറേ മാസങ്ങളായുള്ള സി ബി ഐ സംഘത്തിന്റെ കരണം മറിച്ചിലും, അതിഭാവുകത്വം നിറഞ്ഞ നാടകരംഗങ്ങളും കണ്ട് കഴിഞ്ഞവര്‍ക്ക് കാര്യങ്ങളുടെ ഒരു ഏകദേശരൂപം മുമ്പേ പിടികിട്ടിയിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അവസാന വാക്കായി സി. ബി. ഐ യെ നെഞ്ചിലേറ്റിയിരുന്ന സാധാരണക്കാര്‍ക്ക് ആ ധാരണ തിരുത്തിക്കുറിക്കാന്‍ സമയമായി.

ഇനി നമുക്ക് ആലോചിച്ചിരിക്കാന്‍ സമയമില്ല. സി ബി ഐ അവസാനമായി എന്ത് പറയുന്നു എന്നറിയാന്‍ വേണ്ടി മാത്രമായിരുന്നു എല്ലാവരും ക്ഷമയോടെ ഇതുവരെ കാത്തിരുന്നത്.

ഖാസി കൊലചെയ്യപ്പെട്ട ദിവസം മുതല്‍ പോലീസും, ക്രൈംബ്രാഞ്ചും, സി ബി ഐ യും അടങ്ങുന്ന കുറ്റാന്വേഷണ സംഘങ്ങള്‍ നടത്തിയ കൊടും ക്രൂരതയുടെയും, നീതി നിഷേധത്തിന്റെയും ചങ്ക്‌പൊട്ടുന്ന കഥകളാണ് ഖാസിയുടെ ദുരൂഹമരണം തെളിയിക്കാന്‍ പ്രവര്‍ത്തന ഗോധയിലേക്കിറങ്ങിയവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
സാഹചര്യത്തെളിവുകളും കുറ്റം തെളിയിക്കാന്‍ ഉതകുന്ന എത്രയോ സംഭവങ്ങളും സി ബി ഐ യുടെ മുന്നില്‍ നിരത്തിവെച്ചിട്ടും അവയെ കുറിച്ച് സത്യസന്ധമായി അന്വേഷിക്കാന്‍ തയ്യാറാകാതെ, ഇത് ആത്മഹത്യയാക്കി മാറ്റാനുള്ള പഴുതുകള്‍ തേടിയാണ് സി ബി ഐ സംഘം അലഞ്ഞ് തിരിഞ്ഞത്. ഒടുവില്‍ മരണം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം ലോക്കല്‍ പോലീസ് നല്‍കിയ അതേ റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പി പകര്‍പ്പ് സി.ബി ഐ സമര്‍പ്പിച്ചു. ഒരു യുഗത്തിന്റെ പൊന്‍വിളക്കായി പ്രകാശം വിതറിയ, നന്മയുടെ ധീരനായ നായകന്‍ സി എം അബ്ദുല്ല മൗലവി രോഗം സഹിക്കാന്‍ പറ്റാതെ കടലില്‍ ചാടി ആത്മഹത്യചെയ്തു. ഇത് സ്ഥാപിക്കാന്‍ ആകെ നിങ്ങള്‍ക്ക് കിട്ടിയ തെളിവ്, ഒരേയൊരു തെളിവ്, ഖാസി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചെമ്പരിക്കയിലെ മഖാമിലേക്കുള്ള ചവിട്ടുപടി സ്വയം കയറി പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ചിരുന്നു എന്ന് മാത്രമാണ്. പ്രിയപ്പെട്ട സി ബി ഐ സംഘമേ, ഇത് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് ആളുകളെ വാടകയ്ക്ക് എടുക്കേണ്ടി വരും. അല്ലാതെ ബുദ്ധിസ്ഥിരതയുള്ള ഒരു കൊച്ചുകുട്ടി പോലും ഇതു വിശ്വസിക്കില്ല..

കേസ് അവസാനഘട്ടത്തിലെത്തിയപ്പോള്‍ വീണ്ടും ജനപ്രക്ഷോഭം തലപൊക്കുമെന്ന് ഉറപ്പായപ്പോള്‍ സി ബി ഐ യുടെ സ്‌പെഷ്യല്‍ ടീം എന്ന പേരും പറഞ്ഞ് ഒരു രാഖേഷ് സാറിനെയും കൂട്ടി നിങ്ങള്‍ ചെമ്പരിക്ക വന്ന് നടത്തിയ പെര്‍ഫോമെന്‍സ് ഉണ്ടല്ലോ. അത് അസ്സലായിരിക്കുന്നു. പ്രിയപ്പെട്ട നന്ദകുമാര്‍ സാറെ, ജനങ്ങള്‍ മെല്ലെ വീണ്ടും ഇളകുന്നു എന്ന് മനസ്സിലായപ്പോള്‍ തല്‍ക്കാലം അവരെ മെല്ലെ അടക്കി നിര്‍ത്താന്‍ ചെമ്പരിക്ക കടപ്പുറത്ത് വന്ന് നിങ്ങള്‍ നടത്തിയ അഭിനയം ഏതെങ്കിലും ഒരു സിനിമയിലായിരുന്നു കാഴ്ച വെച്ചിരുന്നതെങ്കില്‍ മിനിമം ഒരു ഭരത് അവാര്‍ഡ് എങ്കിലും ലഭിക്കുമായിരുന്നു.

