Wednesday, May 18, 2011

അക്ഷര വിപ്ലവത്തിന്റെ കാഹളം മുഴക്കി ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമാപിച്ചു


മലപ്പുറം : വൈജ്ഞാനിക വിപ്ലവത്തിന്റെ പുതിയ കാഹളം മുഴക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ പ്രൗഡോജ്ജ്വല സമാപനം. അറിവിന്റെയും തിരിച്ചറിവിന്റെയും മൂന്ന്‌ ദിനരാത്രങ്ങള്‍ക്കു ശേഷം ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്ന സമാപന മഹാസമ്മേളനത്തോടെയാണ്‌ ആഘോഷങ്ങള്‍ക്ക്‌ തിരശ്ശീല വീണത്‌. ഹിദായാ നഗറിന്റെ മണ്ണും മനവും കവര്‍ന്നെടുത്ത്‌ ദാറുല്‍ ഹുദായുടെ അങ്കണത്തില്‍ ഒരുമിച്ചു കൂടിയ ജനസഞ്ചയം കേരള ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്നതായിരുന്നു. രണ്ടര പതിറ്റാണ്ടു കാലം കേരളീയ മുസ്‌ലിം വിദ്യാഭ്യാസത്തിന്‌ പകര്‍ന്ന ഈ അറിവിന്റെ തിരിവെട്ടം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കാന്‍ ഈ മഹാസംഗമത്തില്‍ ദാറുല്‍ ഹുദാ പ്രതിജ്ഞയെടുത്തു.

നോര്‍വേയിലെ സ്‌കാന്റിനേവിയന്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. സാമിര്‍ മുദ്‌ഹിര്‍ കണ്ടാക്‌ജി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രൊചാനസലറും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ എം.എ യൂസുഫലി, പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായിരുന്നു. ദാറുല്‍ ഹുദായുടെ ബംഗാള്‍ പ്രോജക്‌ട്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അവതരിപ്പിച്ചു.
വ്യാഴായ്‌ച വൈകീട്ട്‌ നടന്ന ബഹുജന വിളംബര ജാഥയോടെ തുടക്കം കുറിച്ച വൈജ്ഞാനിക സംഗമമാണ്‌ ഇതോടെ സമാപിച്ചത്‌. സമ്മേളന വിളംബരമറിയിച്ച്‌ ചെമ്മാട്‌ നഗരത്തില്‍ നടന്ന ജാഥയില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കം ആയിരത്തോളം പേര്‍ അണിനിരന്നിരുന്നു. വെള്ളിയാഴ്‌ച വൈകീട്ട്‌ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തി. മഹാരാഷ്‌ട്രാ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണനാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌.
തുടര്‍ന്ന്‌ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വൈജ്ഞാനിക സംവേദനങ്ങളുടെയും മൂന്നു ദിനരാത്രങ്ങളായിരുന്നു കടന്നുപോയത്‌. വിവിധ വിഷയങ്ങളിലുള്ള പഠനശിബിരങ്ങളും സെമിനാറുകളും അരങ്ങേറിയ സമ്മേളനം ഉദ്‌ഘാടനദിനം മുതല്‍ തന്നെ ജനബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിന്റെ വ്യത്യസ്‌ത സെഷനുകളില്‍ യമന്‍, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്‌, ന്യൂസിലാന്റ്‌, സുഡാന്‍, നോര്‍വേ, തുര്‍ക്കി തുടങ്ങിയ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടായിരത്തോളം ക്യാമ്പ്‌ പ്രതിനിധികള്‍ സമ്മേളനത്തിലെ സ്ഥിരാംഗങ്ങളായിരുന്നു.
സമ്മേളനത്തിലെ ശ്രദ്ധേയ ഇനമായിരുന്ന ദേശീയ സംഗമം ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവി മുന്നേറ്റത്തിന്‌ പുതിയ പ്രതീക്ഷകള്‍ നല്‍കി. ദേശീയ മുസ്‌ലിംകള്‍ കേരളീയ മാതൃക സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു. കേരളത്തിലെ വൈജ്ഞാനിക രംഗത്ത്‌ വിപ്ലവം സൃഷ്‌ടിച്ച മത-ഭൗതിക സമന്വയ രീതിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദാറുല്‍ ഹുദായുടെ കീഴില്‍ ഇതര സംസ്ഥാങ്ങളിലും ആരംഭിക്കുമെന്ന ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളുടെ പ്രഖ്യാപനവും വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അവതരിപ്പിച്ച ബംഗാള്‍ പ്രോജക്‌ടും ഈ പ്രതീക്ഷകള്‍ക്ക്‌ ശക്തി പകരുന്നതായിരുന്നു. ദേശീയ സംഗമത്തിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌, നാഷണല്‍ സ്റ്റുഡന്റ്‌സ്‌ മീറ്റ്‌, ഉര്‍ദു മീഡിയാ ഡയസ്‌ എന്നിവയും അരങ്ങേറി.
സമ്മേളനത്തിനു മുന്നോടിയായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന `നസ്‌ര്‍' ഡോക്യുമെന്ററി പ്രദര്‍ശനവും ശ്രദ്ധയാകര്‍ഷിച്ചു. മുസ്‌ലിം പൈതൃകങ്ങളുടെയും ഇസ്‌ലാമിക കലകളുടെയും നേര്‍ക്കാഴ്‌ചയായിരുന്നു രണ്ടു ദിവസം നീണ്ടുനിന്ന ഡോക്യു ഫെസ്റ്റ്‌. 
ലോക മുസ്‌ലിംകളുടെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ചചെയ്‌ത `മുസ്‌ലിം ലോകം ദൂരക്കാഴ്‌ച' അവലോകന സെമിനാര്‍, ആധ്യാത്മികതയുടെ അകപ്പൊരുളുകള്‍ തേടിയ ആത്മീയ സംഗമം, ഇസ്‌ലാമിക സാമ്പത്തിക സെമിനാര്‍, ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌, അഹ്‌ലുസ്സുന്ന ആശയ സംവേദനം, സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സെമിനാര്‍, പ്രഭാത ചിന്ത എന്നിവയും സമ്മേളനത്തിലെ ശ്രദ്ധേയ ഇനങ്ങളായിരുന്നു. വിവിധ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ഗവേഷക പണ്ഡിതരും സെമിനാറുകളില്‍ പഠനപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇസ്‌താംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി പ്രതിനിധികളായ ആകിഫ്‌ കനാലിസി, അബൂദര്‍ അകികോസ്‌, അബ്‌ദുല്‍ കരീം എ. സ്വമദ്‌ ന്യൂസിലാന്റ്‌, ഡോ. മുസ്‌തഫാ നജ്‌മുല്‍ ഖാദിരി, ഇ.ടി.വി ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍, ഡോ. ഹാഫിസ്‌ അഹ്‌മദ്‌ ഹസന്‍ റസ്‌വി ഹൈദരാബാദ്‌, ഡോ. അബ്‌ദുല്ല തമിഴ്‌നാട്‌, മുസ്‌ലിം ലീഗ്‌ സംസ്ഥാന ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്‌ദുസ്സമദ്‌ സമദാനി, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പുമുസ്‌ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഹാജി യു. മുഹമ്മദ്‌ ശാഫി, അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്‌, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്‌ എന്നിവര്‍ പ്രസംഗിച്ചു.


