Thursday, February 17, 2011

സി.എം. സൂര്യചന്ദ്രന്മാരുടെ പ്രേമഭാജനം


ചരിത്രാധീത കാലം മുതല്‍ക്കേ ഗോളശാത്രം (Astronomy) മുസ്ലിംകള്‍ക്കിടയില്‍ സാര്‍വത്രികമായിരുന്നു. യവന സങ്കല്‍പ്പങ്ങള്‍ക്കും ഇന്ത്യന്‍ നിഗമനങ്ങള്‍ക്കുമപ്പുറം ഈ മേഖലയെ പ്രായോഗികമായി വികസിപ്പിച്ചത് മധ്യകാല മുസ്ലിംകളാണ്. ഗ്രീക്കുകാരില്‍ നിന്നും ഭിന്നമായി അബ്ബാസിയ ഭരണകാലത്ത് ഒബ്സര്‍വേറ്ററികള്‍ വ്യാപകമായതോടെ ഗോളസംബന്ധിയായ പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ മേച്ചില്‍പുറങ്ങള്‍ തേടിത്തുടങ്ങി. ആകാശഗോളങ്ങളെക്കുറിച്ച്. ഖുര്‍ആന്‍ പുറത്തുവിട്ട പല അത്ഭുതങ്ങളായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചിരുന്നത്. അന്ന് വളരെ വ്യാപകവും വിസ്മൃതവുമായിരുന്നു ഈ പഠനങ്ങളുടെ ഭൂമിക. ഭൌമോപരിതലം വിട്ട് ബാക്കിയെല്ലാം അവരുടെ പഠനവിഷയങ്ങളായിരുന്നു. വളരെ കാര്യക്ഷമമായി ഈ പഠനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു.

കാലാന്തരത്തില്‍ ഇത്തരം പഠനങ്ങള്‍ പുതിയ ശൈലി പ്രാപിച്ചു. മേഖലകളുടെ വൈപുല്യവും സങ്കീര്‍ണതയും കണക്കിലെടുത്ത് ഇവ വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ആകാശത്തെ ഓരോ മേഖലയും ഓരോ ശാസ്ത്രങ്ങളായി മാറി. ഇവ ഓരോന്നിനെക്കുറിച്ചും പഠിക്കാന്‍ ഓരോ വിഭാഗങ്ങള്‍ രംഗത്തുവന്നു. മുസ്ളിംകളെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തങ്ങളുടെ നിരീക്ഷണ മേഖലയായിരുന്നു.

കേരള മുസ്ലിം ചരിത്രത്തില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നടന്ന ഗോളശാസ്ത്ര പഠനങ്ങളിലേക്കും ഈ മേഖലയെ ഗ്രന്ഥരചനകളിലേക്കും ചേര്‍ത്തു‍നോക്കുമ്പോള്‍ ഗോളശാസ്ത്ര മേഖലയില്‍ സി.എം. അബ്ദുല്ല മൌലവിയുടെ സംഭാവനകള്‍ അതിമഹത്തരമായി കാണാവുന്നതായണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിവെച്ച ചിന്തകളുടെ പരിപൂര്‍ത്തീകരണമാണ് സി.എമ്മിലൂടെ നടന്നിരുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും. ചാലിലകത്തിനുശേഷം സി.എം. വരെയുള്ള ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ (ചാലിലകത്ത് മരണം: 1919, സി.എം. മരണം: 2010) കേരളത്തിലെ ഗോളശാസ്ത്ര മേഖലയെടുത്ത് പരിശോധിച്ചാല്‍ ഈ മേഖലയില്‍ ഇത്രമാത്രം ഗ്രന്ഥങ്ങള്‍ രചിക്കുകയും ലേഖനങ്ങളെഴുതുകയും പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ഏക വ്യക്തി സി.എം. അബ്ദുല്ല മൌലവി തന്നെയായിരിക്കും. ‘ഇല്‍മുല്‍ ഫലക്കിനെ’ ഹൃദയം കൊണ്ടേറ്റുവാങ്ങുകയും തന്റെ ജീവിതകാലം ഏറെയും ഗോളശാസ്ത്ര പഠനങ്ങള്‍ക്കായി ഉഴിഞ്ഞുവെക്കുകയും പ്രകൃതിയിലേക്ക് നോക്കുക; പ്രകൃതിയെ കണ്ട് പഠിക്കുക എന്ന ദൈവീക ഗ്രന്ഥ കല്‍പനകളെ ജീവിതത്തിലുടനീളം ജീവിച്ചുകാണിക്കുകയും ചെയ്ത മറ്റൊരു വ്യക്തിത്വം ഒരുപക്ഷെ ചരിത്രത്തില്‍തന്നെ വിരളമായിരിക്കും.