കേസ് വളരെ എളുപ്പത്തില്‍ തെളിയിക്കാന്‍ പറ്റുന്ന എത്രയോ തെളിവുകളാണ് നിങ്ങള്‍ക്ക് മുന്നില്‍ നിരത്തി വെച്ചിരുന്നത്. ഒരു കൊച്ചുകുട്ടിക്കുപോലും എളുപത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന സംഭവ വികാസങ്ങളായിരുന്നു ഖാസി കൊല്ലപ്പെട്ട ദിവസം മുതല്‍ അരങ്ങേറിയത്.

1). ഖാസിയുടെ മയ്യിത്ത് കടലില്‍ നിന്ന് എടുത്ത ഉടനെ പ്രമുഖനായ ഡി വൈ എസ് പി വിളിച്ചു പറയുന്നു, ഇതൊരു ആത്മഹത്യയാണെന്ന്. ഇവിടെ നിന്നാണ് ജനങ്ങളുടെ പുരികങ്ങള്‍ വളഞ്ഞുതുടങ്ങിയത്. ജാതിമതമന്യേ എല്ലാവരും അംഗീകരിക്കുന്ന ഒരു മഹാപണ്ഡിതന്‍ ആത്മഹത്യ ചെയ്തു എന്ന് പരസ്യമായി പറയാന്‍ ഒരാള്‍ എത്രവട്ടം ആലോചിക്കണം..! അതും ഉത്തരവാദിത്തപ്പെട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍, എന്തെങ്കിലും അന്വേഷണം നടത്തുന്നതിനു മുമ്പ് അദ്ദേഹം അങ്ങനെ വിളിച്ച് പറഞ്ഞത് എന്തുമാത്രം ദുരൂഹമാണ്..!! ഇതിനെക്കുറിച്ച് എന്ത് അന്വേഷണമാണ് നിങ്ങള്‍ നടത്തിയത്.

2). ഒരു ചെറിയ മോഷണം നടന്ന സംഭവങ്ങളില്‍ പോലും പോലീസ് നായയും, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് കുതിച്ചെത്താറുള്ള നമ്മുടെ നാട്ടില്‍ ഇത്രയും വലിയ പണ്ഡിതന്റെ മരണം, പ്രഥമദൃഷ്ട്യാ കൊലപാതകമെന്ന് വ്യക്തമാകുന്ന സംഭവം നടന്നിട്ടും, നാടും നഗരവും ഇളകിമറിഞ്ഞിട്ടും പോലീസ് നായയോ, വിരലടയാള വിദഗ്ധരെയോ കൊണ്ടുവരാത്തതെന്ത് ? ഈ പാകപ്പിഴവിന് ഇടവരുത്തിയ പോലീസ് മേധാവികള്‍ക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് കള്ളന്‍മാരെ പിടിക്കാനല്ല, കള്ളന്‍മാര്‍ക്ക് കഞ്ഞി വെച്ചു കൊടുക്കാനായിരുന്നില്ലേ ഈ അന്വേഷണങ്ങള്‍ ?

3) മയ്യത്ത് കരയിലേക്കെടുത്ത ഉടനെ ഖാസിയുടെ വീട്ടിലെത്തി ബുര്‍ദ ബൈത്തിന്റെ വരികള്‍ കണ്ടെടുത്ത ഡി വൈ എസ് പി `എനിക്ക് വേണ്ടത് കിട്ടി` എന്ന് പറഞ്ഞ് ആത്മഹത്യയാക്കി പരസ്യപ്പെടുത്തിയ നടപടിയെ എന്ത് കൊണ്ട് സംശയകരമായി സമീപിച്ചില്ല ? ആത്മഹത്യാകുറിപ്പ് എന്ന് പ്രത്യക്ഷാ ഒരു തരത്തിലും പറയാന്‍ കഴിയാത്ത ആ വരികളെ ബോധപൂര്‍വ്വം ആത്മഹത്യാക്കുറിപ്പാക്കി പ്രചരിപ്പിച്ച സംഭവം എത്രമാത്രം ദുരൂഹമാണ്.?