മലപ്പുറം : പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ തലങ്ങളില്‍ നമുക്ക്‌ നഷ്‌ടപ്പെട്ട ശോഭനമായ അസ്‌തിത്വം വീണ്ടെടുക്കാനുള്ള തുടര്‍ ചലനങ്ങളാണ്‌ ഇനി നമ്മുടെ ഭാഗത്ത്‌ നിന്നുണ്ടാകേണ്ടതെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമാപന മഹാ സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കാനും അതിലൂടെ പുതിയ ലോകക്രമങ്ങള്‍ സൃഷ്‌ടിക്കാനും നമുക്ക്‌ കഴിയണം. ചരിത്രത്തിലെ സുവര്‍ണകാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ വേഗവും തിടുക്കവും കൂട്ടണമെന്നും അങ്ങനെ പരസ്‌പരം മനസ്സിലാക്കുന്ന സമൂഹമായി പുനര്‍ജനിക്കണമെന്നും തങ്ങള്‍ പറഞ്ഞു. 
ഈ സംഗമവും ഈ വിദ്യഭ്യാസ വിപ്ലവത്തിന്‌ സാക്ഷ്യം വഹിച്ച ഈ വലിയ മുറ്റവും നമ്മെ പഴയ ബഗ്‌ദാദും കൊര്‍ദോവയുമെല്ലാം ഓര്‍മിപ്പിക്കുന്നു. ഓര്‍മകള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക്‌ കരുത്തുപകരട്ടെ. തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


