Thursday, December 1, 2011

ഖാസി കേസ്: സി ബി ഐക്ക് ഹൈക്കോടതിയുടെ താക്കീത്


കാസര്‍കോട് : കോളിളക്കം സൃഷ്ടിച്ച ഖാസി കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് മൂന്നാം തവണയും സി ബി ഐ നിരാകരിച്ചു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 3 ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇല്ലാത്തപക്ഷം സി ബി ഐ യുടെ ചെന്നൈ റീജ്യണല്‍ ഡയരക്ടറെ കോടതിയിലേക്ക് വിളിച്ചു വരുത്തേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.


2010 ഫെബ്രുവരി 15 ന് ആണ് ചെമ്പരിക്ക -മംഗലാപുരം ഖാസിയും സമസ്ത സംസ്ഥാന ഉപാധ്യക്ഷനും സര്‍വ്വാദരണിയനുമായ സി എം അബ്ദുല്ല മൗലവിയെ ചെമ്പരിക്ക കടുക്കകല്ല് കടലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോള്‍ സി ബി ഐ ആണ് അന്വേഷിക്കുന്നത് ഒരു വര്‍ഷത്തിലധകമായി സി ബി ഐ അന്വേഷണം തുടരുന്നുണ്ടെങ്കിലും ദുരൂഹമരണത്തിന്റെ ചുരുളഴിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇതുവരെ സി ബി ഐ നടത്തിയ അന്വേഷണ വിവരങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ മുഹമ്മദ് ഷാഫി ദേളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി സ്വീകരിച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നവംബര്‍ 14 ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ സി ബി ഐ യെക്കു കഴിഞ്ഞില്ല. അന്വേഷണ റിപ്പോര്‍ട്ട് ചെന്നൈയില്‍ നിന്നു അയച്ചിട്ടുണ്ടെന്നും തപാല്‍ വൈകിയതിനാലാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വൈകുന്നതെന്നുമാണ് അന്ന് സി ബി ഐ ക്കു വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കൗണ്‍സിലര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ഇതംഗീകരിച്ച് കോടതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സാവകാശം ഇന്നലെ വരെ നല്‍കുകയും അന്വേഷണ ഉദ്യോഗസ്ഥനോട് അന്നു നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

എന്നാല്‍ ഇന്നലെ റിപ്പോര്‍ട്ട് ഹാജരാക്കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകാനോ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കോടതി അന്വേഷണ റിപ്പോര്‍ട്ട് മൂന്നിനു ഹാജരാക്കാനും അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്നും അല്ലാത്ത പക്ഷം റീജ്യണല്‍ ഡയരക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയത്.

ഇതിനിടയില്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്ന ഹര്‍ജിയില്‍ ഖാസി-സംയുക്ത സമര സമിതിയും കക്ഷി ചേര്‍ന്നു.

No comments:

Post a Comment