4) മരണം നടന്നതിന്റെ രണ്ടാം നാള്‍ രാത്രി ഖാസിയുടെ മക്കളും, മരുമക്കളും അടങ്ങുന്ന ഒരു ചെറുസംഘം ഡി വൈ എസ് പി യുടെ വീട്ടിലെത്തി സംസാരിച്ചു. ഇതൊരു തരത്തിലും കൊലപാതകമല്ല എന്ന സമര്‍ത്ഥിച്ച് സംസാരിച്ച ഡി വൈ എസ് പി യോട് അവര്‍ എല്ലാ സാഹചര്യത്തെളിവുകളും ബോധിപ്പിച്ചു. ഖാസിക്ക് ശരിക്ക് നടക്കാന്‍ കഴിയാത്തതും, അന്ന് രാത്രി ചെമ്പരിക്ക കടുക്കക്കല്ലിനു സമീപം വെളുത്ത കാര്‍ വന്നതും രാത്രി മൂന്നു മണിക്ക് കടപ്പുറത്ത് നിന്ന് അയല്‍ക്കാര്‍ ഒരു അലര്‍ച്ച കേട്ടതും വിവരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഇല്ലായിരുന്നു. അയല്‍ക്കാരുടെ ഒരു മൊഴി അദ്ദേഹത്തെ അറിയിച്ചപ്പോള്‍ പോലും അദ്ദേഹം നിര്‍വ്വീകാരനായിരുന്നു. ഈ ഒരു സംഭവം കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉണരേണ്ട പോലീസ് ജിഞാസ എവിടെ പോയി ? ഇതെന്ത് മാത്രം ദുരൂഹമല്ലേ ? ഇതൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സി ബി ഐ യോട് പറഞ്ഞതല്ലേ..

5) ഖാസിയുടെ ഖബറടക്കം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഖാസിയുടെ മകന് ഒരു ഫോണ്‍ കോള്‍. വിളിക്കുന്നത് ഒരു പ്രമുഖനും ഖാസിയുടെ അടുത്ത മിത്രവും. അദ്ദേഹം വിളിച്ചു പറഞ്ഞത് ഖാസിയാര്‍ച്ചാന്റെ കാറിന്റെ ആര്‍ സി ബുക്ക് പോസ്റ്റില്‍ വരും എന്നാണ്. ഈ സമയത്ത് ഒരു ആര്‍ സി ബുക്കിന് എന്ത് പ്രാധാന്യം ?. ഇദ്ദേഹത്തെ പോലുള്ള ഒരാള്‍ ഇത്രയും വേദനാജനകമായ ഒരു സന്ദര്‍ഭത്തില്‍ ഒരു ആര്‍ സി ബുക്കിന്റെ കാര്യം പറയാന്‍ വിളിക്കുകയോ ! ആശയക്കുഴപ്പം തലപൊക്കുന്നു.

പിന്നീട് പോലീസ് ആത്മഹത്യാക്കുറിപ്പാക്കി അവതരിപ്പിച്ച ബുര്‍ദ ബൈത്തിന്റെ വരികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ തള്ളിക്കളഞ്ഞപ്പോള്‍ മൂന്നാം നാള്‍ വീണ്ടും ഖാസിയുടെ വീട്ടിലെ മുറിയില്‍ ഒരു കടലാസ്. അതും പോലീസ് മുമ്പ് അരിച്ചുപെറുക്കിയ സ്ഥലത്ത് പുതുതായി കാണപ്പെട്ട ഒരു കടലാസ്. അതില്‍ ഇതേ വരികള്‍. `കാറിന്റെ ആര്‍ സി ബുക്ക് പോസ്റ്റില്‍ വരും` ഖാസിയുടെ കൈപ്പട എന്ന് തോന്നിക്കുന്ന കുറച്ച് വരികള്‍. ഖാസി എഴുതി വെച്ച് പോയി എന്ന് തോന്നിപ്പിക്കാന്‍ വീണ്ടും അവതരിച്ച കത്ത്. പുതുതായി അവതരിച്ച ആ കത്തിന്റെ ഉള്ളടക്കത്തിലെ ആര്‍ സി ബുക്കിന്റെ കാര്യം മുന്‍കൂറായി ഫോണ്‍ വിളിച്ച് പറഞ്ഞ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് വ്യക്തമല്ലേ.? ഈ കത്തിന് പിന്നില്‍ ആര് ? ആര് അത് അവിടെ വീണ്ടും കൊണ്ടുവന്നിട്ടു ? പുറം ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ആ കത്തിന്റെ ചുവട് പിടിച്ച് സി ബി ഐ കുറ്റം തെളിയിക്കും എന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിപ്പോയി. കുറ്റം തെളിയിക്കാന്‍ മുതല്‍കൂട്ടായിരുന്ന ആ കത്തിന്റെ കാര്യം മൂടി വെക്കാനായിരുന്നു സി ബി ഐ ശ്രമിച്ചത്. എന്തിനു വേണ്ടി ? ആര്‍ക്ക് വേണ്ടി ?