ആത്മീയ ചൂഷണത്തെ കരുതിയിരിക്കുക: ചെറുശ്ശേരി


മലപ്പുറം : വ്യാജ ആത്മീയതയുടെ മൂടുപടങ്ങള്‍ വലിച്ച്‌ കീറാന്‍ കേരളത്തിലെ പ്രബുദ്ധരായ മുസ്‌ലിംകള്‍ ധൈര്യം കാണിക്കണമെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി മഹാസമ്മേളന സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
അനര്‍ഹരെ മഹത്വവല്‍ക്കരിക്കല്‍ ദോഷം ചെയ്യും.വിശ്വാസ വ്യതിയാനത്തിലേക്ക്‌ വരെ അത്‌ നയിക്കുമെന്നും സമൂഹം ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ഇനി നമ്മുടെ പുരോഗമനങ്ങള്‍ കേരളത്തിനപ്പുറമെത്തണം. ദേശീയോല്‍ഗ്രഥനത്തിനും അഖണ്‌ഢതക്കും കരുത്ത്‌ പകര്‍ന്ന്‌ പുതിയ കവാടങ്ങള്‍ തുറക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിന്തിപ്പിച്ചും രസിപ്പിച്ചും ടീനേജേഴ്‌സ്‌ മീറ്റ്‌

ചെമ്മാട്‌ : വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള പുതുചിന്തകള്‍ പകര്‍ന്ന്‌ ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന ടീനേജ്‌ മീറ്റ്‌ സമാപിച്ചു. ഇന്നലെ രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ നാലു മണി വരെ മീറ്റ്‌ നീണ്ടുനിന്നു. പ്രശസ്‌ത എഴുത്തുകാരന്‍ പികെ പാറക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. കൗമാരമാണ്‌ വ്യക്തിയെ നിയന്ത്രിക്കുന്നതെന്നും ചെറുപ്പക്കാര്‍ വായനയെ വളമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപ്പാറ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ `ഫ്രൂട്ട്‌സ്‌ അറ്റ്‌ ദി റൂട്ട്‌സ്‌' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ശിയാസ്‌ അഹ്‌മദ്‌ ഹുദവി, പികെ ശരീഫ്‌ ഹുദവി എന്നിവരുടെ പ്രബന്ധാവതരണങ്ങളും മീറ്റിന്‌ മിഴിവേകി. 



പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കരിയര്‍ തെരഞ്ഞെടുക്കുന്നതിലുള്ള ആശങ്കകളകറ്റുകയായിരുന്നു ടീനേജ്‌ഴ്‌സ്‌ മീറ്റിന്റെ ലക്ഷ്യം. വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഉന്നതപഠനം ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മീറ്റ്‌ വഴിവെളിച്ചമായി. 


150 യുവപണ്ഡിതര്‍ കര്‍മഗോദയില്‍

മലപ്പുറം : ദാറുല്‍ ഹുദായില്‍ നിന്നും പന്ത്രണ്ടു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ 150 യുവ പണ്ഡിതര്‍ കര്‍മരംഗത്തിറങ്ങി. ദാറുല്‍ ഹുദായിലെ പന്ത്രണ്ട്‌, പതിമൂന്ന്‌ ബാച്ചുകളിലായി പഠനം നടത്തിയവരും ബംഗാള്‍, ആസാം, ഗുജറാത്ത്‌, കര്‍ണാടക, മഹാരാഷ്‌ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ വിദ്യാര്‍ത്ഥികളും മമ്പുറം സയ്യിദ്‌ അലവി മൗലദ്ദവീല ഹിഫ്‌ള്‌ കോളേജിലെ 41 ഹാഫിളുകളുമാണ്‌ ഇന്നലെ നടന്ന പതിമൂന്നാം സനദ്‌ദാന സമ്മേളനത്തില്‍ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളില്‍ നിന്നും മൗലവി ഫാദില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങിയത്‌. 
അക്കാദമി എന്ന നിലയില്‍ നിന്നും ഒരു യൂനിവേഴ്‌സിറ്റിയായി ദാറുല്‍ ഹുദാ അപ്‌ഗ്രേഡ്‌ ചെയ്യപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ സനദ്‌ദാന സമ്മേളനമാണ്‌. സമ്മേളനം ദാറുല്‍ ഹുദാ പ്രൊ ചാന്‍സലരും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ന്യൂസിലന്റിലെ ഓക്‌ലാന്റ്‌ മഊനതുല്‍ ഇസ്‌ലാം ട്രസ്റ്റ്‌ സെക്രട്ടറി ജനറല്‍ അബ്‌ദുല്‍ കരീം എ. സ്വമദ്‌ മുഖ്യാതിഥിയായിരുന്നു. 
സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്‌ത്രം കൈമാറി. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ ടി.കെ.എം ബാവമുസ്‌ലിയാര്‍, യു.എം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ കാസര്‍ഗോഡ്‌, സമസ്‌ത മുശാവറ അംഗങ്ങളായ ഉമര്‍ മുസ്‌ലിയാര്‍ കാപ്പ്‌, മുഹമ്മദ്‌ മുസ്‌ലിയാര്‍ എരമംഗലം, നന്തി ദാറുസ്സലാം സെക്രട്ടറി എ.വി അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പല്‍ അബ്‌ദുസ്സ്വമദ്‌ ഫൈസി, പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക്‌ കോളജ്‌ പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ്‌ ദാരിമി എന്നിവര്‍ സംബന്ധിച്ചു.


