Sunday, May 1, 2011

സമസ്ത 85ാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 23, 24, 25 തീയതികളില്‍ മലപ്പുറത്ത്

കേരള മുസ്ലിംകളുടെ മത, സാമൂഹിക വൈജ്ഞാനിക നവോത്ഥാനത്തിന്റെ ചാലകശക്തിയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85ാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 23, 24, 25 തീയതികളില്‍ മലപ്പുറത്ത് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. മലപ്പുറം സുന്നിമഹല്‍ പരിസരത്ത് സാദാത്തുക്കളും പണ്ഡിത നേതൃത്വവും നിറഞ്ഞ വേദിയിലായിരുന്നു പ്രഖ്യാപനം. നിറഞ്ഞ സദസ്സ് തക്ബീര്‍ ധ്വനികളോടെ പ്രഖ്യാപനം ഏറ്റെടുത്തു. "സത്യസാക്ഷികളാവുക" എന്ന പ്രമേയം ഉയര്‍ത്തി സമസ്ത സ്ഥാപകന്‍ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നാമധേയത്തിലുള്ള നഗരിയിലാണ് ജനലക്ഷങ്ങള്‍ സംഗമിക്കുന്ന സമ്മേളനം നടക്കുക. സമസ്ത വൈസ് പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ കരുതിയിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പണ്ഡിതരും സാദാത്തുക്കളും പടുത്തുയര്‍ത്തിയ മഹിത സംഘടനയാണ് സമസ്ത.സമസ്തയുടെയും അതിന്റെ നേതാക്കളുടെയും പേരുകള്‍ ദുരുപയോഗം ചെയ്ത് സമസ്തക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കുതന്ത്രങ്ങളിലൂടെ തങ്ങളുടെ വിപണിക്ക് മാര്‍ക്കറ്റ് കണ്ടെത്തുന്നവരാണ്.ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമൂഹത്തില്‍ ഭിന്നിപ്പിന്റെ വിഷവിത്ത് പാകി മതരംഗം മലീമസമാക്കുന്നവരെ സൂക്ഷിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ മതചൈതന്യത്തിന്റെയും വൈജ്ഞാനിക വിപ്ലവത്തിന്റെയും ശില്‍പി കൂടിയായ സമസ്ത 2011 ല്‍ കര്‍മനൈരന്തര്യത്തിന്റെ എട്ടരപതിറ്റാണ്ട് പിന്നിടുകയാണ്. മുസ്ലിം ജനസാമാന്യത്തിന് വിശ്വാസപരവും ആദര്‍ശപരവുമായ ദിശാബോധം നല്‍കുന്നതിലും മതഭൗതിക മേഖലകളില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കുന്നതിലും മുന്നില്‍ നിന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1926 ലാണ് രൂപീകൃതമായത്. യുവജന വിദ്യാര്‍ത്ഥി, മുഅല്ലിം വിഭാഗങ്ങളുടെയും മഹല്ല് ഭരണരംഗത്തുള്ളവരുടെയും കൂട്ടായ്മകളായ പോഷകസംഘടനകള്‍ പണ്ഡിത സംഘടനയായ സമസ്തയെ ബഹുജനപ്രസ്ഥാനമാക്കി മാറ്റി.
പ്രഖ്യാപന സമ്മേളനത്തില്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.ടി. അബ്ദുല്ല മുസല്യാര്‍, കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്ലിയാര്‍, പി. കുഞ്ഞാണി മുസ്ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, ടി.പി. ഇപ്പ മുസ്ലിയാര്‍, ഒ. കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment