Monday, October 31, 2011

ലീഗിന് മേല്‍ വിലാസമുണ്ടായതെങ്ങനെ?

sathyadhara1
Sathyadhara


സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കലുഷിത ചുറ്റുപാടില്‍ മുസ്‌ലിം സമുദായത്തിന്റെ ഭാവി തിരിച്ചറിഞ്ഞുകൊണ്ടുള്ള ബുദ്ധിപരമായ ഒരു നീക്കമായിരുന്നു മുസ്‌ലിംലീഗിന്റെ സംഘാടനം.
വിഭജനത്തിന്റെയും മലബാര്‍ കലാപത്തിന്റെയും അനന്തരമായി വന്ന
അരക്ഷിതാവസ്ഥയില്‍ നിന്ന്‌ മുസ്‌ലിം ഉമ്മത്തിന്റെ അസ്‌തിത്വം വീണ്ടെടുക്കാന്‍ ജനാധിപത്യത്തിലൂടെയുള്ള പരിശ്രമങ്ങള്‍ എങ്ങനെയെന്ന ചിന്തയായിരിക്കാം മതേതരരാജ്യത്ത്‌ മുസ്‌ലിംകള്‍ക്കൊരു രാഷ്‌ട്രീയ പാര്‍ട്ടി രൂപവല്‍ക്കരണത്തിലെത്തിച്ചത്‌. മുസ്‌ലിംകള്‍ ന്യൂനപക്ഷമായിരിക്കെ എങ്ങനെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയും?



ദേശീയ മതേതര രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ പകരം ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യത്തില്‍ ന്യൂനപക്ഷ സമുദായം സ്വന്തം രാഷ്‌ട്രീയവുമായി സംഘടിച്ചാല്‍ സമുദായത്തിന്‌ എന്ത്‌ ഗുണമാണ്‌ ലഭിക്കുക? ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചുകൊണ്ടാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ മുസ്‌ലിംലീഗിനെ പടുത്തുയര്‍ത്താന്‍...



അന്നത്തെ സാത്വികരായ നേതാക്കള്‍ ശ്രമിച്ചത്‌. ഒന്നാമതും രണ്ടാമതും മുസ്‌ലിമാവുക. പിന്നെ മുസ്‌ലിംലീഗുകാരനാവുക എന്നതായിരുന്നു അവരുടെ സന്ദേശം. ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനങ്ങളെ അംഗീകരിച്ചുകൊണ്ട്‌ മുസ്‌ലിംകള്‍ രാഷ്‌ട്രീയമായി സംഘടിക്കേണ്ടതിന്റെ താല്‍പര്യം, നമുക്ക്‌ രാജ്യത്ത്‌ മുസ്‌ലിമായി ജീവിക്കാന്‍ സാധ്യമാവുകയും വിശുദ്ധ ദീനില്‍ നിലനില്‍ക്കാനാവശ്യമായ ഭരണഘടനാപരമായ സംരക്ഷണം നേടുകയുമാണ്‌. അതിന്‌ നിയമനിര്‍മ്മാണ സഭകളില്‍ നമ്മുടേതായ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യവും ബോധവുമുള്ള പ്രതിനിധികള്‍ എത്തിച്ചേരണം. എല്ലാ വിഭാഗം ജനങ്ങളും അണിനിരന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ നമ്മുടെ സമുദായത്തിന്റെ അവകാശത്തിനും ശരീഅത്തിന്റെ സംരക്ഷണത്തിനും വേണ്ടി വാദിക്കാന്‍ പരിമിതികളുണ്ടാകും. എന്നാല്‍ അതിനുവേണ്ടിതന്നെ ഒരു രാഷ്‌ട്രീയ സംഘശക്തി നിലനിന്നാല്‍...