തിന്മകള്‍ക്കെതിരെ പോരാടാന്‍ പ്രതിജ്ഞയെടുക്കുക: മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍

തിന്മകള്‍ക്കെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുക്കണമെന്ന്‌ ഹൈദരാബാദ്‌ ഇ.ടി.വി ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍. തിന്മകളോട്‌ സന്ധിചെയ്യാതിരിക്കുക എന്നതാണ്‌ വിദ്യാര്‍ത്ഥിത്വത്തിന്റെ ഏറ്റവും വലിയ ഗുണം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവിക നന്മകളെ ഉയര്‍ത്തിക്കാട്ടാനും അത്‌ സമൂഹത്തിലേക്കെത്തിക്കാനും പുതുതലമുറ കഠിന യത്‌നം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടന്ന നാഷണല്‍ സ്റ്റുഡന്റ്‌സ്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
`ഇസ്‌ലാമിക വ്യക്തിത്വ നിര്‍മിതി' എന്ന പ്രമേയത്തില്‍ മുംബൈ ഖുവ്വത്തുല്‍ ഇസ്‌ലാം ലക്‌ചറര്‍ ആസ്വിഫ്‌ അക്തര്‍ ഹുദവി, റാശിദ്‌ നിസാമി കൂളിവയല്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ച്‌ സംസാരിച്ചു. വിദ്യാഭ്യാസം കച്ചവടച്ചെരക്കായി മാറിയ കാലത്ത്‌ മതവിദ്യാഭ്യാസമാണ്‌ മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും സംസ്‌കാരം വളര്‍ത്തുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. അന്യരെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പെരുമാറ്റവും വിട്ടുവീഴ്‌ചാ മനോഭാവവുമാണ്‌ വ്യക്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ മൂല്യങ്ങളായി ഇസ്‌ലാം പഠിപ്പിക്കുന്നത്‌. മുഖപ്രസന്നത കാണിക്കുന്നതു പോലും ധര്‍മമാണെന്നാണ്‌ പ്രവാചകാധ്യാപനം. ഇന്ന്‌ ഏറ്റവുമധികം കുറഞ്ഞുവരുന്നതും അതുതന്നെയാണ്‌. ഇസ്‌ലാമികമായ ഈ അധ്യാപനങ്ങളെ നെഞ്ചേറ്റുകയാണ്‌ വിദ്യാര്‍ത്ഥിത്വത്തിന്റെ ധര്‍മം. സംഗമം വിലയിരുത്തി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. ദാറുല്‍ ഹുദാ ലക്‌ചറര്‍ എ.പി മുസ്‌തഫ ഹുദവി അരൂര്‍ അധ്യക്ഷത വഹിച്ചു. മുസ്‌തഖീം ഫൈസി ബീഹാര്‍ ആമുഖ ഭാഷണവും അക്‌റമുല്ലാ ഖാന്‍ ഹുദവി മൈസൂര്‍ ഉപസംഹാരവും നിര്‍വഹിച്ചു.


