Tuesday, February 8, 2011

ശെഹീദേ മില്ലത്ത് സി.എം.ഉസ്താദിന്‍റെ ഓര്‍മ്മകളുമായി ആയിരങ്ങള്‍ മാഹിനാബാദില്‍

മാഹിനാബാദ് (ചട്ടഞ്ചാല്‍): ശെഹീദേ  മില്ലത്ത് ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ഓര്‍മ്മകളുമായി ആയിരങ്ങള്‍ എം.ഐ.സി മാഹിനാബാദ് കാമ്പസില്‍ , അദ്ദേഹത്തിന്‍റെ ഒന്നാം ആണ്ടുനെര്ച്ചയില്‍  ഒത്തുകൂടി.  മതത്തിന്റെ മാത്രമല്ല ഭൗതീകതയുടെയും എല്ലാ മേഖലകളില്‍ പാണ്ഡിത്യത്തിന്റെ  കരുത്ത്‌ തെളിയിച്ച പണ്‌ഡിതനായിരുന്നു ബഹുവന്ദ്യരായ ശഹീദെ മില്ലത്‌ ശൈഖുനാ സി.എം അബ്‌ദുല്ല മൗലവിയെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത ഖാസിയും  സമസ്ത കേന്ദ്ര മുശാവറാംഗവുമായ സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആണ്ടു നേര്‍ച്ച-അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം ഉസ്‌താദിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചവര്‍ ആര്‌ തന്നെയായാലും അവരെ ജനത്തിന്റെ മുന്നില്‍ എത്രയും പെട്ടെന്ന്‌ കൊണ്ട്‌ വരപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസി ത്വാഖ അഹ്‌മദ്‌ മൗലവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എം ഉസ്‌താദിന്റെ ചിരകാല സുഹൃത്തും സമസ്‌ത വിദ്യഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയും കൂടിയായ പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍ അനുസമരണ പ്രഭാഷണം നടത്തി. സി.എം ഉസ്‌താദിന്റെ വേര്‍പാട്‌ ലോക ജനതയുടെ നൊമ്പരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. യു.എം അബ്‌ദുറഹ്‌മാന്‍ മൗലവി സ്വാഗതം പറഞ്ഞു.
കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വി.സി ഡോ: ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌വി, കെ.എസ്‌ അലി തങ്ങള്‍ കുമ്പോല്‍, നീലേശ്വരം ഖാസി ഇ.കെ മഹ്‌മൂദ്‌ മുസ്‌ലിയാര്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഖത്തര്‍ ഇബബ്രാഹീം ഹാജി, കെ. മൊയതീന്‍ കുട്ടി ഹാജി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, സി.കെ.കെ മാണിയൂര്‍, ചെര്‍ക്കളം അബ്‌ദുല്ല ഹാജി, എ.ഹമീദ്‌ ഹാജി, പി.ബി അബ്‌ദുറസ്സാഖ്‌, ബഷീര്‍ വെള്ളിക്കോത്ത്‌, ചെര്‍ക്കളം അഹ്‌മദ്‌ മുസ്‌ലിയാര്‍, എം.എസ്‌ മുഹമ്മദ്‌ കുഞ്ഞി, സുല്‍ത്താന്‍ കുഞ്ഞ്‌ അഹ്‌മദ്‌ ഹാജി, സിദ്ധീഖ്‌ നദ്‌വി ചേരൂര്‍, ചെറിക്കോട്‌ അബ്‌ദുല്ല കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്‌, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, അഡ്വ.സി.എന്‍ ഇബ്രാഹിം, പി.സി അബ്‌ദുസ്സലാം ദാരിമി, ഹനീഫ് ഹുദവി, ശാഫി ഹാജി ബേക്കല്‍, സാലിഹ്‌ മൗലവി, പാദൂര്‍ കുഞ്ഞാമു ഹാജി എന്നിവര്‍ പ്രസംഗിച്ചു.
 സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ദിക്ര്‍ ദുആ  മജ്‌ലിസിന്‌ നേത്രത്വം നല്‍കി.‌ ശേഷം അന്നദാനത്തോടെ ശഹീദേ മില്ലത്ത്‌ ഖാസി സി.എം അബ്ദുല്ല മൌലവിയുടെ ഒന്നാം ആണ്ടുനേര്‍ച്ചക്ക്‌ സമാപനം കുറിക്കപ്പെട്ടു.

No comments:

Post a Comment