Wednesday, January 19, 2011

നിബന്ധനകള്‍ പാലിച്ചാല്‍ ഐക്യത്തിന് തയ്യാര്‍ -സൈനുല്‍ ഉലമ

 
മലപ്പുറം : സുന്നി ഐക്യം യാഥാര്‍ഥ്യമാവുന്നതിന് സമസ്ത അങ്ങേയറ്റത്തെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരാണ് അതിന് വിലങ്ങുതടിയായതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. സുന്നി ഐക്യശ്രമങ്ങള്‍ നടന്നപ്പോഴെല്ലാം സമസ്ത തുറന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരുടെ കാലത്തൊക്കെ ഇതിനുള്ള ക്രിയാത്മക നീക്കങ്ങള്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നടന്ന ഐക്യശ്രമങ്ങളിലും സമസ്ത വിട്ടുവീഴ്ചാ മനോഭാവമാണ് പ്രകടിപ്പിച്ചത്.
സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതിന് നാല് നിബന്ധനകളാണ് സമസ്ത മുന്നോട്ടുവെച്ചത്. 
1-സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേര് ഉപയോഗിക്കാതെ അവര്‍ രജിസ്റ്റര്‍ചെയ്ത സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പേര് ഉപയോഗിക്കുക. 
2 - സമസ്തയുടെ സ്ഥാപനങ്ങള്‍ കൈയേറാതിരിക്കുക. 
3 - കൈയേറിയ സ്ഥാപനങ്ങള്‍ തിരിച്ചുനല്‍കുക. 
4-സമസ്തയ്ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കുക എന്നിവയാണ് നിബന്ധനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്ത കാന്തപുരം മര്‍ക്കസ് സമ്മേളനം വിജയിപ്പിക്കുക എന്ന ഒറ്റ അജന്‍ഡയുമായാണ് മുന്നോട്ടുപോയത്. നിബന്ധനകള്‍ക്ക് വിധേയമായി ഐക്യത്തിന് സമസ്ത ഇനിയും ഒരുക്കമാണെന്നും എന്നാല്‍ മറുപക്ഷത്തിന്റെ വഞ്ചനാപരമായ നടപടിയില്‍ വീഴാന്‍ സമസ്തയെ കിട്ടില്ലെന്നും ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു.

No comments:

Post a Comment