പുതു പ്രതീക്ഷകള്‍ നല്‍കി നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌

മലപ്പുറം : ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്നേറ്റത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്‌ നാഷണല്‍ ലീഡേഴ്‌സ്‌ ഡയലോഗ്‌ സമാപിച്ചു. മുസ്‌ലിംകളുടെ ദേശീയ രംഗത്തെ നിലവാരം ഏറെ ദയനീയമാണെന്നും മത-ഭൗതിക വിദ്യാഭ്യാസത്തിലൂടെ അതിന്‌ പരിഹാരം കാണണമെന്നും സംഗമം ആവശ്യപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടന്ന ക്യാമ്പ്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുന്‍ വൈസ്‌ ചെയര്‍മാന്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
`മുസ്‌ലിം ഇന്ത്യ: മുന്നോട്ടുള്ള വഴി' എന്ന പ്രമേയത്തില്‍ നടന്ന ലീഡേഴ്‌സ്‌ ഡയലോഗില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്‌ട്രീയ-മത-സാമൂഹിക രംഗങ്ങളിലെ മുസ്‌ലിം നേതാക്കള്‍ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ റസായെ മുസ്‌തഫാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഗുലാം മുസ്‌തഫാ ഖാദിരി മുഖ്യാതിഥിയായിരുന്നു. തമിഴ്‌നാട്‌ അല്‍അമീന്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. അബ്‌ദുല്ലാ, കര്‍ണാടക ഷാ ജമാഅത്ത്‌ അറബിക്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ മൗലാനാ ലുക്‌മാന്‍, ആസാം മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ദിലേര്‍ ഖാന്‍, മൗലാനാ റഫീഖ്‌ ബാംഗ്ലൂര്‍, മൗലാനാ മുഫ്‌തി മുനീഫ്‌ ആലം ശേറൂര്‍, ബാംഗ്ലൂര്‍ ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ മൗലാനാ ശബീര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി റിസര്‍ച്ച്‌ സ്‌കോളര്‍ കെ.എം ബഹാഉദ്ദീന്‍ ഹുദവി പ്രബന്ധമവതരിപ്പിച്ചു. ന്യൂഡല്‍ഹി ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റിയിലെ സഈദ്‌ ഹുദവി നാദാപുരം ആമുഖ ഭാഷണവും ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ തലവന്‍ മുഹമ്മദ്‌ ആസിഫ്‌ ഹുദവി കുടക്‌ ഉപസംഹാരവും നിര്‍വഹിച്ചു.


മതം വിദ്വേഷത്തെ പ്രേരിപ്പിക്കുന്നില്ല: കെ.വി തോമസ്‌

മലപ്പുറം : മതങ്ങള്‍ വിദ്വേഷത്തെയും വൈരാഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന്‌ കേന്ദ്ര ഭക്ഷ്യവകുപ്പു സഹമന്ത്രി പ്രൊഫ. കെ.വി തോമസ്‌. ഇസ്‌ലാം എതിരു നില്‍ക്കുന്ന വിദ്വേഷത്തെയും അക്രമമാര്‍ഗ്ഗത്തെയും ഇസ്‌ലാമിന്റെ മേല്‍ കെട്ടിവെക്കുന്ന സമീപനമാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. എല്ലാ മതത്തെയും അംഗീകരിക്കുകയും സഹിഷ്‌ണുതയോടെ കാണുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ സന്ദേശം എല്ലായിടത്തും എത്തിക്കാന്‍ നാം സന്നദ്ധരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നടന്ന വ്യക്തി-കുടുംബം-സമൂഹം സെഷന്‍ `തദ്‌കിറ' ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

`റിമോട്ട്‌ പാരന്റിംഗ്‌' എന്ന വിഷയത്തില്‍ സര്‍ സയ്യിദ്‌ തളിപ്പറമ്പ്‌ പ്രഫസര്‍ പി.ടി അബ്‌ദുല്‍ അസീസും `സാമൂഹിക മാറ്റവും മുസ്‌ലിം കുടുംബവും' എന്ന വിഷയത്തില്‍ അലിഗഡ്‌ മലപ്പുറം ഓഫ്‌ കാമ്പസ്‌ അസി. പ്രൊഫസര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്‌ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 



ദാറുല്‍ ഹുദാ വൈസ്‌ പ്രസിഡന്റ്‌ എസ്‌.എം. ജിഫ്‌രി തങ്ങള്‍ കക്കാട്‌ അധ്യക്ഷത വഹിച്ചു. ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍ പ്രതിനിധി ആകിഫ്‌ കനോലിസി ഗാസിയന്‍താബ്‌ മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീര്‍, കെ.പി.എ മജീദ്‌, കേരളാ വഖ്‌ഫ്‌ ബോര്‍ഡ്‌ മെമ്പര്‍മാരായ അഡ്വ. കെ. സെയ്‌താലിക്കുട്ടി, അഡ്വ. കെ.എ ഹസന്‍, അഡ്വ. പി. സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. യെസ്‌ ഇന്ത്യാ ഡയറക്‌ടര്‍ ശാനവാസ്‌ ഹുദവി അമേട്ടിക്കര ആമുഖവും ദാറുല്‍ ഹുദാ ലക്‌ചറര്‍ സി.എച്ച്‌ ശരീഫ്‌ ഹുദവി ഉപസംഹരവും നിര്‍വഹിച്ചു. 


