Tuesday, April 26, 2011

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതം: സമസ്ത

സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രടറി സ്ഥാനത്ത് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ തുടരുന്നതിനെതിരെ ഇന്നേവരെ ഒരു കോടതിയിലും വിലക്ക് നിലനില്‍കുന്നില്ലെന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും സമസ്ത വിരോധികളുടെ സ്യഷ്ടിയുമാണ്.
ടി.സി.മുഹമ്മദ് മുസ്ലിയാര്‍ എന്നൊരാള്‍ 1988-ല്‍ സമസ്തക്കും ശംസുല്‍ ഉലമാ ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ക്കും എതിരെ ബഹു: കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ OS-697/88 നമ്പറായി കൊടുത്ത കേസ് പ്രസ്തുത കോടതി തള്ളുകയും അതിന്നു ശേഷം ബഹു:ജില്ലാ കോടതിയിലും, കേരള ഹൈകോടതിയിലും അദ്ദേഹം കൊടുത്തിരുന്ന അപ്പീലുകളും തള്ളിക്കൊണ്‍ട് സമസ്തക്ക് അനുകൂലമായി വിധി പറയുകയാണുണ്‍ടായത്.
ടി.സി.മുഹമ്മദ് മുസ്ലിയാരുടെ മേല്‍ നമ്പ്ര് കേസ് മുന്‍സിഫ് കോടതി 6-11-1993-ന് തള്ളി ഉത്തരവിട്ട തൊട്ടടുത്ത ദിവസമായ 10-11-1993-ന് ടി.സി.മുഹമ്മദ് മുസ്ലിയാരുടെ കേസിലെ അതേ വാദഗതികളും ആവശ്യങ്ങളും ഉന്നയിച്ചു എ.ത്വാഹാ മൗലവിയും, ബാപ്പുട്ടി ദാരിമി എന്നൊരാളും ബഹു: കോഴിക്കോട് സബ് കോടതിയില്‍ OS-773/93-നമ്പറായി കേസ് കൊടുക്കുകയുണ്‍ടായി. മേല്‍ കേസ് വിചാരണക്കുവരുന്നതിനു മുമ്പ് ടി.സിയുടെ കേസില്‍ ഹാജരാക്കിയ രേഖകള്‍ക്ക് പുറമെ അന്നേ തിയതിവരെ ഉപയോഗിച്ച മുശാവറയുടെയും, ജനറല്‍ കൗണ്‍സിലിന്‍റെയും മുഴുവന്‍ രേഖകളും സമസ്ത ഹാജരാക്കിയ കൂട്ടത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുശാവറ മിനുട്സ് Ext B 7 ആയും, ജനറല്‍ കൗണ്‍സില്‍ മിനുട്സ് Ext B 25 ആയും കോടതി പരിഗണിച്ചിട്ടുള്ളതാണ്.
സമസ്തയുടെ കീഴ്വഴക്ക പ്രകാരവും, 1934ല്‍ രജിസ്റ്റര്‍ ചെയ്ത നിയമാവലിയിലെ 6-J വകുപ്പിന്‍റെ അടിസ്ഥാനത്തിലും 29-8-1996 ന് ചേര്‍ന്ന മുശാവറ യോഗവും 15-09-1996 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും അഐക്യകണ്ഠേന ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതും മറ്റും നിയമാനുസ്യതമാണെന്ന് കണ്‍ട് സബ് കോടതി മേല്‍ അന്യായം തള്ളിയതുമാണ്. പ്രസ്തുത വിധിക്കെതിരെ അന്യായക്കാര്‍ ബഹു: കോഴിക്കോട് ജില്ലാ കോടതിയില്‍ കൊടുത്തിരുന്ന അപ്പീല്‍ ഈയിടെ ബഹു: കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ കോടതി മുമ്പാകെ പരിഗണനക്ക് വരികയും ഒരു വിധി പറയുകയും ഉണ്‍ടായി. പ്രസ്തുത വിധിയില്‍ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത് നിയമാനുസ്യതമല്ലെന്ന് പറഞ്ഞ കോടതി ഇരു ഭാഗക്കാരുടെയും വാദം കേട്ട ശേഷം അന്നുതന്നെ ആ പരാമര്‍ശം സ്റ്റേ ചെയ്യുകയാണുണ്‍ടായത്. ഈ സാഹചര്യത്തിലാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ക്കെതിരെ തെറ്റായ വാര്‍ത്ത ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതെന്നും പ്രസ്തുത വാര്‍ത്തയില്‍ ആരും വഞ്ചിതരാവരുതെന്നും ഇതിനാല്‍ അറിയിക്കുന്നു.

കോഴിക്കോട് , 21-04-2011 എന്ന്,
സമസ്ത കേരള ജംഇയ്യതുല്‍ ഉലമാക്ക് വേണ്ടി

കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, പ്രസിഡന്‍റ് (Sd/-)
സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, വൈസ് പ്രസിഡന്‍റ് (Sd/-)
സി.കോയക്കുട്ടി മുസ്ലിയാര്‍, വൈസ് പ്രസിഡന്‍റ് (Sd/-)
എം.ടി.അബ്ദുള്ള മുസ്ലിയാര്‍, വൈസ് പ്രസിഡന്‍റ് (Sd/-)
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി (Sd/-)
കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി (Sd/-)
പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്ലിയാര്‍, ട്രഷറര്‍ (Sd/-)

No comments:

Post a Comment