Wednesday, January 19, 2011

73ാം വയസ്സില്‍ ഫൈസി ആകുന്ന ബാപ്പുഹാജി ഏവര്‍ക്കും വിസ്മയമായി

  ഫൈസാബാദ് (പട്ടിക്കാട്): പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ നിന്നും മൌലവി ഫാസില്‍ ഫൈസി (എം.എഫ്.ബി) ബിരുദം ഏറ്റുവാങ്ങുന്ന പ്രായംകൂടിയ ഒ ബാപ്പു ഹാജി 73ാം വയസ്സില്‍ വിദ്യാര്‍ഥികള്‍ക്കു മാതൃകയാവുന്നു. കുട്ടിക്കാലത്തു കുടുംബത്തെയും കുട്ടികളെയും ശ്രദ്ധിക്കേണ്ടിവന്നതിനാല്‍ പഠനം മുടങ്ങിയ ഹാജിയുടെ മധുരമായ പ്രതികാരമാണ് തെന്നിത്യയിലെ ഉന്നത കലാലയത്തില്‍ നിന്നുള്ള ഈ ബിരുദം . മദ്രാസ് യൂനിവേഴ്സിറ്റിയുടെ വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രി രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ ഹാജി അടുത്ത കൊല്ലം ബി.എ ഫൈനല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ്.


തന്റെ സഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസം നല്‍കിയ ഹാജി ഇനി കെയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്നു സ്പോക്കണ്‍ അറബിക് പഠിക്കാനുള്ള മുന്നൊരുക്കത്തിലാണ്. പഴയ മാപ്പിളപാട്ടുകളും മാപ്പിള രാമായണവും മോയിന്‍കുട്ടി വൈദ്യര്‍ കാവ്യങ്ങളും നാട്ടുകാരനായ കവി സൈതാലിക്കുട്ടി സാഹിബിന്റെ കവിതകളും മനപാഠമുള്ള ഹാജി നല്ല ഒരു പ്രാസംഗികന്‍ കൂടിയാണ്.


വെട്ടത്തൂര്‍ പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പൂര്‍ണ്ണമായി അറിയുന്ന ഇദ്ദേഹം അതിര്‍ത്തി തര്‍ക്കങ്ങളും സ്വത്ത് വ്യവഹാരങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഇടപെടാറുണ്ട്. വെട്ടത്തൂര്‍ ഹൈസ്കൂളില്‍ നടന്ന ചരിത്ര സെമിനാറില്‍ മരണം വരെ പഠനം തുടരും എന്ന പ്രതിജ്ഞയാണു കുട്ടികള്‍ക്കു മുമ്പില്‍ ഓര്‍മ്മപ്പെടുത്തിയത്. എല്‍.എല്‍.ബി കൂടി എടുക്കണം എന്നാണു ഹാജിയുടെ അടുത്ത ലക്ഷ്യം.

No comments:

Post a Comment