ശാസ്‌ത്രസാങ്കേതികവിദ്യയുടെ ക്രിയാത്മക ഉപയോഗം സമൂഹത്തില്‍ മാറ്റം വരുത്തും: അബൂദര്‍ അകികോസ്‌

മലപ്പുറം : വിവര സാങ്കേതികവിദ്യയുടെ ഉപയോഗം പുതിയ കാലത്തെ ഇസ്‌ലാമിക മുന്നേറ്റത്തിന്‌ ഒഴിച്ചുകൂടാനാവാത്തതാണെന്നും സാമൂഹിക മാറ്റത്തിന്‌ അത്‌ അനിവാര്യമാണെന്നും ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ കള്‍ച്ചര്‍ പ്രതിനിധി അബൂദര്‍ അകിക്കോസ്‌ സില്‍വ. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ നടന്ന സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ശാസ്‌ത്രങ്ങളും ഉത്ഭവിച്ചത്‌ ദൈവത്തില്‍ നിന്നാണ്‌. ദൈവികമായ അടിത്തറയുള്ള ശാസ്‌ത്രങ്ങള്‍ക്കു മാത്രമേ ശരിയായ നിലനില്‍പുള്ളൂ. അദ്ദേഹം പറഞ്ഞു.

സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡി.പി.സി.സി സെക്രട്ടറി കെ.എന്‍ ജയരാജന്‍ വിശിഷ്‌ടാതിഥിയായിരുന്നു. ആത്മവിശ്വാസമുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്‌ മാത്രമേ സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനാവൂ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ചിന്തയും മനുഷ്യസ്‌നേഹവും മുഖമുദ്രയാക്കി രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക്‌ വിദ്യാര്‍ത്ഥികള്‍ രംഗത്തു വരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടു.



`ശാസ്‌ത്രസാങ്കേതികവിദ്യയുടെ ഇസ്‌ലാമിക മാനം', `ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ക്രിയാത്മക ഉപയോഗം' എന്നീ വിഷയങ്ങളില്‍ റിയാദിലെ അശ്ശഖ്‌റ യൂനിവേഴ്‌സിറ്റി ലക്‌ചറര്‍ അബ്‌ദു റഊഫ്‌ ഹുദവി അഞ്ചച്ചവടി, ദാറുല്‍ ഹുദാ രജിസ്‌ട്രാര്‍ സുബൈര്‍ ഹുദവി ചേകനൂര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.
കെ. കുട്ടി അഹമ്മദ്‌ കുട്ടി എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ.എന്‍.എ ഖാദര്‍, സി. മമ്മുട്ടി, ബെഞ്ച്‌മാര്‍ക്ക്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്‌ടര്‍ ഹാരിസ്‌ ഹുദവി മടപ്പള്ളി, പി.കെ നാസര്‍ ഹുദവി കൈപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. 


ഫിഖ്‌ഹിന്റെ പുനര്‍വായന കാലഘട്ടത്തിന്റെ ആവശ്യം : സെമിനാര്‍

മലപ്പുറം : പുതിയ കാലത്തെ സമസ്യകള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ഇസ്‌ലാമിക കര്‍മശാസ്‌ത്രങ്ങളുടെ കാലോചിത വായന ആവശ്യമാണെന്ന്‌ ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ ഇന്നലെ നടന്ന ഫിഖ്‌ഹ്‌ കോണ്‍ഫറന്‍സ്‌ അഭിപ്രായപ്പെട്ടു. സമകാലിക പ്രശ്‌നങ്ങളിലെ കര്‍മശാസ്‌ത്ര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌ത സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധനേടി. സാമ്പത്തിക മേഖലയിലെ ചൂഷണ സംരംഭങ്ങളെ തിരിച്ചറിയുകയും അവയില്‍ നിന്ന്‌ പൊതുസമൂഹം അകന്നുനില്‍ക്കുകയും ചെയ്യണം. വഞ്ചനയുടെയും ചൂഷണത്തിന്റെയും വലവിരിച്ച്‌ പല പുതിയ ബിസിനസ്സ്‌ രീതികളും ഇന്ന്‌ പ്രചരിക്കുന്നുണ്ട്‌. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെടുന്നതിനു മുമ്പ്‌ അവയിലെ മതകീയ കാഴ്‌ചപ്പാടുകള്‍ മനസ്സിലാക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും മതാധ്യാപനങ്ങളെ ഉള്‍കൊള്ളുന്നതും മൂല്യാധിഷ്‌ഠിതവും ആയിരിക്കണമെന്നും കോണ്‍ഫറന്‍സ്‌ ആവശ്യപ്പെട്ടു.