കാലകാലം മുസ്‌ലിം ഉമ്മത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്‌ അത്‌ സഹായകമാകും. വിദ്യാഭ്യാസവും മറ്റു ഭൗതിക പുരോഗതികളുമൊക്കെ അനുബന്ധ അജണ്ടകളായി നിര്‍വ്വഹിക്കപ്പെടുകയും ചെയ്യും.
എന്നാല്‍ ഒരു ബഹുമത ജനാധിപത്യ സമൂഹത്തില്‍ മുസ്‌ലിംകള്‍ ഇങ്ങനെ സംഘടിക്കുന്നത്‌ ആര്‍ക്കും അലോസരം ഉണ്ടാക്കേണ്ടതുമില്ല. വഴികളിലൂടെ മുസ്‌ലിംലീഗ്‌ രാഷ്‌ട്രീയം കടന്നുവന്നതില്‍ അനിഷേധ്യമായ ഒരു ആത്മീയ സാന്നിധ്യമുണ്ട്‌. ഓരോരുത്തരുടേയും വിശ്വാസവും അതിന്റെ സംരക്ഷണവും എന്ന ബോധം നിലനില്‍ക്കണമെങ്കില്‍ അതിന്‌ കേവല ഭൗതിക രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്ന്‌ ഭിന്നമായി ആത്മീയതയുടെ ശക്തമായ സാന്നിധ്യവും ഇടപെടലും അനിവാര്യമാണ്‌. അതാണ്‌ മുസ്‌ലിംലീഗിനെ എക്കാലത്തും പച്ചപിടിച്ച്‌ നിര്‍ത്താന്‍ പ്രചോദകമായത്‌. സയ്യിദ്‌ അബ്‌ദുര്‍റഹിമാന്‍ ബാഫഖിതങ്ങള്‍, പി എം എസ്‌ പൂക്കോയതങ്ങള്‍ തുടങ്ങിയവരുടെ ആത്മീയ നേതൃത്വം, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെപ്പോലെയുള്ളവരുടെ പണ്ഡിത നേതൃത്വം, സീതിസാഹിബ്‌, സി എച്ച്‌ മുഹമ്മദ്‌കോയ സാഹിബ്‌ തുടങ്ങിയവരുടെ ബൗദ്ധിക നേതൃത്വം ഇതിന്റെയെല്ലാം സമന്വയമാണ്‌ മുസ്‌ലിംലീഗ്‌ രാഷ്‌ട്രീയത്തിന്റെ കരുത്തിന്‌ അണിയറയിട്ടത്‌.
ഇതിന്റെ തുടര്‍ച്ചയാണ്‌ പലപ്രതികൂലമായ സാഹചര്യങ്ങളേയും അതിജയിക്കാന്‍ പാര്‍ട്ടിയെ പ്രാപ്‌തമാക്കുന്നതും. ഇതൊക്കെ വസ്‌തുതകളായി അംഗീകരിച്ചുകൊണ്ട്‌ തന്നെ മുസ്‌ലിംലീഗിന്റെ മാത്രമായുള്ള സവിശേഷമായ സംഘശേഷി ഇപ്പോള്‍ എതിരാളികള്‍പോലും അംഗീകരിച്ചിരിക്കുന്നു. സി പി എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ തുറന്നു സമ്മതിച്ചത്‌ അതായിരുന്നു. ``ലീഗ്‌ മുസ്‌ലിം സമുദായത്തില്‍ വലിയ സ്വാധീനശക്തിയായി വളരാന്‍ കാരണം, മുസ്‌ലിം ഒരു ന്യൂനപക്ഷ വിഭാഗം എന്ന നിലയില്‍ അതിലെ സംഘടനകളുടെ ഒരു പ്രധാന പങ്കുണ്ട്‌. സംഘടനകളില്‍ ഒരു സംഘടന ലീഗിനൊപ്പം നേരത്തെത്തന്നെ ഉറച്ചുനില്‍ക്കുന്നു. പിന്നെ ലീഗ്‌ നേതൃത്വത്തിന്‌ ഒരു ആധ്യാത്മിക പരിവേഷംകൂടി ചാര്‍ത്തപ്പെട്ടിട്ടുണ്ട്‌. പൊളിറ്റിക്കല്‍ കക്ഷി എന്നനിലയില്‍ ഒരു വിഭാഗം. എന്നാല്‍ മറ്റൊരുവശത്ത്‌ പൂര്‍ണ്ണമായും ആധ്യാത്മികതയുടെ പരിവേഷമുണ്ട്‌. (മാധ്യമം ആഴ്‌ചപ്പതിപ്പ്‌ 2011, ആഗസ്റ്റ്‌ 22).
ഇന്ത്യയുടെ മതേതര ജനാധിപത്യത്തില്‍ ഇടപെടാവുന്ന വിധത്തില്‍ തന്നെ ആധ്യാത്മിക പശ്ചാത്തലം സൃഷ്‌ടിക്കപ്പെട്ടത്‌ എങ്ങനെയാണെന്ന്‌ ഇന്നത്തെ തലമുറ അന്വേഷണവിധേയമാക്കേണ്ടതുണ്ട്‌. മതപരമായൊരു സാമൂഹ്യ ചുറ്റുപാട്‌ വളര്‍ത്തിയെടുക്കുന്നതിനു ആത്മീയ നേതാക്കളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സ്വഭാവ ഗുണം കേരള മുസ്‌ലിംകളെ പഠിപ്പിച്ചുവളര്‍ത്തിയത്‌ ആരാണെന്ന്‌ ഒരിക്കലും വിസമരിച്ചുകൂടാത്തതാണ്‌. ഒരു സംഘടനയെപ്പോഴും ലീഗിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന പിണറായി വിജയന്റെ കണ്ടെത്തലുകള്‍ക്കപ്പുറം സവിശേഷമായ സാമൂഹ്യബോധം കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉറപ്പിച്ച്‌ നിര്‍ത്തിയതില്‍ സംഘടനയുടെ പങ്ക്‌ നിഷേധിക്കാനും കഴിയില്ല.