ഒരുകാലത്ത് രിസാല, ഖിബ്ല എന്നൊക്കെ പറയപ്പെടുമ്പോള്‍ ചാലിലകത്ത് സ്മരിക്കപ്പെട്ടിരുന്നത് പോലെ ഗോളശാസ്ത്രം, ഇല്‍മുല്‍ ഫലക്ക് എന്ന് പറയപ്പെടുമ്പോഴെല്ലാം ഈയടുത്ത കാലങ്ങളില്‍ മുസ്ലിം കേരളം സ്മരിച്ചിരുന്നത് ചെമ്പിരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൌലവിയെയാരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലിറങ്ങിയിരുന്ന മാസിക, വാരിക, സുവനീറുകളിലെല്ലാം സി.എമ്മിന്റെ ഒരു ഗോളശാസ്ത്ര ലേഖനം നിര്‍ബന്ധമായി കാണപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ഇല്‍മുല്‍ ഫലക്കിന്റെ മറ്റൊരു പേരായി മാറി സി.എം. അബ്ദുല്ല മൌലവി.

ചിന്തകളും ബുദ്ധിയും ഉപയോഗിച്ചുകൊണ്ടുള്ള പഠനങ്ങളായിരുന്നു പഠിക്കുന്ന കാലം തൊട്ടേ സി.എമ്മിനേറെ ഇഷ്ടം. ഗണിതത്തിലും സയന്‍സിലുമുള്ള താത്പര്യം ആസ്ട്രോണമിയില്‍ എത്തപ്പെടുകയായിരുന്നു. അതോടൊപ്പം ഇസ്ളാമിലെ ഗോളശാസ്ത്രം കൂടി ചേര്‍ത്തവെച്ചപ്പോള്‍ അതിനു പുതിയൊരു ലയവും താളവും കൈവരികയായിരുന്നു. കാഞ്ഞങ്ങാട് ഖാസിയായിരുന്ന യു.കെ. ആറ്റക്കോയ തങ്ങളില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ടചില ഗ്രന്ഥങ്ങള്‍ അദ്ദേഹം പഠിക്കുന്നത്. പിന്നീട് നെല്ലിക്കുന്ന് ദര്‍സില്‍ മുദരീസായി സേവനം ചെയ്യുന്ന കാലത്തായിരുന്നു ഇതിന്റെ അനന്തസാധ്യതകളിലേക്കദ്ദേഹം ഊര്‍ന്നിറങ്ങുന്നത്. അതോടുകൂടി ഖിബ് ല നിര്‍ണയത്തെക്കുറിച്ചും ദിശാവ്യതിയാനത്തെക്കുറിച്ചും ഗോളങ്ങളുടെ ചാക്രികചലനങ്ങളെക്കുറിച്ചും അടിസ്ഥാനമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ സ്വായത്തമാക്കി. പിന്നീട് സാഹചര്യവും സമയവുമനുസരിച്ച് ആ വിഷയങ്ങളില്‍ കൂടുതല്‍ പഠിക്കുകയും താന്‍ പഠിച്ചതൊക്കെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു.

എം.ഐ.സിയില്‍ സി.എമ്മിന്റെ ഓഫീസിനു മുന്നില്‍ ഉണ്ടാക്കപ്പെട്ട നിരീക്ഷണാലയമാണ് ആരെയും വിസ്മയിപ്പിക്കുന്ന അത്ഭുത കാഴ്ച. നിഴലും വെയിലും ആകാശവും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ നിരീക്ഷണ വിധേയമാക്കാനായി അദ്ദേഹം അവിടെ വലിയൊരു തറ പണി കഴിപ്പിച്ചിരുന്നു. അതിന്റെ മുകളില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളധികവും. നിരീക്ഷണങ്ങളുദ്ദേശിക്കുന്ന ദിവസങ്ങളില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോഴെല്ലാം അദ്ദേഹം കാമ്പസില്‍ എത്തുമായിരുന്നു. താമസിയാതെ ബാഗില്‍ നിന്നും നിരീക്ഷണ സാമഗ്രികളെടുക്ത് തറയ്ക്കടുത്ത് വരികയും തന്റെ ദൌത്യങ്ങള്‍ നട്ടുച്ചവരേക്കും തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തിരുന്നു. ഗലീലിയോ ദൂരദര്‍ശന്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് ഇതുപോലുള്ള പരീക്ഷണങ്ങള്‍ക്ക് അദ്ദേഹവും പാത്രമായിരുന്നിരിക്കാം. വീരപുരുഷന്‍മാര്‍ തന്നെയായിരുന്നുല്ലോ എപ്പോഴും രക്തസാക്ഷികള്‍.

No comments:

Post a Comment