പുതിയ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ശിക്ഷാ നടപടികള്‍ യഥാവിധി നടപ്പിലാക്കാതിരിക്കുന്നത്‌ ഇതിന്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ശിക്ഷാനിയമങ്ങള്‍ കാലോചിതമായതും ശാസ്‌ത്രീയവുമാണ്‌. അത്‌ ഒരിക്കലും മനുഷ്യവിരുദ്ധമല്ല, മറിച്ച്‌ മാനവിക നന്മകളെ സംരക്ഷിക്കാനുതകുന്നതാണ്‌. കോണ്‍ഫറന്‍സ്‌ അഭിപ്രായപ്പെട്ടു.



സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ്‌ പ്രസിഡന്റ്‌ എം.ടി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ കലക്‌ടര്‍ പി.എം. ഫ്രാന്‍സിസ്‌, ദക്ഷിണ കന്നഡ ഖാദി ത്വാഖ അഹ്‌മദ്‌ മുസ്‌ലിയാര്‍ എന്നിവര്‍ വിശിഷ്‌ടാതിഥിയുമായിരുന്നു.
ഇസ്‌ലാമിലെ കര്‍മശാസ്‌ത്ര സമീപനങ്ങള്‍ സമ്പൂര്‍ണമാണെന്നും ഏതു കാലത്തോടും സംവദിക്കാന്‍ അതിന്‌ കഴിയുന്നുണ്ടെന്നും `ആധുനിക വിഷയങ്ങളിലെ കര്‍മശാസ്‌ത്ര കാഴ്‌ചപ്പാട്‌' എന്ന വിഷയത്തില്‍ സംസാരിച്ച കോഡിനേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ കോളേജസ്‌ കണ്‍വീനര്‍ ഹക്കീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു. `ഇസ്‌ലാമിലെ ശിക്ഷാനിയമങ്ങളിലെ അകപ്പൊരുള്‍', `മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്‌ ആന്റ്‌ കറന്‍സി ട്രേഡിംഗ്‌' എന്നീ വിഷയങ്ങളില്‍ ദാറുല്‍ ഹുദാ ലകചറര്‍മാരായ എ.പി മുസ്‌തഫ ഹുദവി അരൂര്‍, കെ.പി ജഅ്‌ഫര്‍ ഹുദവി കുളത്തൂര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 
ദാറുല്‍ ഹുദാ സെനറ്റ്‌ മെമ്പര്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സമസ്‌ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ ലക്‌ചറര്‍മാരായ കെ.സി മുഹമ്മദ്‌ ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. 