ക്രിയാത്മക മുന്നേറ്റത്തിന്‌ അവസരമൊരുക്കിയ ആത്മീയ പരിവേഷം തകര്‍ക്കാനുള്ള ശ്രമങ്ങളും കാണാതിരുന്നുകൂട. പ്രവാചക പരമ്പരയില്‍പെട്ട സയ്യിദന്‍മാര്‍ നേതൃപദവി അലങ്കരിക്കുകയും അതിന്റെ പുണ്യവും മഹത്വവും അംഗീകരിച്ച്‌ കൂടെനില്‍ക്കുന്നവരും അതില്‍ വിശ്വാസമില്ലാതെ കേവലരാഷ്‌ട്രീയമെന്ന നിലയില്‍ കൂടെ നില്‍ക്കുന്നവരുമുണ്ട്‌. രണ്ട്‌ ധാരകളും നല്‍കിയ സംഭാവനയിലും അതിന്റെ വ്യത്യസ്‌തകള്‍ നിഴലിച്ചു കാണാം. യാഥാര്‍ത്ഥ്യബോധം ഉണ്ടായതുകൊണ്ടുതന്നെ കേരള മുസ്‌ലിംകള്‍ക്ക്‌ വിശ്വാസ, കര്‍മ്മ മേഖലകളില്‍ കഴിഞ്ഞ എട്ടര പതിറ്റാണ്ട്‌ നേതൃത്വം നല്‍കിയ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഹ്വാനങ്ങളും താക്കീതുകള്‍ ഉള്‍ക്കൊള്ളാന്‍ രാഷ്‌ട്രീ നേതൃത്വം പക്വതകാണിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയ ലാഭത്തിനപ്പുറം മതത്തിന്റെയും സമുദായത്തിന്റെയും പൊതു താല്‍പര്യം മാനിച്ച്‌ നിലപാടുകളുമായി സമസ്‌ത മുന്നോട്ടുപോകുമ്പോള്‍ സമസ്‌തയുടെ ലേബല്‍ ഉപയോഗിച്ചുകൊണ്ടുള്ള ലീഗ്‌ വിരുദ്ധ നീക്കങ്ങളെ വളരെ കണിശതയോടുകൂടിയാണ്‌ സമസ്‌തയുടെ നേതാക്കള്‍ നേരിട്ടത്‌.