6) ഖാസിയുടെ ദുരൂഹമരണം നടന്ന് ജനങ്ങള്‍ ഇളകി മറിയുമ്പോള്‍, സമസ്ത ഇടപ്പെടുന്നതില്‍ നിന്ന് സമസ്തയെ തടയാന്‍ ഇത് ആത്മഹത്യയാണെന്ന രീതിയില്‍ സമസ്തയെ തെറ്റിദ്ധരിപ്പിച്ച സ്വന്തം ഗ്രൂപ്പില്‍പ്പെട്ട, സ്വന്തം തട്ടകത്തില്‍പ്പെട്ട ആ വിരുതന്‍ ആര് ? അയാള്‍ക്കെതിരെ സി ബി ഐ എന്ത് കൊണ്ട് വലവിരിച്ചില്ല ?

7) ഖാസിയുടെ ഫോണിലേക്ക് വന്നിരുന്ന ഒരു ഫോണ്‍കോളിന്റെ ഉടമസ്ഥന്‍, ആ സമയം കാഞ്ഞങ്ങാട് ഹോസ്പിറ്റില്‍ ആയിരുന്നു. കാള്‍ വിളിച്ചത് കണ്ടെത്തിയത് വേറെ ഒരു പ്രദേശത്തു നിന്നും. കുറച്ച് കഴിഞ്ഞ് ആ ഫോണിന്റെ ഉടമസ്ഥന്‍ കുണിയയിലെ ഒരു ലോഡ്ജില്‍ മുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

ഇതൊക്കെ ഖാസിയുടേത് ഒരു കൊലപാതകമെന്നും അതിനെ തേച്ച് മായ്ച്ച് കളയാന്‍ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നും വ്യക്തമാക്കുന്ന സംഭവങ്ങള്‍. എന്നിട്ടും എത്ര എളുപ്പത്തില്‍ ആത്മഹത്യയാക്കി ഇത് അവസാനിപ്പിക്കാന്‍ ശ്രമം നടത്തി സി ബി ഐ.

8) നട്ടു നനച്ചു വളര്‍ത്തിയ സ്വന്തം പ്രസ്ഥാനക്കാരുടെ നിസ്സംഗതയും സംശയകരമായ മൗനവും എന്തിനു വേണ്ടി ? ആര്‍ക്കുവേണ്ടി ?

9) സി ബി ഐ ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു എതാനും മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു പ്രമുഖ പത്രം ഖാസിയുടേത് ആത്മഹത്യയെന്ന് സി.ബി. ഐ റിപ്പോര്‍ട്ട് തയ്യാറാക്കിയതായി പ്രധാന വാര്‍ത്ത കൊടുത്തപ്പോള്‍ ജനങ്ങള്‍ അമ്പരന്നു. ജനരോഷം വീണ്ടും ഉണര്‍ന്നു. ഉടനെ ബന്ധപ്പെട്ടവര്‍ സി.ബി ഐ യെ സമീപിച്ചു. നന്ദകുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ പറഞ്ഞത് ഞങ്ങള്‍ അങ്ങനെ ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല, അങ്ങനെയൊരു നിഗമനത്തില്‍ എത്തിയിട്ടില്ല എന്നുമാണ്. അതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ആ വാര്‍ത്തയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവുമില്ലെന്നും വേണമെങ്കില്‍ ആ പ്രമുഖ പത്രത്തിനെതിരെ കേസ് കൊടുത്തോളൂ എന്നായിരുന്നു സി.ബി.ഐ. യുടെ മറുപടി. അതുപ്രകാരം ആ പത്രത്തിനെതിരെ നിയമനടപടിയെടൂക്കുകയും ചെയ്തു.

ഇപ്രകാരം എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് വഞ്ചന തുടര്‍ന്ന സി. ബി.ഐ. അവസാനം ഹൈക്കോര്‍ട്ടിന്റെ സമ്മര്‍ദ്ധം വന്നപ്പോള്‍ സമര്‍പ്പിച്ചത് അന്നു ആ പ്രമുഖ പത്രം സൂചിപ്പിച്ച അതേ റിപ്പോര്‍ട്ട്. ഈ കള്ളക്കളികളും കരണം മറിച്ചിലുകളൂം ആര്‍ക്ക് വേണ്ടി.?

തെളിവുകള്‍ ഒട്ടനവധി ഇനിയും ബാക്കിയുണ്ട്.

No comments:

Post a Comment