ന്യൂനപക്ഷത്തിന്റെ പോരാട്ടം വിദ്യാഭ്യാസത്തിനാവട്ടെ : വജാഹത്ത്‌ ഹബീബുള്ള

തിരൂരങ്ങാടി : ഇന്ത്യയുടെ വിശുദ്ധ ജനാധിപത്യ സംവിധാനത്തിലൂടെ ന്യൂനപക്ഷ സമുദായം മറ്റേതിനെക്കാളും വിദ്യാഭ്യാസത്തിനാണ്‌ ശ്രമിക്കേണ്ടതെന്നും ന്യൂനപക്ഷ സമുദായത്തിന്റെ പോരാട്ടം വൈജ്ഞാനിക മുന്നേറ്റത്തിനാവട്ടെയെന്നും കേന്ദ്ര ന്യൂപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജാഹത്ത്‌ ഹബീബുള്ള. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ നടന്ന തഖ്‌വിയ സെഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സമഗ്രമായ പതിനഞ്ചിന പരിപാടിയും സര്‍ക്കാര്‍ ന്യൂനപക്ഷത്തിനായി സംവരണം ചെയ്‌ത ആനുകൂല്യങ്ങളും യഥാവിധി വിനിയോഗിക്കുകയാണെങ്കില്‍ രാജ്യത്ത്‌ ന്യൂനപക്ഷ സമുദായത്തിന്‌ എല്ലാ മേഖലകളിലും വന്‍കുതിച്ചുചാട്ടം തന്നെ നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
നിര്‍മലമായ ചിന്തയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും നിഷ്‌കളങ്കമായ മനസ്സുമാണ്‌ മനുഷ്യനെ യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലേക്ക്‌ നയിക്കുന്നത്‌. വിദ്യാഭ്യാസ മേഖലയില്‍ സങ്കുചിതമായ നിലപാട്‌ സ്വീകരിക്കാതെ വിശാലമനസ്‌കതയോടെ ആധുനികവും ഭൗതികവുമായ പുതുവിജ്ഞാനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമാണ്‌ കാലത്തോടൊപ്പം ഏത്‌ സമുദായത്തിനും സഞ്ചരിക്കാനാ സാധ്യമാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാറുല്‍ഹുദായെ പോലെയുള്ള സമഗ്രമായ മതഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനം തീര്‍ത്തും വ്യക്തമായ ദീര്‍ഘദൃഷ്‌ടിയില്‍ നിന്നും ശരിയായ ചിന്തയില്‍ നിന്നും ഉടലെടുത്തതാണെന്നും അത്തരം സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. `പണ്ഡിതനേതൃത്വത്തിന്റെ തണലില്‍' എന്ന വിഷയത്തില്‍ എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, `മുസ്‌ലിം സമുദായത്തിലെ മാതൃകാ നേതൃത്വം' എന്ന വിഷയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്‌ടര്‍ റഹ്‌മത്തുല്ല ഖാസിമി മൂത്തേടം, `കേരളത്തിലെ സയ്യിദ്‌ കുടുംബ നേതൃത്വം' എന്ന വിഷയത്തില്‍ ചന്ദ്രിക അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി സൈതലവി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. 
എം.പി മുസ്‌തഫല്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, അഫ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, റഫീഖ്‌ അഹ്‌മദ്‌ തിരൂര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ ലക്‌ചറര്‍ സി. യൂസുഫ്‌ ഫൈസി ആമുഖ ഭാഷണവും ഡല്‍ഹി യൂനിവേഴ്‌സിറ്റി അസി. പ്രഫസര്‍ നവാസ്‌ നിസാര്‍ ഉപസംഹാരവും നിര്‍വഹിച്ചു.


ദേശീയ മാധ്യമങ്ങള്‍ സാമുദായിക ഉദ്‌ഗ്രഥനത്തിന്‌ ശക്തിപകര്‍ന്നു: നിഅ്‌മതുല്ലാ ഹമീദി

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനതത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട്‌ നടന്ന ആള്‍ ഇന്ത്യാ ഉര്‍ദു മീഡിയാ ഡയസ്‌ സഹാറ ഡെയ്‌ലി ചീഫ്‌ എഡിറ്റര്‍ നിഅ്‌മതുല്ലാ ഹമീദി ഉദ്‌ഘാടനം ചെയ്‌തു. ദേശീയ ഉര്‍ദു മാധ്യമങ്ങള്‍ ഇന്ത്യയുടെ ദേശീയ മുന്നേറ്റത്തിലും സാമുദായിക ഉദ്‌ഗ്രഥനത്തിലും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗമനത്തിന്‌ വേഗം നല്‍കാനും പാര്‍ശ്വവല്‍കരണത്തില്‍ നിന്നും അവരെ മോചിപ്പിക്കാനും ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലപ്രദമായ സംവാദങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമായ സെമിനാറില്‍ `ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യ-വിദ്യാഭ്യാസ പുരോഗതിയില്‍ മാധ്യമങ്ങളുടെ പങ്ക്‌' എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി പ്രബന്ധമവതരിപ്പിച്ചു. ഇ-ടി.വി ഉര്‍ദു ചെയര്‍മാന്‍ മുഫ്‌തി മുഹമ്മദ്‌ സല്‍മാന്‍ മുഖ്യാതിഥിയായിരുന്നു. പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ആകാശവാണി വാര്‍ത്താവതാരകന്‍ അബ്‌ദുല്ല ഹുദവി എടച്ചലം, ന്യൂഡല്‍ഹി ബത്‌ഹ ചീഫ്‌ എഡിറ്റര്‍ ഡോ. ഹാഫിസ്‌ അഹ്‌മദ്‌ ഹസന്‍ റസ്‌വി, അബ്‌ദുല്‍ മജീദ്‌ ഹുദവി അല്‍ജസീറ-ഖത്തര്‍, മുഫ്‌തി മുശ്‌താഖ്‌ അഹ്‌മദ്‌ നിസാമി ഹൈദരാബാദ്‌, തമിഴ്‌നാട്‌ മുസ്‌ലിംലീഗ്‌ പ്രസിഡന്റ്‌ ഹസന്‍ ബാബു, മുംബൈ മിഷന്‍ കേസരി ചീഫ്‌ എഡിറ്റര്‍ അന്‍സാരി മഹ്‌ബൂബ്‌, മഹ്‌ബൂബ്‌ ഹുസൈന്‍ ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു. 

No comments:

Post a Comment