1979-ല്‍ സമസ്‌ത ഒരു രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കണം അല്ലെങ്കില്‍ സുന്നി യുവജന സംഘത്തെ ഒരു രാഷ്‌ട്രീയ വിഭാഗമാക്കണം എന്ന ആവശ്യവുമായി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള നീക്കം മുശാവറ തള്ളിയതോടെ ഇന്നോളം ലീഗ്‌വരുദ്ധ രാഷ്‌ട്രീയത്തിന്റെ വഴികളില്‍ അടവ്‌ നയവുമായി അദ്ദേഹം സഞ്ചരിച്ചു. നീക്കങ്ങള്‍ ശക്തിപ്പെട്ടതോടെ മുസ്‌ലിംലീഗ്‌ നേതൃത്വം തന്നെ വ്യക്തമായ നിലപാട്‌ സ്വീകരിക്കുകയും പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ``മുസ്‌ലിം ഐക്യത്തെ അവഗണിച്ച കാന്തപുരം പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഘടിത വിഭാഗം സുന്നികള്‍ നടത്തുന്ന യാതൊരു പരിപാടികളിലും മുസ്‌ലിംലീഗ്‌ പ്രവര്‍ത്തകരോ അനുഭാവികളോ സഹകരിക്കരുതെന്ന്‌ അണികളോട്‌ ആഹ്വാനം ചെയ്‌തു. (ചന്ദ്രിക ദിനപത്രം 1989 ജനുവരി 18)
എന്നാല്‍ ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും ജയിക്കുന്ന കക്ഷിയുടെ ഭാഗത്ത്‌ നിന്ന്‌ ശീലിക്കുകയും കപടരാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ആള്‍രൂപമായി മാറുകയും ചെയ്‌ത കാന്തപുരത്തോട്‌ മുസ്‌ലിംലീഗിന്റെ നിലപാട്‌ മാറ്റമില്ലാതെ തുടര്‍ന്ന്‌ വന്നു. 2004 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ തോല്‍വിയില്‍ അഹങ്കരിക്കാനും കാന്തപുരത്തിനുള്ളിലെ ലീഗ്‌ വിരുദ്ധന്‍ തിടുക്ക്‌കാട്ടി. അന്ന്‌ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ നിലപാട്‌ അക്കാലത്ത്‌ വ്യക്തമാക്കുകയും ചെയ്‌തു. ``കാന്തപുരം പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമായി ലീഗിന്‌ അടിസ്ഥാന പരമായിത്തന്നെ വിയോജിപ്പുകളുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയിലുണ്ടായ തോല്‍വി ആരുടെയെങ്കിലും ശക്തികൊണ്ടാണെന്ന മിഥ്യാധാരണ ലീഗിനില്ല. അത്‌ കേരളമാകെ പ്രതിഫലിച്ച തരംഗമാണ്‌. ഒരു മണ്ഡലത്തില്‍ മാത്രം ഒരു വിഭാഗത്തിന്റെ കഴിവ്‌ കൊണ്ടാണെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. (പി കെ കുഞ്ഞാലിക്കുട്ടി - 2004 ജൂലായ്‌ 13 ചന്ദ്രിക ദിനപത്രം)
കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലും പൊന്നാനിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അവിടെ ടി മുഹമ്മദ്‌ ബഷീര്‍ വിജയിച്ചപ്പോള്‍ കാന്തപുരം അവകാശവാദം ഉന്നയിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞ മുസ്‌ലിംലീഗ്‌ നേതാക്കള്‍ അത്‌ തുറന്നുപറയാന്‍ ഒരിക്കലും വൈമനസ്യം കാണിച്ചിട്ടില്ല. അന്നത്തെ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറിമാരിലൊരാളായ ഡോ. എം. കെ മുനീര്‍ പറഞ്ഞു: ``ഓരോതെരഞ്ഞെടുപ്പ്‌ കഴിയും തോറും ദൃഡമാക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഒരു മിഥ്യയായിരുന്നു പി സുന്നികള്‍ എന്നറിയപ്പെടുന്ന കാന്തപുരം വിഭാഗത്തിന്റെ വോട്ടുബാങ്കിനെ കുറിച്ചുള്ള സങ്കല്‍പം. തന്റെ സ്ഥാനാര്‍ത്ഥിത്വം ഇസ്‌ലാമിന്‌ വേണ്ടിയുള്ള ജിഹാദാണെന്നും താന്‍ കറകളഞ്ഞ പി സുന്നിയാണെന്നും സി. പി. എം സ്ഥാനാര്‍ത്ഥി ടി. കെ. ഹംസ, കാന്തപുരം വിഭാഗം എന്ന അയഥാര്‍ത്ഥ വോട്ടുവൃക്ഷത്തെ ആശ്ലേഷിച്ച്‌ പറഞ്ഞതും മിഥ്യാധാരണ അന്തമായി സാംശീകരിച്ചതുകൊണ്ടായിരുന്നു. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക്‌ ഒരു വോട്ടുബാങ്കില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. വ്യത്യസ്‌ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന ആയിരക്കണക്കിന്‌ പേരുടെ സംഘാതമാണ്‌ കാന്തപുരം പി വിഭാഗം. കാന്തപുരത്തെ തങ്ങളുടെ സംഘടനാ മേധാവിയായി കാണുമ്പോള്‍ തന്നെ വ്യത്യസ്ഥ രാഷ്‌ട്രീയ രഥങ്ങളില്‍ ചലിക്കുന്നവരാണ്‌ അനുയായികള്‍.. അതുകൊണ്ടാണ്‌ മറ്റുചിലരെപ്പോലെ പത്രസമ്മേളനം നടത്തി വോട്ട്‌ ഇന്നകക്ഷിക്കാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കാന്‍ അദ്ദേഹം ബോധപൂര്‍വ്വം മുതിരാത്തത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2009, മെയ്‌ 31,. ജൂണ്‍ 6)
ഓരോ തെരഞ്ഞെടുപ്പ്‌ വരുമ്പോഴും വിജയസാധ്യതക്കനുസരിച്ച്‌ കാല്‌ മാറ്റിച്ചവിട്ടി ഭരണപക്ഷത്തിന്റെ ഓരംപറ്റി നില്‍ക്കുന്ന കാന്തപുരത്തെ വൈകിയാണെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറിയും തിരിച്ചറിഞ്ഞു. ``അവരോട്‌ മുസ്‌ലിലീഗൊക്കെ കാണിച്ച അനീതി പരിഹരിച്ച്‌ കൊടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വിചിത്രമായ നിലപാടാണ്‌ അവരുടെ ഭാഗത്തുനിന്നുണ്ടായത്‌. അത്‌ സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തതും അവര്‍ക്കുണ്ട്‌ എന്ന്‌ നാമെല്ലാം കാണുന്ന മാന്യതക്ക്‌ നിലക്കാത്തതുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഘട്ടംവരെ, തെരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുമ്പ്‌ ഞങ്ങളുമായി സംസാരിക്കുമ്പോള്‍ അവരടക്കം ഞങ്ങളോട്‌ പറഞ്ഞത്‌ ലോകസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും പോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പെന്നും. അപ്പോള്‍ ഞങ്ങള്‍ക്ക്‌ വ്യക്തമായ നിലപാടുണ്ടാവും. അത്‌ നിങ്ങളുടെ കൂടെത്തന്നെയായിരിക്കും എന്ന്‌ ശക്തമായി പറഞ്ഞതാണ്‌'' (മാധ്യമം ആഴ്‌ചപ്പതിപ്പ്‌ 2011 ആഗസ്റ്റ്‌ 22 പിണറായി വിജയന്‍).
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ടി മുഹമ്മദ്‌ ബഷീറും ഡോ. എം കെ മുനീറുമൊക്കെ പരാജയപ്പെട്ടപ്പോള്‍ മുസ്‌ലിംലീഗിന്റെ രണ്ട്‌ ദിവസം നീണ്ടുനിന്ന ശ്രദ്ധേയമായ കോട്ടക്കല്‍ യോഗത്തില്‍ പറഞ്ഞതായി പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ ഉദ്ധരിച്ച്‌ വന്ന വസ്‌തുത ഇപ്പോള്‍ പിണറായി വിജയന്‍ തിരിച്ചറിഞ്ഞുവെന്നേയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ട്‌ മുമ്പും പ്രസ്‌തുത ലീഗ്‌ നേതാവിനെ കാന്തപുരം ബന്ധപ്പെടുകയും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ നമുക്കൊരു സിറ്റിംഗ്‌ വേണമെന്നും ഇത്തവണ ഞാന്‍ യു ഡി എഫിനൊപ്പമാണെന്നും വാഗ്‌ദാനം ചെയ്‌തു. ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ തന്റെ വാഗ്‌ദാനം ആവര്‍ത്തിക്കുകയും ചെയ്‌തു. പക്ഷേ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുകയും അവകാശവാദവുമായി മറുപക്ഷം ചേരുകയും ചെയ്‌ത കാന്തപുരത്തെ വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും ഫ്രോഡാണെന്നും വരെ കോട്ടക്കല്‍ യോഗത്തില്‍ പരാമര്‍ശിക്കേണ്ടിവന്നത്‌ നാലാംകിട ഉത്തരേന്ത്യന്‍ കാല്‌ മാറ്റക്കാരെയും കടത്തിവെട്ടുന്ന കാന്തപുരത്തിന്റെ അടവുനയംകൊണ്ടാണ്‌.

കേരള മുസ്‌ലിംകള്‍ നേരത്തെ തിരിച്ചറിഞ്ഞ കാന്തപുരത്തെ യു ഡി എഫും ഇപ്പോള്‍ എല്‍ ഡി എഫും സാക്ഷാല്‍ പിണറായിയും ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു. മതവിശ്വാസികള്‍ക്കിടയില്‍ നേരത്തെ വിശ്വസ്‌തയില്ലാത്ത ഇദ്ദേഹം ഇപ്പോള്‍ രാഷ്‌ട്രീയക്കാര്‍ക്കിടയിലും എടുക്കാത്ത നാണയമായി മാറി. അവസാനം പ്രവാചകര്‍ () യുടെ പേരില്‍ ചൂഷണവും തട്ടിപ്പും നടത്താന്‍ ധാഷ്‌ട്യം കാണിച്ച്‌ രംഗത്തുവന്നപ്പോള്‍ പൊതു സമൂഹത്തിലും ഇദ്ദേഹത്തിന്റെ വില ഇടിഞ്ഞുതുടങ്ങി. വ്യാജമായ ഒരു സംഘടനയിലൂടെ രംഗത്ത്‌ വന്ന്‌ ഒരു വ്യാജ രോമത്തില്‍ മാത്രം അവശേഷിക്കുന്ന അദ്ദേഹത്തെ ഇപ്പോള്‍ ആര്‍ക്കെങ്കിലും പരിഗണിക്കണമെന്ന്‌ തോന്നുന്നുവെങ്കില്‍ അവരെ സൂക്ഷിക്കണം! അത്‌ സമുദായ താല്‍പര്യമോ രാഷ്‌ട്രീയ താല്‍പര്യമോ അല്ല. കേള്‍ക്കാനും കാണാനുമറക്കുന്ന എന്തെങ്കിലും ആര്‍ക്കെങ്കിലും മറച്ചുവെക്കാനുണ്ടെങ്കില്‍ അതിനൊരു സമുദായത്തേയോ അതിന്റെ സംഘശക്തിയേയോ കുരുതികൊടുക്കരുത്‌. ചരിത്രം മറക്കരുത്‌.
1988 ഡിസംബര്‍ 23ന്‌ കേരളത്തില്‍ അന്ന്‌ ജീവിച്ചിരുന്ന ഏറ്റവും മഹാനായ പണ്ഡിതനും സൂക്ഷ്‌മശാലിയുമായ റഹീസുകല്‍ മുഹഖിഖീന്‍ എന്ന്‌ പണ്ഡിതരാല്‍ വിളിക്കപ്പെട്ട കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്‌ലിയാര്‍ പതിനായിരങ്ങളെ ആമീന്‍ ചൊല്ലിപ്പിച്ച്‌ നടത്തിയ പ്രാര്‍ത്ഥന ``സമസ്‌തക്കെതിരെ കേസ്‌ കൊടുത്തവര്‍ക്ക്‌ ആരും ഒത്താശ ചെയ്‌തുകൊടുക്കരുത്‌. സമസ്‌തക്കെതിരെ കേസ്‌ കൊടുത്തവരെ അല്ലാഹു മുഖം കെടുത്തട്ടെ! അവരേയും അവരുടെ അഹ്‌ലുകാരെയും അല്ലാഹു ഖൈറിലാക്കാതിരിക്കട്ടെ.''


കേസ്‌ കൊടുത്തവര്‍ ഇന്നും കേസുകളുമായി നടക്കുന്നു. അവര്‍ക്കൊത്താശ ചെയ്‌തുകൊടുക്കുന്നതും അവരുടെ അഹ്‌ലുകാരാകുന്നതും സൂക്ഷിച്ചാല്‍ നല്ലത്‌. `` സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരോടൊപ്പം നിലകൊള്ളുകയും ചെയ്യുക.'' വിശുദ്ധ ഖുര്‍ആന്‍ 9: 119)
(-സത്താര്‍ പന്തല്ലൂര്‍ സത്യധാര)http://www.sathyadhara.com/

No comments:

Post a Comment